Sorry, you need to enable JavaScript to visit this website.

ജാതീയത അളവുകോലായ തെരഞ്ഞെടുപ്പ്


2017 ൽ പയറ്റിയ തന്ത്രത്തിന്റെ പൊള്ളത്തരം പിന്നോക്ക ജാതിക്കാർ തിരിച്ചറിഞ്ഞതോടെ അടുത്ത തെരഞ്ഞെടുപ്പിൽ വലിയ പ്രതിസന്ധിയാണ് ഇപ്പോൾ ബി.ജെ.പി നേരിടുന്നത്. പിന്നോക്ക സമുദായത്തിൽപെട്ട മൂന്ന് മന്ത്രിമാരും എം.എൽ.എമാരുമടക്കം ഒൻപത് പേർ  ബി.ജെ.പിയിൽ നിന്ന് രാജിവെച്ചിരിക്കുകയാണ്. പിന്നോക്ക സമുദായത്തെ യോഗി ആദിത്യനാഥ് സർക്കാർ വഞ്ചിച്ചിരിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. പിന്നോക്ക സമുദായക്കാർ തിരിച്ചടിച്ചാൽ വീണ്ടും അധികാരത്തിലെത്താമെന്ന ബി.ജെ.പിയുടെ മോഹം പൊളിയും. 

 

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നാണ് അടുത്ത മാസം ഉത്തർപ്രദേശിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. ഒരു നാടിന്റെ ഭരണം ആരുടെ കൈകളിലേൽപ്പിക്കണം എന്നതിനെക്കുറിച്ചുള്ള ജനഹിതം അറിയുകയും അത് നടപ്പാക്കുകയും ചെയ്യുകയെന്നതാണ് തെരഞ്ഞെടുപ്പിന്റെ ധർമം. എന്നാൽ ഉത്തർപ്രദേശിൽ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത് ജനഹിതമല്ല. മറിച്ച് ജാതി ഹിതമാണ്. ഏതെല്ലാം ജാതികൾക്കാണ് ശക്തിയെന്നറിയാനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഇവിടെ തെരഞ്ഞെടുപ്പ്. ജനങ്ങളല്ല, ജാതിയാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ജാതിയും മതവുമെല്ലാം ആധിപത്യം പുലർത്തുന്ന വർഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും ജീർണിച്ച മുഖമാണ് ഉത്തർപ്രദേശിലേത്. അവിടെ ആധിപത്യം പുലർത്തുന്ന രാഷ്ട്രീയ കക്ഷികൾക്ക്   ഇന്ത്യയുടെ അധികാരം കൈയാളുന്നതിലേക്ക് എത്തിച്ചേരുകയെന്നത് എളുപ്പമാണെന്ന് വരുമ്പോഴാണ് ഇന്ത്യൻ രാഷ്ട്രീയം എത്രത്തോളം ജാതീയമാണെന്ന് തിരിച്ചറിയുന്നത്.


ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ജാതിയുടെ സെൻസസാണ്. എറ്റവും കൂടുതൽ ശക്തിയുള്ള ജാതികളെ കൂടെ നിർത്തുന്നവർക്കാണ് ആ സംസ്ഥാനത്തിന്റെ ഭരണാധികാരം കിട്ടുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെയല്ല, മറിച്ച് ജാതികളെ കൂടെ നിർത്താനുള്ള മത്സരമാണ് തെരഞ്ഞെടുപ്പിൽ ഇവിടെ ഓരോ രാഷ്ട്രീയ കക്ഷികളും നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ജാതി രാഷ്ട്രീയം തന്നെയാണ് ഉത്തർപ്രദേശിന്റെ എക്കാലത്തെയും കാതലെന്ന് ബോധ്യപ്പെടും. മുവ്വായിരത്തിലേറെ ജാതികളും ഉപജാതികളുമുള്ള ഇവിടെ ആളുകളുടെ എണ്ണത്തിനനുസരിച്ച് ഓരോ ജാതിയെയും കൂടെ നിർത്താൻ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുകയാണ്. ഒരു കാലത്ത് കോൺഗ്രസിന് പിന്നിൽ ഉറച്ചുനിന്നിരുന്ന ഉത്തർപ്രദേശിനെ കൃത്യമായ ജാതിവിഭജന രാഷ്ട്രീയത്തിലൂടെയാണ് ബി.ജെ.പി കൈപ്പിടിയിലൊതുക്കിയത്. ബി.ജെ.പിയുടെ വളർച്ചക്കും രാജ്യത്തിന്റെ  ഭരണാധികാരം കൈയടക്കുന്നതിനും അസ്ഥിവാരമിട്ടത് ഉത്തർപ്രദേശിലെ ജാതി രാഷ്ട്രീയമാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഒരു രാജ്യത്തെ ജനങ്ങളെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന് ബി.ജെ.പി പഠിച്ചതും ഉത്തർപ്രദേശ് രാഷ്ട്രീയത്തിലൂടെയാണ്. ബി.ജെ.പി മാത്രമല്ല, സംസ്ഥാനത്തെ മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും ജാതി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് നിലനിൽക്കുന്നതും വോട്ട് നേടുന്നതും.


ബ്രാഹ്മണ രാഷ്ട്രീയമായിരുന്നു ആദ്യകാലത്ത് ഉത്തർപ്രദേശിന്റെ മുഖമുദ്ര. അതിന് നേതൃത്വം നൽകിയത് കോൺഗ്രസാണ്. ബ്രാഹ്മണ വോട്ട്ബാങ്കുകളെ മാത്രം അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഏറെക്കാലം ഇവിടത്തെ രാഷ്ട്രീയ അധികാരം കൈയാളാൻ കോൺഗ്രസിന് കഴിഞ്ഞു. ആദ്യ മുഖ്യമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ദിൽ തുടങ്ങിയ ബ്രാഹ്മണ ആധിപത്യം  നാരായൺ ദത്ത് തിവാരിയിലൂടെയും കമലാപതി ത്രിപാഠിയിലൂടെയും ഹേമവതി നന്ദൻ ബഹുഗണയിലൂടെയും ശ്രീപതി മിശ്രയിലൂടെയുമെല്ലാം കോൺഗ്രസ് നിലനിർത്തി.
ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനം നിലവിൽ വന്നതോടെയാണ് പിന്നോക്ക സമുദായ രാഷ്ട്രീയത്തിലേക്ക് ഉത്തർപ്രദേശ് നീങ്ങിത്തുടങ്ങിയത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന രാം മനോഹർ ലോഹ്യ പിന്നോക്കം നിൽക്കുന്ന എല്ലാ ജാതിക്കാർക്കും 60 ശതമാനം സംവരണം വേണമെന്ന ആവശ്യം  ഉന്നയിച്ചതോടെ  ഉത്തർപ്രദേശിലെ ജാട്ട് സമുദായക്കാരും യാദവ സമുദായക്കാരുമെല്ലാം ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിച്ച് രംഗത്തെത്തി. ഇതോടെയാണ്  തെരഞ്ഞെടുപ്പുകളിൽ ജാതി രാഷ്ട്രീയത്തിന്റെ വടംവലി ആരംഭിച്ചത്. 


ഒ.ബി.സി വിഭാഗത്തിൽ പെട്ട പ്രമുഖ സമുദായമായ യാദവ സമുദായത്തിന്റെ നേതൃത്വം മുലായംസിംഗ് യാദവ് ഏറ്റെടുത്തതോടെ കോൺഗ്രസിന്റെ തകർച്ചക്ക് അത് വഴിമരുന്നിടുകയായിരുന്നു. ബ്രാഹ്മണ സമുദായത്തിന്റെ ആധിപത്യം തകർക്കാനായി പിന്നോക്കക്കാരെയും  തൊട്ടുകൂടാത്ത ജാതികളിൽ പെട്ടവരെയുമെല്ലാം സംഘടിപ്പിക്കാൻ കാൻഷിറാം ഇറങ്ങുകയും അദ്ദേഹം ബഹുജൻ സമാജ്‌വാദി പാർട്ടിക്ക് രൂപം നൽകുകയും ചെയ്തു. ജാട്ട് സമുദായക്കാരും തങ്ങളുടെ ജാതിപരമായ ആധിപത്യം ഉത്തർപ്രദേശിൽ പ്രകടിപ്പിച്ചു തുടങ്ങി. ജാട്ട് സമുദായത്തിൽ നിന്നുള്ള മായാവതി നാല് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതോടെ ജാതി സമവാക്യങ്ങൾ വീണ്ടും മാറിമറഞ്ഞു. 


ബ്രാഹ്മണരുടെ നഷ്ടപ്പെട്ട ആധിപത്യം തിരിച്ചുപിടിക്കാൻ ഉറപ്പിച്ചുകൊണ്ട് ബി.ജെ.പി രംഗത്തെത്തിയതോടെ ജാതികൾ തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങി. ബ്രാഹ്മണർ, യാദവ്,  ജാട്ട് എന്നീ ജാതികളുടെ ആധിപത്യത്തിലേക്ക് സംസ്ഥാന രാഷ്ട്രീയം മാറി. പിന്നോക്കക്കാരുടെ സ്വാധീനത്തിൽ മുലായം സിംഗ് യാദവിലും മായാവതിയിലും ഉത്തർപ്രദേശ് രാഷ്ട്രീയം കറങ്ങിത്തിരിയുന്നതിനിടയിൽ അധികാരം നഷ്ടപ്പെട്ട ബ്രാഹ്മണരുടെ അമർഷം മുതലെടുക്കാൻ അടൽ ബിഹാരി വാജ്‌പേയിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ബി.ജെ.പി ദേശീയ നേതൃത്വം രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ ബ്രാഹ്മണർക്ക് കോൺഗ്രസിലുണ്ടായിരുന്ന വിശ്വാസം പൂർണമായും നഷ്ടപ്പെടുകയും അവർ ജാതീയമായി ബി.ജെ.പി പക്ഷത്തേക്ക് നീങ്ങുകയും ചെയ്തു.  1990 കളിൽ കോൺഗ്രസ് ഉത്തർപ്രദേശിൽ തകർന്ന് തരിപ്പണമായി. കല്യാൺ സിംഗിനെയും രാജ്‌നാഥ് സിംഗിനെയും മുൻനിർത്തി ഉത്തർപ്രദേശിന്റെ ഭരണം ബി.ജെ.പി കൈയാളുകയും ചെയ്തു. 


ജാതി സമവാക്യങ്ങളെ വളരെ തന്ത്രപരമായി ഉപയോഗപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്തത്. ബ്രാഹ്മണരെ ഒപ്പം നിർത്തുന്നതിനൊപ്പം തന്നെ പിന്നോക്ക നേതാക്കളിൽ ചിലരെ കൈയിലെടുത്ത് അവരുടെ വോട്ട് ബാങ്കിൽ കടന്നുകയറാനും ബി.ജെ.പിക്ക് കഴിഞ്ഞു. അപകടം തിരിച്ചറിഞ്ഞ മായാവതിയും മുലായം സിംഗും പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ വീണ്ടും പിന്നോക്ക ജാതി രാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. ബി.എസ്.പിയും എസ്.പിയും നാല് തവണയോളം അധികാരത്തിലേറുകയും ചെയ്തു. 


2014 ൽ രാജ്യത്തിന്റെ ഭരണം ബി.ജെ.പിയുടെ കൈകളിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യം ചെയ്തത് ഉത്തർപ്രദേശ് ഭരണം കൈക്കലാക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങൾ മെനയുകയായിരുന്നു. ഒരേ സമയം ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിലകൊള്ളുകയും ചെയ്യുന്ന തന്ത്രമാണ് ബി.ജെ.പി 2017 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പയറ്റിയത്.  തീവ്ര ഹിന്ദുത്വത്തിന്റെ മറവിൽ ജാതി വോട്ട് ബാങ്കിനെ സമർത്ഥമായി ഉപയോഗപ്പെടുത്തി. സവർണരെയും പിന്നോക്കക്കാരെയുമെല്ലാം ഒരുമിച്ച് കൂടെ നിർത്താൻ കഴിഞ്ഞതാണ് 2017 ൽ ഭരണം പിടിക്കാൻ ബി.ജെ.പിക്ക് തുണയായത്. യാദവ ഇതര പിന്നോക്ക വോട്ടുകളിൽ  60 ശതമാനവും നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ജാട്ട് ഇതര വോട്ടുകളിൽ നല്ലൊരു ശതമാനവും ബി.ജെ.പിക്ക് കിട്ടി.


എന്നാൽ 2017 ൽ പയറ്റിയ തന്ത്രത്തിന്റെ പൊള്ളത്തരം പിന്നോക്ക ജാതിക്കാർ തിരിച്ചറിഞ്ഞതോടെ അടുത്ത തെരഞ്ഞെടുപ്പിൽ വലിയ പ്രതിസന്ധിയാണ് ഇപ്പോൾ ബി.ജെ.പി നേരിടുന്നത്. പിന്നോക്ക സമുദായത്തിൽപെട്ട മൂന്ന് മന്ത്രിമാരും എം.എൽ.എമാരുമടക്കം ഒൻപത് പേർ  ബി.ജെ.പിയിൽ നിന്ന് രാജിവെച്ചിരിക്കുകയാണ്. പിന്നോക്ക സമുദായത്തെ യോഗി ആദിത്യനാഥ് സർക്കാർ വഞ്ചിച്ചിരിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. പിന്നോക്ക സമുദായക്കാർ തിരിച്ചടിച്ചാൽ വീണ്ടും അധികാരത്തിലെത്താമെന്ന ബി.ജെ.പിയുടെ മോഹം പൊളിയും. ജയം ആരുടെ ഭാഗത്തായാലും ജനഹിതമല്ല, മറിച്ച് ജാതിയുടെ സ്വാധീനമാണ് തെരഞ്ഞെടുപ്പിൽ അളക്കാൻ പോകുന്നത്.

Latest News