Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

തുരുമ്പ് വീണ നീതിയുടെ തുലാസുകൾ


കന്യാസ്ത്രീകൾ സി.പി.എം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത് സംസ്ഥാന സർക്കാരിനു കടുത്ത സമ്മർദമായി. കന്യാസ്ത്രീ സമരത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് കോൺഗ്രസ്  ചെയ്തത്. എന്തായാലും സെപ്റ്റംബർ 21 ന്   ബിഷപ്പ് അറസ്റ്റ് ചെയ്യപ്പെട്ടു. 2 ദിവസവും 7 മണിക്കൂറും നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നിയമപരമായ നീക്കങ്ങൾക്കൊടുവിൽ ഒക്ടോബർ 15 നു കേസിൽ ഹാജരാകാനല്ലാതെ കേരളത്തിൽ പ്രവേശിക്കരുതെന്ന ഉത്തരവിൽ ഹൈക്കോടതി ഫ്രാങ്കോക്ക് ജാമ്യം അനുവദിച്ചു. തുടർന്നു നടന്ന നിയമപോരാട്ടമാണ് ഇപ്പോൾ അപ്രതീക്ഷിത വിധിയിലെത്തിയിരിക്കുന്നത്.


കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ  കുറ്റവിമുക്തനാക്കിയ കോടതി വിധി  അവിശ്വസനീയമെന്നു തന്നെയായിരിക്കും ശരാശരി മലയാളികൾ വിശ്വസിക്കുന്നത്. പ്രതികൾ അതിശക്തരും വാദികൾ ദുർബലരുമായ മിക്ക കേസുകളിലും സംഭവിക്കുന്നത് ഇതു തന്നെയാണ്. അടുത്തു വാളയാറിൽ കേരളമതു കണ്ടു. നടിയുടെ കേസിലും മിക്കവാറും സംഭവിക്കാനിട അതു തന്നെയാണ്. 

അപ്പീൽ പോവുക, കീഴ്‌കോടതിയിൽ എന്തെങ്കിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതാവർത്തിക്കാതെ നോക്കുക. അതാണ് ഇനി ചെയ്യാനുള്ളത്. അത്തരമൊരു സൂചന തന്നെയാണ് അന്വേഷണ ഉദ്യാഗസ്ഥനായ എസ്.പി ഹരിശങ്കർ പറയുന്നത്. 'ഇതുപോലെ നൂറുകണക്കിന് നിശ്ശബ്ദരുണ്ട്. ഈ സിസ്റ്റത്തിൽ മാത്രമല്ല, ഓർഫനേജുകളിലും ചിൽഡ്രൻ ഹോമുകളിലുണ്ടാകും. അവിടെയെല്ലാം ജീവൻ ഭീഷണിയിലായതിനാൽ പുറത്തു പറയാനാവില്ല. ഈ വിധി അവർക്ക് എന്തു സന്ദേശമാണ് നൽകുന്നത്. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അപ്പീൽ പോകും.' ഇതാണ് അദ്ദേഹത്തിന്റെ പ്രസക്തമായ വാക്കുകൾ.  പരാതി സമയത്തു നൽകിയില്ല എന്നതാണ് കന്യാസ്ത്രീക്കെതിരായ ഒരാരോപണം. അതിനുള്ള മറുപടിയും എസ് പി തന്നെ പറയുന്നു. '2014 മുതൽ 2016 വരെ പീഡിപ്പിക്കപ്പെട്ട അവർ 2018 ലാണ് പരാതി നൽകിയത്. നാളെ ജീവിക്കണോ മരിക്കണോ എന്നു പോലും മേലധികാരി നിശ്ചയിക്കേണ്ട അവസ്ഥയിൽ നിൽക്കുന്ന ഒരു കന്യാസ്ത്രീ ആ സമയത്തു തന്നെ പരാതിയുമായി വന്നാൽ അവരുടെ ജീവൻ തന്നെ അപകടത്തിലായേക്കാം. അവരുടെ കുടുംബത്തിന്റെ ജീവൻ പോലും അപകടത്തിലാകുമെന്ന സ്ഥിതിയായിരുന്നു. അതുകൊണ്ടു തന്നെ രണ്ടു വർഷം മനസ്സിലടക്കി അവർ കഴിഞ്ഞു. കൗൺസലിംഗിലും കുമ്പസാരത്തിലും പങ്കുവെച്ചതോടെ പരാതി നൽകാൻ ഒരു വൈദികൻ ഉപദേശം നൽകുന്നു. ഈ കാലയളവിൽ അവർ ഈ വിഷയം പലരോടും പങ്കുവെച്ചിട്ടുണ്ട്.
ബലാത്സംഗം ഒരു പ്രത്യേക കേസാണ്. കുറ്റക്കാരനായി നിൽക്കുന്നതിനൊപ്പം തന്നെ ഇരയും സമൂഹത്തിൽ ഒറ്റപ്പെടുകയാണ്. ഈ കേസിൽ എല്ലാവരും സാധാരണക്കാരാണ്. ബിഷപ്പിനെതിരെ മൊഴി കൊടുത്താൽ ജീവനൊടുക്കുമെന്ന് ഒരു കന്യാസ്ത്രീയുടെ അമ്മ പറഞ്ഞു. അവരെ പ്രോസിക്യൂഷൻ ഏറെ അനുനയിപ്പിച്ചാണ് മൊഴി നൽകാൻ എത്തിച്ചത്.' എന്തുകൊണ്ട് ഇത്തരത്തിലൊരു വിധി വന്നു എന്നതിനുള്ള മറുപടി ഈ വാക്കുകളിൽ ഒളിഞ്ഞുകിടപ്പുണ്ട്. 

പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തും നേടാവുന്ന കാലമാണിതെന്നും  എന്തു സംഭവിച്ചാലും പരാതിപ്പെടരുതെന്ന മുന്നറിയിപ്പാണ് ഈ വിധിയെന്നുമുള്ള ചരിത്ര പോരാട്ടം നടത്തിയ, അതീജീവിതയുടെ സഹപ്രവർത്തകരായ കന്യാസ്ത്രീകളുടെ വാക്കുകളും ശ്രദ്ധേയമാണ്. വിധി നിരാശാജനകമാണെങ്കിലും കന്യാസ്ത്രീകൾ അരമന വിട്ടിറങ്ങി നടത്തിയ സമാനതകളില്ലാത്ത പോരാട്ടം കേരള സമര ചരിത്രത്തിൽ അവിസ്മരണീയ അധ്യായമായി തന്നെ തുടരും. കേരളത്തിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ഏതെന്ന ചോദ്യത്തിനു പറയാവുന്ന ഒരു മറുപടി കന്യാസ്ത്രീകൾ എന്നു തന്നെയാണ്. പുരുഷ പുരോഹിതർ എല്ലാ സ്വാതന്ത്ര്യത്തോടെയും സൗകര്യങ്ങളോടെയും ജീവിക്കുമ്പോൾ കന്യാസ്ത്രീകൾ പൊതുവിൽ തടവറകൾക്കുള്ളിലാണ്. പലരും കന്യാസ്ത്രീകളാകുന്നതു തന്നെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും  മാതാപിതാക്കളുടെ സമ്മർദം കൊണ്ടും മറ്റുമാണ്. പലപ്പോഴും ലൈംഗികമായി പോലും അവർ പീഡിപ്പിക്കപ്പെടുന്നു. അവരുടെ ജീവിതത്തിന്റെ ദയനീയചിത്രം കന്യാസ്ത്രീ പട്ടം വലിച്ചെറിഞ്ഞ് പുറത്തുവന്ന ജസ്മി രചിച്ച ജീവിത കഥയിൽ വായിക്കാവുന്നതാണ്. യു.ജി.സി വേതനം വാങ്ങുന്നവർക്കു പോലും അടിവസ്ത്രം വാങ്ങാനുള്ള പണത്തിനായി കൈനീട്ടേണ്ട അവസ്ഥ. നിരന്തരമായി നേരിടുന്ന പീഡനങ്ങൾക്കെതിരായ പൊട്ടിത്തെറിയായിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ടു നടന്ന കന്യാസ്ത്രീ സമരം എന്നു പറയാം. 

പീഡനവുമായി ബന്ധപ്പെട്ട്  2017 ൽ തന്നെ സഭക്കുള്ളിൽ പരാതി കൊടുത്തിട്ടും ഫലമുണ്ടായിരുന്നില്ല. തുടർന്ന് സഭ വിട്ടുപോകാൻ തയാറെടുത്ത കന്യാസ്ത്രീയെ സഹപ്രവർത്തകർ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഏഴിൽ കൂടുതൽ തവണ നേരിട്ടും എഴുതിയും സഭാധികാരികളെ ഈ കന്യാസ്ത്രീ പീഡന വിവരം ധരിപ്പിച്ചിട്ടും  പ്രതികാരത്തിന് ഇരയായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കന്യാസ്ത്രീ രൂപതക്ക് നൽകിയ കത്തിൽ ഇത് കൃത്യമായി പറയുന്നുണ്ട്. 20 ഓളം കന്യാസ്ത്രീകൾ ഇക്കാലയളവിൽ ഭയന്ന് സഭയിൽനിന്നും പിരിഞ്ഞുപോയതായും കത്തിൽ പരാമർശമുണ്ടായിരുന്നു.
 
2018 ജനുവരി 26 നാണ് കന്യാസ്ത്രീ പോലീസിൽ പരാതി നൽകിയത്. എന്നാൽ  75 ദിവസത്തിൽ കൂടുതൽ  പരാതിയിൽ ഒരു നടപടിയുമുണ്ടായില്ല.  സഭയുടെ മുഴുവൻ അധികാരവും ഉപയോഗിച്ച് അന്വേഷണങ്ങളിൽ നിന്നും രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. 10-08-2018 ന് ഡിവൈ.എസ്.പി കെ. സുഭാഷ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അതുവരെ നടത്തിയ അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പരാതി സത്യമണെന്നു പറഞ്ഞിരുന്നു. അതിനിടയിൽ സെപ്റ്റംബർ 14 നു  മിഷനറീസ് ഓഫ് ജീസസ് സന്ന്യാസ സഭ  ബിഷപ്പിനെ കുറ്റവിമുക്തനാക്കിക്കൊണ്ട്, നിയമവിരുദ്ധമായി പരാതിക്കാരിയായ കന്യസ്ത്രീയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചു.  ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീകൾ തെരുവിലിറങ്ങി സമരം ആരംഭിച്ചത്. 
കുറുവിലങ്ങാട് മഠത്തിലെ  സി. അനുപമ, സി. ജോസഫൈൻ, സി. ആൽഫി, സി. ആൻസി, സി. നീന റോസ് എന്നീ സിസ്റ്റർമാരുടെ നേതൃത്വത്തിൽ സേവ് ഔർ സിസ്റ്റേഴ്‌സ് ഫോറത്തിന്റെ ബാനറിലാണ് സമരം രൂപം കൊണ്ടത്. പൊതുപ്രവർത്തനങ്ങളിലൂടെ കേരളീയ സമൂഹത്തിനു സുപരിചിതനായ ഫാദർ അഗസ്റ്റിൻ വട്ടോളി സമരത്തിന്റെ  നെടുംതൂണായിരുന്നു. സഭകളിൽ നിലനിൽക്കുന്ന പുരുഷാധിപത്യവും ഭക്തിയുടെ മറവിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ നിഷേധങ്ങളും ചൂഷണങ്ങളും പുറംലോകത്തെത്തിച്ചു എന്നതാണ് ആ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ നേട്ടം. കലാ സാമൂഹിക  സാംസ്‌കാരിക രംഗത്തെ നിരവധി പേരും വനിതാ - മനുഷ്യാവകാശ പ്രവർത്തകരും  സാധാരണക്കാരായ വീട്ടമ്മമാരുമടക്കമുളളവരും സമരത്തെ പിന്തുണച്ച് രംഗത്തു വന്നു. സഭക്കുള്ളിലെ വിശ്വാസികളിൽ വലിയൊരു വിഭാഗവും സമരത്തിന് പിന്തുണയറിയിച്ചു. കന്യാസ്ത്രീകൾ സി.പി.എം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത് സംസ്ഥാന സർക്കാരിനു കടുത്ത സമ്മർദമായി. കന്യാസ്ത്രീ സമരത്തിൽ നിന്ന് പൂർണമായും വിട്ടു നിൽക്കുകയാണ് കോൺഗ്രസ്  ചെയ്തത്. എന്തായാലും സെപ്റ്റംബർ 21 ന്   ബിഷപ്പ് അറസ്റ്റ് ചെയ്യപ്പെട്ടു. 2 ദിവസവും 7 മണിക്കൂറും നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നിയമപരമായ നീക്കങ്ങൾക്കൊടുവിൽ ഒക്ടോബർ 15 നു കേസിൽ ഹാജരാകാനല്ലാതെ കേരളത്തിൽ പ്രവേശിക്കരുതെന്ന ഉത്തരവിൽ ഹൈക്കോടതി ഫ്രാങ്കോക്ക് ജാമ്യം അനുവദിച്ചു. തുടർന്നു നടന്ന നിയമ പോരാട്ടമാണ് ഇപ്പോൾ അപ്രതീക്ഷിത വിധിയിലെത്തിയിരിക്കുന്നത്.
തീർച്ചയായും നീതിക്കായി പോരാടുന്നവർക്ക് നിരാശ നൽകുന്ന ഒന്നാണ് ഈ വിധി. 
 

Latest News