പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ 23ന് തുറക്കും; തീരുമാനം യൂനിസെഫ് നിര്‍ദേശ പ്രകാരമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം

റിയാദ്- കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും 23ന് ഞായറാഴ്ച മുതല്‍ പ്രൈമറി, നഴ്‌സറി കുട്ടികള്‍ക്ക് കൂടി സ്‌കൂളുകളില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് കാരണം സ്‌കൂളുകള്‍ അടച്ചിട്ട് കുട്ടികളുടെ വിദ്യാഭ്യാസം താളം തെറ്റരുതെന്ന യൂനിസെഫ് നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും താത്പര്യങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടതെന്നും 2022ല്‍ എല്ലായിടത്തും സ്‌കൂളുകള്‍ തുറക്കണമെന്നും വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് ഏറ്റവും അവസാനം അടക്കേണ്ടതും ആദ്യം തുറക്കേണ്ടതും സ്‌കൂളുകളാണെന്നും യൂനിസഫ് ആവശ്യപ്പെട്ടിരിക്കുകയാണ്.
സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ കുട്ടികളെ മാനസികമായും വിദ്യാഭ്യാസപരമായും ആഘാതമേല്‍പ്പിക്കുന്നുണ്ടെന്നാണ് സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓരോ വിദ്യാഭ്യാസ ഘട്ടത്തിലും ആവശ്യമായ നൈപുണ്യവും സുഹൃത്തുക്കളുമായുള്ള ദൈനംദിന വ്യക്തിഗത ഇടപെടലുകളും അവര്‍ക്ക് നഷ്ടമാവും.
2022ല്‍ സ്‌കൂളുകള്‍ അടച്ചിട്ട് കുട്ടികളുടെ പഠനത്തെ തടസ്സപ്പെടുത്തരുത്. ഫലപ്രദമായ മുന്‍കരുതല്‍ സ്വീകരിച്ച് സ്‌കൂളുകള്‍ തുറക്കണം. സ്‌കൂളുകള്‍ അടച്ചിട്ട കാലത്ത് വായനയും ഗണിതമടക്കമുള്ള വിഷയങ്ങളിലെ പരിചയവും വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായിട്ടുണ്ട്. ഓഫ് ലൈന്‍ വിദ്യാഭ്യാസം തിരിച്ചുകൊണ്ടുവരാന്‍ ശക്തമായ ബോധവത്കരണം വേണം. പാഠ്യപദ്ധതി വികസിപ്പിക്കല്‍, സ്‌കൂള്‍ സമയം നീട്ടല്‍, പഠന ഫല പ്രാപ്തി മെച്ചപ്പെടുത്തല്‍ എന്നീ പരിപാടികള്‍ നടപ്പാക്കി മുന്‍ തലമുറകള്‍ നേടിയതിന് സമാനമായ വിദ്യാഭ്യാസം ഇന്നത്തെ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും തയ്യാറാവണം. യൂനിസെഫ് റിപ്പോര്‍ട്ട് പറയുന്നു.

Tags

Latest News