ദമാം - അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ ആദ്യമായി വനിതാ സ്ഥാനാർഥിക്ക് മിന്നുംവിജയം. അഗാരീദ് ഇഹ്‌സാൻ ഫരീദ് അബ്ദുൽജവാദ് ആണ് വാശിയേറിയ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച രണ്ടാമത്തെ സ്ഥാനാർഥിയാണ് ഇവർ. അശ്ശർഖിയ ചേംബറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. പത്തൊമ്പതാമത് ചേംബർ ഡയറക്ടർ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് പൂർത്തിയായതോടെ സൂപ്പർവൈസറി കമ്മിറ്റി ഫലം പ്രഖ്യാപിക്കുകയായിരുന്നു.
പതിനെട്ടംഗ അശ്ശർഖിയ ചേംബർ ഡയറക്ടർ ബോർഡിലെ ഒമ്പതു അംഗങ്ങളെയാണ് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയത്. ശേഷിക്കുന്ന ഒമ്പതു അംഗങ്ങളെ വാണിജ്യ മന്ത്രി നേരിട്ട് നിയമിക്കും. ആകെ പതിനെട്ടു പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇവർക്ക് ആകെ 46,781 വോട്ടുകൾ ലഭിച്ചു. ചേംബർ അംഗങ്ങളായ 16,000 ത്തിലേറെ പേർ വോട്ടവകാശം വിനിയോഗിച്ചു.
ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് ഹമദ് ഹമൂദ് ഹമദ് അൽഹമാദിന് ആണ്. ഇദ്ദേഹത്തിന് 5464 വോട്ടുകൾ ലഭിച്ചു. അഗാരീദ് ഇഹ്‌സാന് 5026 വോട്ടുകളും നാസിർ അബ്ദുൽ അസീസ് അൽഅൻസാരിക്ക് 5000 വോട്ടുകളും സഅദ് ഫദ്ൽ അൽബൂഅയ്‌നൈന് 4864 വോട്ടുകളും നാസിർ റാശിദ് അൽഹാജിരിക്ക് 4614 വോട്ടുകളും ഹമദ് മുഹമ്മദ് അൽഖാലിദിക്ക് 4382 വോട്ടുകളും ഹമദ് മുഹമ്മദ് അൽബൂഅലിക്ക് 4168 വോട്ടുകളും മുഹമ്മദ് അബ്ദുൽമുഹ്‌സിൻ അൽറാശിദിന് 3632 വോട്ടുകളും ഫഹദ് ബിൻ ഹദാൽ അൽമുതൈരിക്ക് 1722 വോട്ടുകളും ലഭിച്ചു.
തുടക്കത്തിൽ ആകെ പത്തൊമ്പതു പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇക്കൂട്ടത്തിൽ ഒരു സ്ഥാനാർഥിയെ തെരഞ്ഞെടുപ്പ് പ്രചാരണ വ്യവസ്ഥകൾ ലംഘിച്ചതിനും മറ്റു നിയമ ലംഘനങ്ങൾക്കും സൂപ്പർവൈസറി കമ്മിറ്റി പിന്നീട് അകറ്റിനിർത്തി.