Sorry, you need to enable JavaScript to visit this website.

ടി.വി അഭിമുഖം, ഡിജിറ്റൽ രേഖ ഫ്രാങ്കോ കേസിൽ നിർണായകമായി

കോട്ടയം - ഒറ്റവരി വിധിപ്രസ്താവം കഴിഞ്ഞ ഉടൻ കോടതി ഇടനാഴിയുടെ നിശബ്ദതയിലേക്ക് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെയും അനുയായികളുടെയും ശബ്ദം ഉയർന്നു. 
ദൈവത്തെ വാഴ്ത്തുന്നു എന്ന് ഉറക്കെ വിളിച്ചു കൊണ്ടു അഡീഷണൽ സെഷൻസ് കോടതി ഒന്നിന്റെ പുറത്തേക്കു വന്ന ഫ്രാങ്കോ പ്രതിഭാഗം അഭിഭാഷകൻ സി.എസ് അജയനെ വാരി പുണർന്നു. ഇതോടെ ക്യാമറകൾ മിന്നി. പ്രതിഭാഗം മുഖ്യ അഭിഭാഷകനായ അഡ്വ. രാമൻപിളള കോടതിയിൽ എത്തിയിരുന്നില്ല. തുടർന്ന് കോടതി വരാന്തയിലൂടെ കലക്ട്രേറ്റിനു മുന്നിലെ പോർച്ചിൽ പാർക്കു ചെയ്ത ഇന്നോവ കാറിലേക്ക് കയറി. ഇതിനിടെ മാധ്യമപ്രവർത്തകരോട് ഒന്നോ രണ്ടോ വാക്കിൽ സംസാരം. ബിഷപ്പ് വാഹനത്തിൽ പ്രവേശിച്ചതിനൊപ്പം തന്നെ ഉച്ചത്തിൽ ഹോൺമുഴക്കി പോകുന്നതിന് വഴിയൊരുക്കി. 
കലക്ട്രേറ്റ് വളപ്പിൽനിന്നു കാർ നേരെ ചീറിപ്പാഞ്ഞത് കളത്തിപടിയിലേക്കായിരുന്നു. അവിടെ ക്രിസ്റ്റീൻ സെന്ററിലെത്തി പാട്ടുകുർബാന അർപ്പിച്ചു ബിഷപ്പ്.പ്രാർഥനയ്ക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടെന്നും സത്യത്തെ സ്നേഹിക്കുന്നവർ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു. ഡിജിറ്റൽ തെളിവുകൾ മുതൽ ടി.വി അഭിമുഖം വരെ കേസ് വിചാരണയിൽ തെളിവുകളായി. പരാതി നൽകാൻ ഏറെ വൈകിയതു ആരോപണം ദുർബലപ്പെടുത്തിയെന്നു പ്രതിഭാഗം അഭിഭാഷകൻ സി.എസ് അജയൻ മാധ്യമങ്ങളോടു ചൂണ്ടിക്കാട്ടി. 2016 വരെ ഇരുവരും വളരെ സൗഹൃദത്തിലായിരുന്നു. ഇതുസംബന്ധിച്ച് നടന്ന ഇ-മെയിൽ ചാറ്റുകളെല്ലാം ഹാജരാക്കി. ആദ്യ ബലാൽസംഗത്തിനുശേഷം പിറ്റേന്ന് പരാതിക്കാരിയുടെ സഹോദരിയുടെ ഒരു ചടങ്ങിൽ ബിഷപ്പ് പങ്കെടുത്തു.ഇരുവരും ഒരുമിച്ച് നിന്നു ചിത്രം എടുത്തു. ബിഷപ്പിനോട് ചേർന്നാണ് പരാതിക്കാരി നിന്നത്. ഒരു കാറിലാണ് യാത്ര ചെയ്തത്. ഈ ചടങ്ങിന്റെ വീഡിയോയും ഹാജരാക്കി.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ നിർണായക തെളിവായത് ടെലിവിഷൻ അഭിമുഖം. വിസ്തരിച്ച സാക്ഷികളിൽ ഒരാൾ പോലും കൂറുമാറിയില്ല. 
പോലീസിന് നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും ഒന്നുതന്നെയായിരുന്നു. സാക്ഷിമൊഴികൾ എല്ലാം ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് അനുകൂലമായതാണ് കോടതിവിധിയിൽ നിർണായകമായതെന്നും ഒരു ചാനൽ അഭിമുഖം നിർണായക തെളിവായതായും പ്രതിഭാഗം അഭിഭാഷകൻ സി .എസ് അജയൻ വ്യക്തമാക്കി. ഇതോടെ പരാതിക്കാരിയായ സിസ്റ്ററിനെതിരെ ബിഷപ്പ് നടപടി എടുത്ത ശേഷമാണ് പരാതി ഉയർന്നതെന്ന് വാദിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞു. 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിനെ ബലാത്സംഗമായി കാണാനാകുമോ എന്ന സംശയം പ്രതിഭാഗം നേരത്തെ ഉന്നയിച്ചിരുന്നു. ഇതെല്ലാം അഭിമുഖത്തിനൊപ്പം ആയുധമാക്കിയാണ് പ്രതിഭാഗം വാദിച്ചത്. വിധി പ്രസ്താവം കഴിഞ്ഞിട്ടും വിധി പകർപ്പ് ലഭിക്കാൻ വൈകി. സാധാരണ വിധി കഴിഞ്ഞാൽ വൈകാതെ തന്നെ കോടതി വെബ് സൈറ്റിൽ ലഭ്യമാകുന്നതാണ്. എന്നാൽ ഇന്നലെ രാത്രി ഏഴുവരെ സൈറ്റിൽ വിധി ലഭിച്ചില്ല.

Latest News