Sorry, you need to enable JavaScript to visit this website.

അസർബൈജാനിൽ കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കുന്നു

സൗദി അക്വാപവർ കമ്പനി അസർബൈജാനിൽ നടപ്പാക്കുന്ന കാറ്റാടി വൈദ്യുത പദ്ധതിക്ക് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും ചേർന്ന് ശിലാസ്ഥാപനം നിർവഹിക്കുന്നു.

റിയാദ് - സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് ഓഹരി പങ്കാളിത്തമുള്ള ദേശീയ കമ്പനിയായ അക്വാപവർ കമ്പനി അസർബൈജാനിൽ കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കുന്നു. സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും ചേർന്ന് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. 240 മെഗാവാട്ട് ശേഷിയിലാണ് കാറ്റാടി വൈദ്യുതി നിലയം സ്ഥാപിക്കുന്നത്.
അസർബൈജാനിൽ വൈദ്യുതി ഉൽപാദനത്തിന് അക്വാപവർ കമ്പനി നടപ്പാക്കുന്ന സ്വതന്ത്ര പദ്ധതിയാണിത്. പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗിച്ചുള്ള പരീക്ഷണ പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ലക്ഷ്യമിട്ട് 2019 ഡിസംബർ അഞ്ചിന് അസർബൈജാൻ പ്രസിഡന്റ് പ്രഖ്യാപിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. കാറ്റാടി വൈദ്യുത പദ്ധതിയിൽ നിക്ഷേപം നടത്താനും വൈദ്യുതി വാങ്ങാനും വൈദ്യുതി കൈമാറ്റം ചെയ്യാനുമുള്ള കരാറുകൾ 2020 ഡിസംബർ 29 ന് ഒപ്പുവെച്ചിരുന്നു. ഇരുപതു വർഷമാണ് കരാർ കാലാവധി.
112.5 കോടി റിയാൽ (30 കോടി ഡോളർ) നിക്ഷേപത്തോടെയാണ് കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കുന്നത്. അസർബൈജാനിൽ ഊർജ മേഖലയിൽ വിദേശ നിക്ഷേപത്തോടെ നടപ്പാക്കുന്ന ആദ്യ പദ്ധതിയാണിത്. 30 ശതമാനം വൈദ്യുതി പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് ഉൽപാദിപ്പിക്കാനുള്ള അസർബൈജാന്റെ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ പുതിയ പദ്ധതി സഹായിക്കും. 2023 അവസാനത്തോടെ അസർബൈജാൻ പവർഗ്രിഡ് ശേഷിയുടെ 3.7 ശതമാനം കാറ്റാടി വൈദ്യുത നിലയം സംഭാവന ചെയ്യും. മൂന്നു ലക്ഷം പാർപ്പിടങ്ങൾക്ക് ആവശ്യമായ വൈദ്യുതി പുതിയ പദ്ധതി നൽകും. ഇതിലൂടെ പ്രതിവർഷം നാലു ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കാനും സാധിക്കും. 

Tags

Latest News