Sorry, you need to enable JavaScript to visit this website.

വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞ മാസം 391 പരാതികൾ

റിയാദ് - സൗദി വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞ മാസം യാത്രക്കാരിൽ നിന്ന് 391 പരാതികൾ ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് ദേശീയ വിമാന കമ്പനിയായ സൗദിയക്ക് എതിരെയാണ്. ഒരു ലക്ഷം യാത്രക്കാർക്ക് ആറു പരാതികൾ തോതിലാണ് കഴിഞ്ഞ മാസം സൗദിയക്കെതിരെ ലഭിച്ചത്. സൗദിയക്കെതിരായ പരാതികളിൽ 99 ശതമാനവും നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു.
പരാതികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഫ്‌ളൈ നാസ് ആണ്. ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് ഒമ്പതു പരാതികൾ തോതിൽ കഴിഞ്ഞ മാസം ഉയർന്നുവന്നു. ഇതിൽ 98 ശതമാനം പരാതികളും നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു.
മൂന്നാം സ്ഥാനത്തുള്ള ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീലിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 17 പരാതികൾ തോതിൽ കഴിഞ്ഞ മാസം ലഭിച്ചു. ഡിസംബർ മാസത്തിൽ ഫ്‌ളൈ അദീലിനെതിരെ ഉയർന്നുവന്ന പരാതികളിൽ 99 ശതമാനത്തിനും നിശ്ചിത സമയത്തിനകം കമ്പനി പരിഹാരം കണ്ടു. ടിക്കറ്റ് നിരക്ക് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടാണ് വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞ മാസം യാത്രക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. സർവീസിന് കാലതാമസം നേരിടൽ, സർവീസ് റദ്ദാക്കൽ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
പ്രതിവർഷം 60 ലക്ഷത്തിലേറെ യാത്രക്കാർ കടന്നുപോകുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് ദമാം കിംഗ് ഫഹദ് ഇന്റർനാഷണൽ വിമാനത്താവളത്തിനെതിരെ ആണ്. ദമാം വിമാനത്താവളത്തിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് ഒരു പരാതി തോതിലാണ് കഴിഞ്ഞ മാസം ലഭിച്ചത്. ആകെ അഞ്ചു പരാതികളാണ് കഴിഞ്ഞ മാസം ദമാം വിമാനത്താവളത്തിനെതിരെ യാത്രക്കാരിൽ നിന്ന് ഉയർന്നുവന്നത്. ഇതിൽ 63 ശതമാനത്തിനും നിശ്ചിത സമയത്തിനകം ദമാം എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ പരിഹാരം കാണുകയും ചെയ്തു.
പ്രതിവർഷം 60 ലക്ഷത്തിൽ കുറവ് യാത്രക്കാർ ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കുറവ് പരാതികൾ ഉയർന്നത് ജിസാൻ കിംഗ് അബ്ദുല്ല എയർപോർട്ടിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് ഒരു പരാതി തോതിലാണ് കഴിഞ്ഞ മാസം ജിസാൻ വിമാനത്താവളത്തിനെതിരെ ലഭിച്ചത്. ജിസാൻ എയർപോർട്ടിനെതിരെ കഴിഞ്ഞ മാസം ഒരു പരാതി മാത്രമാണ് ലഭിച്ചത്. ഇതിന് നിശ്ചിത സമയത്തിനകം എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ പരിഹാരം കണ്ടു.
ആഭ്യന്തര വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് നജ്‌റാൻ എയർപോർട്ടിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് മൂന്നു പരാതികൾ തോതിലാണ് കഴിഞ്ഞ മാസം നജ്‌റാൻ വിമാനത്താവളത്തിനെതിരെ ഉയർന്നുവന്നത്. ഡിസംബറിൽ രണ്ടു പരാതികൾ മാത്രമാണ് നജ്‌റാൻ വിമാനത്താവളത്തിനെതിരെ ലഭിച്ചത്. ഇവക്ക് നിശ്ചിത സമയത്തിനകം പരിഹാരം കാണാൻ നജ്‌റാൻ എയർപോർട്ട് അഡ്മിനിസ്‌ട്രേഷന് സാധിച്ചതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.
 

Tags

Latest News