Sorry, you need to enable JavaScript to visit this website.

ശ്രീദേവിയുടെ അപകട മരണം ആഘോഷമാക്കി ചാനലുകൾ; ബാത്ത് ടബിൽ കിടന്നു വരെ റിപ്പോർട്ടിങ്! 

മുംബൈ- ബോളിവുഡ് സൂപ്പർസ്റ്റാർ ശ്രീദേവിയുടെ അപ്രതീക്ഷിത മരണവാർത്ത ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് ആരാധകരും ബോളിവുഡും ഇനിയും മോചിതരായിട്ടില്ല. ദുബായിൽ  മരിച്ച ശ്രീദേവിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി മുംബൈയിലെത്തിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ദുബായിലെ പഴുതുകളടച്ച നടപടിക്രമങ്ങളാണ് കാലതാമസമുണ്ടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ അനിശ്ചിതാവസ്ഥ മുതലെടുത്ത് ഇന്ത്യയിലെ മുൻനിര ചാനലുകൾ എല്ലാ സീമകളും ലംഘിച്ച് ശ്രീദേവിയുടെ മരണ വാർത്ത ആഘോഷമാക്കിയിരിക്കുകയാണ്. രണ്ടു ദിവസമായി തുടരുന്ന ഊഹാപോഹ റിപ്പോർട്ടിംഗ് മാന്യതയുടെ പരിധി വിട്ടതോടെ പല കോണുകളിൽ നിന്നും കടുത്ത വിമർശനവും ഉയർന്നു കഴിഞ്ഞു. 

സൗന്ദര്യ വർധക ശസ്ത്രക്രിയകൾ പലതവണ നടത്തിയ ശ്രീദേവിയുടെ ചിത്രമെടുത്ത് ഇതാകാം മരണ കാരണമെന്നായിരുന്നു ചിലരുടെ ഊഹം. ശ്രീദേവിയുടേത് അപകട മരണമാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ പുതിയ തിയറികൾ വച്ചാണ് ഇന്ത്യാ ടുഡേ ഉടമസ്ഥതയിലുള്ള ആജ് തക്, എ.ബി.പി ന്യൂസ്, ടി.വി 9, സിഎൻഎൻ ന്യൂസ് 18 എന്നീ മുൻനിര ചാനലുകളും ചില പ്രാദേശിക ചാനലുകളും െ്രെപം ടൈം വാർത്തകൾ നിരന്തരം പടച്ചുവിടുന്നത്.

ബോധരഹിതയായി കുഴഞ്ഞു വീണ ശ്രീദേവി ബാത്ത് റൂമിനുള്ളിലെ ബാത്ത് ടബിൽ മുങ്ങി മരിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിനെ ചുറ്റിപ്പറ്റിയാണ് പിന്നീട് ഈ ചാനലുകൾ ബാത്ത് ടബിൽ വീണു കിടക്കുന്ന ശ്രീദേവിയുടെ പ്രതീകാത്മക ചിത്രം ഉൾപ്പെടെ ഉപയോഗിച്ച് ഊഹങ്ങൾ വാർത്തയായി പടച്ചു വിട്ടത്. 

ബാത്ത് റൂമിനുള്ളിലെ ശ്രീദേവിയുടെ അവസാന 15 മിനിറ്റുകൾ പുറത്തുവിടുന്നു എന്ന മുഖവുരയോടെയായിരുന്നു ഹിന്ദി ചാനലായ എ.ബി.പി ന്യൂസ് െ്രെപം ടൈം ന്യൂസ്. എ.ബി.പി, ആജ്തക്ക് വാർത്താ അവതാരകർ ഒരു ബാത്ത് ടബിനടുത്ത് നിന്ന് വാർത്ത അവതരിപ്പിച്ചത്. പശ്ചാത്തലത്തിൽ ശ്രീദേവിയുടെ ഒരു ചിത്രവും. അൽപ്പം കൂടി മുന്നോട്ടു പോയ തെലുങ്കു ചാനൽ ടിവി 9 ശ്രീദേവിയെ ബാത്ത് ടബിൽ വീണുകിടക്കുന്നതായി ചിത്രീകരിച്ചു. സമീപം ബാത്ത് ടബിലേക്ക് നോക്കി നിൽക്കുന്ന പോലെ ഭർത്താവ് ബോണി കപൂറിനേയും കാണിച്ചു. വാർത്താ അവതരണത്തിൽ ബോണി കപൂറിനെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്തു.

ഇംഗ്ലീഷ് ചാനലുകളും ഒട്ടും പിറകിലായിരുന്നില്ല. ബാത്ത് ടബിനടുത്ത് നിൽക്കുന്ന ശ്രീദേവിയെ ചിത്രീകരിച്ച് ടൈംസ് നൗ നടിയുടേയും ബാത്ത് ടബിന്റെയും അളവുകൾ വിസ്തരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സിഎൻഎൻ ന്യൂസ് 18 ശ്രീദേവി ബാത്ത് ടബിൽ വീണു കിടക്കുന്നത് ചിത്രീകരിച്ചു. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി വേറിട്ടു നിന്നു. അവരുടെ ഇഷ്ട ഇരയായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി കൂട്ടിച്ചേർത്താണ് ശ്രീദേവിയുടെ മരണം ചർച്ച ചെയ്തത്.

പ്രാദേശിക ചാനലുകളിൽ തെലുങ്ക് ചാനലായ മഹാ ന്യൂസ് ആണ് എല്ലാ പരിധികളും ലംഘിച്ചത്. ബാത്ത് ടബിൽ കിടന്നാണ് ഈ ചാനലിന്റെ െ്രെകം റിപ്പോർട്ടർ ശ്രീദേവിയുടെ അപകട മരണം വിശദീകരിച്ചത്.

ഊഹാപോഹങ്ങൾ പടച്ചു വിടുന്ന ഇന്ത്യൻ ചാനലുകളുടെ പ്രകടനം വ്യാപക വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. ശവസംസ്‌കാരം പോലും കഴിയുന്നതിന് മുമ്പ് ശ്രീദേവിയുടെ പ്രശസ്തിയെ ചൂഷണം ചെയ്യുന്ന ഈ വാർത്താ അവതരണ രീതിയിൽ ആരാധകർക്കുള്ള അമർഷം സോഷ്യൽ മീഡിയയിൽ പതയുകയാണ്.
 

Latest News