Sorry, you need to enable JavaScript to visit this website.

ആയിരം റേഷൻ കടകളിൽ സബ്സിഡി  നിരക്കിൽ സാധനങ്ങൾ നൽകും -മന്ത്രി

കൽപറ്റയിൽ മന്ത്രി ജി.ആർ.അനിൽകുമാർ നടത്തിയ റേഷൻകട ഫയൽ അദാലത്തിൽനിന്ന്.

കൽപറ്റ- സംസ്ഥാനത്തെ ആയിരം റേഷൻ കടകളിലൂടെ സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങളും സപ്ലൈകോ ഉൽപന്നങ്ങളും വിതരണം ചെയ്യുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ.അനിൽ. എ.പി.ജെ ഹാളിൽ വയനാട്ടിലെ റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയൽ അദാലത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
റേഷൻ വിതരണ കേന്ദ്രങ്ങൾ ആധുനികവത്കരിക്കും. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ റേഷൻ കടകളുടെ രൂപത്തിലും പ്രവർത്തനങ്ങളിലും മാറ്റം വരേണ്ടതുണ്ട്. ആദ്യ പടിയായി മാർച്ച്-ഏപ്രിൽ മാസത്തോടെ ഗ്രാമീണ മേഖലയിലെ ആയിരം റേഷൻ കടകളിലൂടെ റേഷൻ സാധനങ്ങൾക്കു പുറമെ സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങളും സപ്ലൈകോ ഉൽപന്നങ്ങളും വിതരണം ചെയ്യും. 
ചെറിയ തോതിൽ ബാങ്കിംഗ് സേവനങ്ങളും ഇത്തരം കേന്ദ്രങ്ങളിൽ സാധ്യമാക്കും. സപ്ലൈകോ, ബാങ്ക് അധികൃതരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി വരികയാണ്. ഘട്ടങ്ങളായി റേഷൻ കടകൾ ആധുനികവത്കരിക്കുന്നതിനു റേഷൻ വ്യാപാരികൾക്ക് സർക്കാർ പിന്തുണ നൽകും. 
വാടകവീട്ടിലും പുറമ്പോക്കിലും താമസിക്കുന്നവർക്കും സ്വന്തം സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ആധാർ ലിങ്ക് ചെയ്ത് റേഷൻ കാർഡുകൾ അനുവദിക്കും. വിദൂരസ്ഥലങ്ങളിലെ ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനുളള സഞ്ചരിക്കുന്ന റേഷൻകട സംവിധാനം കൂടുതൽ കോളനികളിലേക്ക് വ്യാപിപ്പിക്കും. ജില്ലയിൽ പുതുതായി വൈത്തിരി താലൂക്കിലെ അംബ, അരണമല, മാനന്തവാടി താലൂക്കിലെ മീൻകൊല്ലി കോളനികളിൽ സഞ്ചരിക്കുന്ന റേഷൻകടയെത്തും. 
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ജില്ലയിൽ 6377 മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു. അനർഹമായി കൈവശം വെച്ചിരുന്ന 2013 മുൻഗണനാ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. റേഷൻ കാർഡുകളിലെ തെറ്റ് തിരുത്തുന്നതിനുളള തെളിമ പദ്ധതി പ്രകാരം 961 അപേക്ഷകൾ തീർപ്പുണ്ടാക്കി. ജില്ലയിലെ  റേഷൻ കടകളിൽ മട്ട അരി (സി.എം.ആർ) വിതരണം ഫെബ്രുവരിയിൽ തുടങ്ങും. മുൻഗണനേതര വിഭാഗത്തിൽ പെട്ടവർക്കുള്ള അരിയിൽ പരമാവധി 50 ശതമാനം പച്ചരിയായി വാങ്ങുന്നതിനുളള ക്രമീകരണം ഏർപ്പെടുത്തും.
മെഷീൻ തകരാറുമൂലം കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യസാധനങ്ങൾ വിതരണം നൽകുന്നതിൽ നേരിട്ട പ്രയാസങ്ങൾ പരിഹരിച്ചതായും മന്ത്രി പറഞ്ഞു. അനാവശ്യ ഭീതി പരത്തി ആളുകളെ പ്രയാസപ്പെടുത്തുന്നതിൽ നിന്നു ആളുകൾ വിട്ടുനിൽക്കണം. റേഷൻ ലൈസൻസികൾ കട അടച്ചിടുന്ന രീതിയിലുളള സമര മാർഗങ്ങൾ സ്വീകരിച്ചത് അംഗീകരിക്കാൻ സാധിക്കില്ല. 
ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. റേഷനിംഗ് കൺട്രോളർ എസ്.കെ.ശ്രീലത, ഉത്തരമേഖലാ റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ കെ.മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ പി.എ.സജീവ് എന്നിവർ ഒപ്പമുണ്ടായിരുന്നു. 
 

Latest News