Sorry, you need to enable JavaScript to visit this website.

അങ്കവും കൈകൊട്ടിക്കളിയും

'അങ്കത്തിനു കച്ച മുറുക്കാറായപ്പോൾ ചേകവരെ കാണാനില്ല' എന്ന അവസ്ഥയിലായിരുന്നു ജനാധിപത്യ ദേശീയ പാർട്ടി കഴിഞ്ഞയാഴ്ചയിൽ.  രാഹുലനെ കാണാനില്ല. അതു നിമിത്തം അങ്കക്കച്ച വെറുതെ അയയിൽ കിടന്നാടി. അനുജത്തിക്ക് മുറുക്കാനുള്ള പ്രായവുമായില്ല. ഗോവയിലെ ചേകവന്മാരൊന്നാകെ പെട്ടിയുമെടുത്തു സ്ഥലംവിട്ടു. വെറുതെ 'ചാവേർ' എന്നൊരു പേരു സമ്പാദിക്കണ്ട. ഇറ്റലിക്കോ കാനഡയ്‌ക്കോ ഒപ്പം നിൽക്കും നമ്മുടെ ഗോവ. പക്ഷേ ഇളമുറത്തമ്പുരാൻ അക്കാര്യം ഗ്രഹിച്ചില്ല. 1967 ൽ ഹരിയാനയിൽ തുടങ്ങിവെച്ച 'ആയാറാം ഗയാറാം' പരിപാടി ഇപ്പോൾ നിത്യവും കണ്ടിട്ടാണ് അഞ്ചു സംസ്ഥാനങ്ങളിൽ ജനം രാവിലെ കണ്ണു തുറക്കുന്നതും രാത്രിയിൽ അടക്കുന്നതും. ഹരിയാനയിൽ പണ്ടു കോളടിച്ചതു കോൺഗ്രസിനായിരുന്നു. പക്ഷേ,  എന്നും ഒരേ ദിശയിലേക്കു പോകാനല്ല പടച്ചവൻ മനുഷ്യനു കാലുകൾ നൽകിയത്. യു.പിയിൽ യോഗി ആദിത്യനാഥ സ്വാമി തിരുവടികളുടെ ഭരണത്തിന്റെ കേമത്വം സഹിയാതെ, ഒരു മന്ത്രിയുൾപ്പെടെ അഞ്ചു പേർ കാലുമാറി.


മായാവതിക്ക് ഇത്തവണ മത്സരിക്കാൻ ശരീരക്കൂറ് അത്ര പോരാ. അതിനെതന്താ? പിള്ളേർ സംഘമുണ്ട്. അവർ ഇറങ്ങി വിതയ്ക്കും, കൊയ്യും; ഒറ്റയ്ക്കു ഭൂരിപക്ഷം തന്നെ പിടിച്ചു പോക്കറ്റിലിടും. 2024 ൽ ലോക്‌സഭയുടെ കാര്യം എത്രയായിരിക്കുമെന്ന് ഇപ്പോൾ തന്നെ ഊഹക്കണക്കുകൊണ്ടു നിശ്ചയിക്കാം. അല്ലെങ്കിലും സ്വപ്‌നം കാണാൻ നികുതിയടയ്‌ക്കേണ്ട കാര്യമില്ല. ഒറ്റയ്ക്കു സംസ്ഥാനം തൂത്തുവാരുകയാണ് പ്രിയങ്കാജിയുടെയും സ്വപ്‌നം. അതിനുള്ള ചൂലുകളുമായി സിന്ധി സംഭാഷണങ്ങൾ നടത്തിക്കഴിഞ്ഞു. എല്ലാവരും ഇങ്ങനെ സ്വപ്‌നം കാണുന്നതു തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. ആരുടെയും സ്വപ്‌നത്തിൽ മറ്റൊരാൾ കൈകടത്തിയതായി കേട്ടിട്ടില്ല. ഇതിനിടെ കോൺഗ്രസിലെ 23 ജി പ്രമാണിമാർ പോലും അറിയാതെ ഇറ്റലിയിൽ നിന്നും രാഹുൽജി എത്തുകയും വഴിനീളെ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പടക്കം പൊട്ടിക്കുകയും ചെയ്തു. ഇനി തെരഞ്ഞെടുപ്പു കഴിയുമ്പോൾ പൊട്ടാനും പൊട്ടിക്കാനുമുള്ളവ കരുതണേ എന്നേ പറയാനുള്ളൂ.


****                                       ****                                                ****

 

'സിൽവർ ലൈനി'ന്റെ കൈപ്പുസ്തകം ഇറങ്ങുന്നു. മന്ത്രിമാർക്കു പോലും മുഴുവനും മനസ്സിലാകാത്ത ഒരു വിഷയത്തിന്റെ വ്യാഖ്യാനമാണത്.  അന്യം നിന്നുപോയ ഒരു മഹത്തായ പാരമ്പര്യത്തിന്റെ കണ്ണിയാണ് ഈ മെഗായത്‌നത്തിലൂടെ വിളക്കിച്ചേർക്കുന്നത് എന്നും തിരിച്ചറിയണം. മുമ്പ് 'ജനകീയാസൂത്രണം' എന്നൊരു കൈപ്പുസ്തകമുണ്ടായിരുന്നു. അതു വായിച്ചു രോമാഞ്ചം കൊണ്ടവർ പിന്നീടു പൂർവ സ്ഥിതിയിലെത്തിയത് ദേഹമാസകലം മയിലെണ്ണ തേച്ചിട്ടായിരുന്നുവത്രേ. അതുക്കും മുന്നേ, ഇരവിക്കുട്ടിപ്പിള്ളയുടെയും ആനചവുട്ടിക്കൊന്ന മല്ലൻപിള്ളയുടെയും കഥകൾ കൈക്കുള്ളിൽ ഒതുക്കിയ പുസ്തകങ്ങളുടെ ഒരു കാലമുണ്ടായിരുന്നു. ഇവയ്ക്കും മുമ്പ് നാട്ടിൽ സുലഭമായി വിളവെടുപ്പു നടത്തിയ പുസ്തകമാണ് സാക്ഷാൽ സിനിമാപാട്ടു പുസ്തകം.


കഥ, തിരക്കഥ, ഗാനങ്ങൾ, സംഗീതം എന്നുവേണ്ട, സിനിമയുടെ സമൂല ജാതകം തന്നെ അതിൽ ചേർത്തിരുന്നു. അതിനു ശേഷം, ജനതയെ ഒന്നടങ്കം ഹർഷപുളകിതരാക്കാൻ പോന്നതാണ് അമ്പതു ലക്ഷം കോപ്പികളുമായി സെക്രട്ടറിയേറ്റിൽനിന്ന് പുറത്തിറങ്ങുന്ന സിൽവർ ലൈൻ (ഭാഷാ) സഹായി പുസ്തകം. ആബാലവൃദ്ധം ജനങ്ങളെ ഇതു കോരിത്തിരിപ്പിക്കും. ഉറക്കം തൂങ്ങാതിരിക്കാനുള്ള മുൻകരുതലെന്നവണ്ണം, മുഖ്യമന്ത്രിയുടെ രാജസഭയിലെ (രാജാവ് എന്ന പ്രയോഗത്തിനു ഗവർണർക്കു നന്ദി) ആസ്ഥാന സംഗീത ഉപദേശി പ്രഭാവർമ സഖാവിന്റെ ഗാനങ്ങൾ ഇടയ്ക്കിടെ ചേർത്തിരിക്കും. പൂർണ സുഖം കിട്ടണമെങ്കിൽ കൃതിയുടെ സി.ഡി/ഡി.വി.ഡി കൂടി പുറത്തിറങ്ങണം. ജനങ്ങൾ പരസ്പരം താരാട്ട്പാടി ഉറങ്ങിക്കൊള്ളും. ആ മോഹനിദ്രയിൽ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈനിന്റെ തുടക്കവും ഒടുക്കവും പ്രശ്‌നമാകില്ല. മൊത്തം ചെലവ് 74,000 കോടി പെട്ടെന്ന് 1,24,000 കോടിയാകുന്നതും വ്യവസായ മേഖല ഉത്തേജക മരുന്നു കഴിച്ചതു പോലെ എണീറ്റ് കുതിക്കുന്നതുമൊക്കെ നമ്മൾ കാണും. നാൽപതു കൊല്ലം കഴിഞ്ഞിട്ടാണ് കാണാൻ കഴിയുന്നതെങ്കിൽ 70 എം.എമ്മിൽ ബിഗ് സ്‌ക്രീനിൽ തന്നെ കണ്ട് ആസ്വദിക്കാം. അതിനുള്ള ആയുസ്സും കേരളവും ഉണ്ടാകണേ എന്ന് അത്യാഗ്രഹികൾക്കു പ്രാർഥിക്കുകയുമാവാം. പദ്ധതിക്കു മൊത്തം 50 ലക്ഷം ലോഡ് മണ്ണും 80 ലക്ഷം ലോഡ് കല്ലും വേണ്ടിവരുമെന്ന് പറഞ്ഞ് വെള്ളിരേഖയെ വിരട്ടാനാകില്ല. കുന്നും കുഴിയും ഇല്ലാത്ത നാടും സമൂഹവും തന്നെയാണ് ലക്ഷ്യം. യൂറോപ്പിലും ഏഷ്യാ ഭൂഖണ്ഡത്തിലുമൊന്നും നടക്കാത്തത്. ഇവിടെ നടക്കും. കേരളം സമതലമാകും. 'എല്ലാം ശരിയാകും'.


****                                         ****                                   ****


ചെണ്ടപ്പുറത്തു കോല് വീണാൽ ചെക്കന്മാർ അടങ്ങിയിരിക്കില്ല'. ചെണ്ടപ്പുറം പാറശാല. ഭരണകക്ഷിയുടെ ജില്ലാ സമ്മേളനത്തിനു കൊടിയേറി. അവിടെ 'മെഗാ കൈകൊട്ടിക്കളി'. 550 വനിതാ സഖാക്കൾ ഒന്നിച്ചിറങ്ങി കൈകൊട്ടി. കാക്ക, മൈന, കുയിൽ വർഗങ്ങൾ അതോടെ തമിഴ്‌നാട്ടിലേക്കു ചേക്കേറി. തന്നിമിത്തം തുടർന്നുള്ള ദിവസങ്ങളിൽ സൂര്യനുദിച്ചെങ്കിലും പ്രഭാതം നിശ്ശബ്ദം. ശരിക്കും സർക്കാരിന്റെ വക കോവിഡ് പ്രോട്ടോകോൾ ലംഘനമായി വിലസി മേൽപടി 'മെഗാകളി'. മുഖ്യകാണി എം.എ. ബേബി സഖാവായിരുന്നതിനാൽ ആരോഗ്യ വകുപ്പിനും പോലീസിനും 'കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യാ'ത്ത അവസ്ഥയായി. മൊത്തം കാണികളും കൂടി ചേർന്നാൽ സംഖ്യ 1500 കവിയും. ഇത്രയേറെ വനിതാ സഖാക്കൾ നമ്മുടെ പാർട്ടിയിൽ ഉണ്ടോ എന്നായി ജില്ലാ സഖാക്കളുടെ ശങ്ക. എൻക്വയറി കമ്മീഷനെ വേണ്ടിവരുമോ എന്നായി അടുത്ത ശങ്ക. വെറുതെ കുത്തിയിരുന്നു മുഷിഞ്ഞ തമിഴ്‌നാട് പെമ്പിളൈ സഖാക്കൾ ഗൂഢമായി എത്തി 'കളി'യിൽ ചേർന്നതാവാം. അന്വേഷിക്കാൻ പാർട്ടിക്ക് അതിശക്തമായ സംവിധാനമുണ്ട്. ആരോഗ്യ വകുപ്പും പോലീസും സാമൂഹ്യ അകലത്തിനു പുറമെ പത്തടി കൂടി അകന്നു നിന്നാൽ മതി. പോലീസിലാണെങ്കിൽ ആറെസ്സെസ്സിന്റെ ശല്യമുണ്ട്. പകരാം. ഭരണ നേട്ടങ്ങളുടെ (പിറക്കാൻ പോകുന്ന സിൽവർ ലൈൻ കുഞ്ഞിന്റെയും) വീരഗാഥകൾ പാടി ചുവടുവെയ്ക്കുന്ന തരുണീ സഖാക്കൾക്കു പകരം വെയ്ക്കാൻ ഇന്ത്യയിലോ പുറത്തോ വനിതാമണികളില്ല എന്നതും ഓർക്കണം.

****                                    ****                                      ****


ഭീഷണിപ്പെടുത്തിയോ അപവാദം പ്രചരിപ്പിച്ചോ സുധാകരന്റെ വായടപ്പിക്കാമെന്ന് ആരും കരുതേണ്ട എന്ന രമേശ്ജിയുടെ പ്രസ്താവന കേട്ട് അണികൾ വീണ്ടും വിരണ്ടു. ഗുരുക്കളെ ഇങ്ങനെ ഇക്കിളിപ്പെടുത്തി ഇളക്കി വിട്ട്, ഭാവിയിലേക്ക് സ്വന്തമായി വല്ല സ്വപ്‌ന പദ്ധതിയും മനസ്സിൽ കരുതുന്നുണ്ടാകുമോ? ചെന്നിത്തലജിയുടെ 'മുഖസ്തുതി' കേട്ടാൽ 'നിന്ദാസ്തുതി'യല്ലേ എന്ന് ചിലരെങ്കിലും സംശയിക്കും.

Latest News