Sorry, you need to enable JavaScript to visit this website.
Wednesday , October   05, 2022
Wednesday , October   05, 2022

കൂടുതൽ പോസിറ്റിവാകാം

കോവിഡിന്റെ കാര്യത്തിൽ പാൻഡമിക് നിലയിൽനിന്ന് എൻഡമിക് നിലയിലേക്ക് എത്തിയെങ്കിലും വൈറസിനോടുള്ള പ്രതികരണത്തിൽ വലിയ മാറ്റങ്ങൾ ഇനിയും വേണ്ടിയിരിക്കുന്നു എന്നാണ് വിദഗ്ധർ കരുതുന്നത്. പരിഭ്രാന്തിയുടെ ഭാഗമായി നാം എടുത്തണിഞ്ഞ പല വേഷങ്ങളും അഴിച്ചുവെക്കണം. പോസിറ്റിവ് ആകുമ്പോഴുള്ള ഏകാന്തവാസമാണ് അതിലൊന്ന്. കൂട്ടപരിശോധനയും കടുത്ത യാത്രാനിയന്ത്രണങ്ങളും അടച്ചിടലും ഒഴിവാക്കേണ്ടവയുടെ പട്ടികയിൽ പെടുന്നു. 

 


'വാൾ സ്ട്രീറ്റ് ജേണൽ യൂറോപ്പി'ലെ എഡിറ്റോറിയൽ പേജ് എഡിറ്ററും ബ്ലൂംബെർഗ് കോളമിസ്റ്റുമായ തെരേസ റാഫേലും സാം ഫെസലിയും ചേർന്നെഴുതിയ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്:
At the moment, the bark of SARSCoV2 looks worse than its bite. We'd be wise to adjust accordingly. 
കോവിഡ് വൈറസ് കുര മാത്രമേയുള്ളൂ, കടിയില്ലാത്ത സ്ഥിതിയിലേക്ക് നീങ്ങിയിരിക്കുന്നു, അതനുസരിച്ച് നമ്മളും കാര്യങ്ങൾ ക്രമീകരിക്കണം.
രണ്ടു കൊല്ലത്തോളമായി മാനവരാശിയുടെ ഗതിവിഗതി നിർണയിക്കുന്നത് ഈ വില്ലൻ വൈറസാണെന്നത് ശരി. എന്നാലിത് കാലാകാലം തുടരേണ്ട ഒരു പ്രതിഭാസമല്ല. കോവിഡിനെ പേടിച്ച് നമുക്ക് മുന്നോട്ടു പോകാൻ കഴിയില്ല. ശത്രു ദുർബലനായിരിക്കുന്നു, മനുഷ്യൻ അതിനെതിരെ കൂടുതൽ സായുധനും. പിന്നെന്തിന് പേടിക്കണം എന്നാണ് തെരേസ ചോദിക്കുന്നത്.
മൂന്നെന്നോ നാലെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന തരംഗം തിമിർത്താടുകയാണ്. കോവിഡ് അണുബാധ പിന്നെയും കുതിച്ചുകയറുന്നു. യൂറോപ്പിലും ഗൾഫിലും ഇന്ത്യയിലുമെല്ലാം ഈ പ്രതിഭാസം ദൃശ്യമാണ്. എന്നാൽ വൈറസിനോടുള്ള മനുഷ്യന്റെ പ്രതികരണത്തിൽ മാറ്റം വന്നിരിക്കുന്നു. പരിഭ്രാന്തിക്ക് പകരം ആത്മവിശ്വാസം. പക്ഷേ ആശ്വസിക്കാൻ സമയമായിട്ടില്ല. അതിന് കാരണം മറ്റൊന്നുമല്ല. കോവിഡിനെതിരായ പോരാട്ടത്തിൽ മനുഷ്യരാശി തുല്യമായ നേട്ടമല്ല കൈവരിച്ചിരിക്കുന്നത്. ഭയത്തിലും ആശങ്കയിലും തുടരാൻ വിധിക്കപ്പെട്ടവർ ധാരാളമുണ്ട്. വാക്‌സിൻ നീതി നടപ്പാക്കാൻ നമുക്കായിട്ടില്ല. ആശുപത്രി സംവിധാനങ്ങൾ ഇപ്പോഴും കടുത്ത സമ്മർദമനുഭവിക്കുന്നുണ്ട്.
വൈറസും മനുഷ്യനും തമ്മിലുള്ള ബലാബലത്തിൽ മാറ്റം വന്നിരിക്കുന്നു. വൈറസ് തരംഗം കടന്നുപോകുന്നതും കാത്ത് ബങ്കറുകളിൽ ഒളിച്ചിരിക്കേണ്ട അവസ്ഥ ഇപ്പോഴില്ല. പ്രതിരോധ കവചം തീർക്കാൻ നമുക്കായിട്ടുണ്ട്. വിവിധ രൂപത്തിലും ഭാവത്തിലും അതിലേക്ക് തുളച്ചുകയറാൻ വൈറസിന് ഇപ്പോഴും കഴിയുന്നുണ്ട്. എന്നാലത് സർവനാശത്തിന്റെ സന്ദേശമല്ല മുഴക്കുന്നത്. ശക്തിക്കുറവിന്റേതാണ്. കോവിഡിനോടുള്ള പ്രതികരണത്തിൽ മാറ്റം  വരുത്താനുള്ള സമയം ആഗതമായി എന്നാണ് അതിനർഥം. 
സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചെസ് തിങ്കളാഴ്ച യൂറോപ്പിനോട് നടത്തിയ ആഹ്വാനം ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണ്. സാർസ് വൈറസിനോടുളള മനുഷ്യന്റെ പ്രതികരണം, ഇപ്പോൾ നിലവിലുള്ള പല വൈറൽ രോഗങ്ങളുടേതിനും സമാനമാക്കിയാലെന്താണ് എന്നാണ് അദ്ദേഹം ചോദിച്ചത്. ഉദാഹരണം ഫഌ വൈറസ്. ഫഌ ബാധിച്ചെന്ന് കരുതി ആരും ബങ്കറുകളിൽ ഒളിക്കുന്നില്ല. ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ കൂടി കഴിയുന്നതോടെ കോവിഡിനെ ഫഌ പോലെ കാണണമെന്ന് അമേരിക്കയിലെ ആരോഗ്യ വിദഗ്ധർ പറയുന്നതും ഇതേ ചിന്തയാലാണ്. അടച്ചിടലിന്റെയും ഓടിയൊളിക്കലിന്റെയും കാലം കഴിഞ്ഞു, വികസിത രാജ്യങ്ങളിലെങ്കിലും.
കോവിഡ് നിയന്ത്രണങ്ങൾ മൂന്നാഴ്ച കൂടി നീട്ടിയെങ്കിലും ബ്രിട്ടൻ നേരത്തെയുളള പല കാര്യങ്ങളും ഒഴിവാക്കുകയാണ്. കൂട്ടപരിശോധനയാണ് അതിലൊന്ന്. യാത്രാ നിയന്ത്രണങ്ങളും പരിശോധനാ നിബന്ധനകളും ലഘൂകരിച്ചിട്ടുണ്ട്. ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നവർ അവിടെയിറങ്ങിയ ശേഷം ആർ.ടി.പി.സി.ആർ എടുക്കേണ്ടതില്ല. ഇപ്പോൾ നിലവിലുള്ള നിയന്ത്രണങ്ങൾ എടുത്തുകളയാൻ പ്രധാനമന്ത്രി ബോറിസ് ജോൺസനുമേൽ സമ്മർദം ശക്തമാണുതാനും.
പക്ഷേ പരിപൂർണ വിജയം പ്രഖ്യാപിക്കാറായിട്ടില്ല. പലേടത്തും അണുബാധയുടെ എണ്ണം കുതിച്ചുകയറുകയാണ്. വിഷമിപ്പിക്കുന്ന തരത്തിൽ മരണ സംഖ്യയുമുണ്ട്. ചില രാജ്യങ്ങളിലെങ്കിലും ആരോഗ്യ സംവിധാനങ്ങൾ സമ്മർദത്തിലാണ്. പാൻഡമിക് ഘട്ടത്തിൽനിന്ന് എൻഡമിക് ഘട്ടത്തിലേക്ക് നാം പ്രവേശിച്ചു എന്ന് തീർച്ചയായും പറയാം.  ദക്ഷിണാഫ്രിക്കയിൽനിന്നാണ് നടുക്കമുണ്ടാക്കിയ ഒമിക്രോൺ വാർത്ത എത്തിയത്. പരിഭ്രാന്തമായാണ് ലോകം അതിനോട് പ്രതികരിച്ചത്. പക്ഷേ ഇപ്പോൾ, ഒരു മാസം പിന്നിടുമ്പോൾ നമുക്കറിയാം, ഒമിക്രോൺ ഭീകരനല്ല എന്ന്. രോഗകാഠിന്യം വളരെ കുറവാണ്, വ്യാപനം അതിവേഗമാണെങ്കിലും.  ഈ വകഭേദത്തെക്കുറിച്ച വിവരം ലോകത്തിന് പങ്കുവെച്ചത് തെറ്റായിപ്പോയോ എന്നൂകൂടി ദക്ഷിണാഫ്രിക്ക പരിതപിക്കുന്ന നിലയിലായിരുന്നു നമ്മുടെ ആദ്യ പ്രതികരണം. ഞങ്ങളെ ഒറ്റപ്പെടുത്തരുതെന്ന് ലോകത്തോട് അവർക്ക് പരസ്യമായി അപേക്ഷിക്കേണ്ടി വന്നു. വളരെ വേഗം ലോകം തെറ്റ് തിരുത്തുകയും ചെയ്തു. നേരത്തെ പ്രചരിച്ച ഡെൽറ്റ വകഭേദം തന്നെയാണ് ഇപ്പോഴും പ്രധാന വെല്ലുവിളിയായി തുടരുന്നത്. എങ്കിലും പല രാജ്യങ്ങളും സാമൂഹിക പ്രതിരോധം കൈവരിക്കുകയും വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക് അടുക്കുകയും ചെയ്തതോടെ വെല്ലുവിളി കുറഞ്ഞിട്ടുണ്ട്.
ഒമിക്രോൺ ശരീരത്തെ ബാധിക്കുന്നത് വ്യത്യസ്തമായ രീതിയിലാണെന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ഹോങ്കോംഗ് സർവകലാശാലയുടെ ഫാക്കൽറ്റി ഓഫ് മെഡിസിൻ പറയുന്നത്, ഒമിക്രോൺ വകഭേദം മനുഷ്യന്റെ ശ്വാസകോശത്തിൽ പെരുകുന്നത് ഡെൽറ്റയേക്കാൾ സാവകാശത്തിലാണെന്നാണ്. അതിനാൽ ശരീരത്തിന് പ്രതിരോധം തീർക്കാൻ കൂടുതൽ സമയം ലഭിക്കുന്നു. ലക്ഷണങ്ങൾ തീവ്രമാകാത്തതിന് ഒരു കാരണം ഇതാണ്.
സ്വാഭാവിക പ്രതിരോധവും മികച്ച പങ്ക് വഹിക്കുന്നു. മഹാമാരിയുടെ ആദ്യ സമയത്ത് വലിയ തോതിൽ വൈറസ് വ്യാപനമുണ്ടായ സ്ഥലങ്ങളിൽ ജനങ്ങൾ മികച്ച പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. അവിടങ്ങളിൽ ഒമിക്രോൺ വലിയ ചലനമുണ്ടാക്കില്ല. ലണ്ടനിലെ ഇംപീരിയൽ കോളേജ് തിങ്കളാഴ്ച പുറത്തുവിട്ട ഒരു പഠനം നേരത്തെ പുറത്തു വന്ന ചില വിവരങ്ങൾ ശരിവെക്കുന്നതാണ്. സാധാരണ ജലദോഷത്തെ പ്രതിരോധിക്കാൻ ശരീരം കൈവരിക്കുന്ന ഇമ്യൂണിറ്റി തന്നെ കോവിഡ് വൈറസിനെ പ്രതിരോധിക്കാനും മതിയാകുന്നുണ്ട് ഇപ്പോൾ എന്നതാണത്. 
ഏറ്റവും പ്രധാനം വാക്‌സിനേഷൻ തന്നെയാണ്. പ്രത്യേകിച്ച് ബൂസ്റ്റർ ഡോസുകൾ, ഇത് വലിയ തോതിൽ ആശുപത്രിവാസം കുറക്കാൻ സഹായിച്ചു. ഗുരുതര രോഗികളിൽ നല്ലൊരു ശതമാനവും വാക്‌സിനെടുക്കാത്ത ആളുകളാണ് എന്നാണ് പുറത്തുവരുന്ന കണക്കുകൾ. കുറഞ്ഞ ഫലപ്രാപ്തിയുള്ള വാക്‌സിനുകൾ ഉപയോഗിച്ച ചൈനയെപ്പോലുള്ള രാജ്യങ്ങളിൽ ഇമ്യൂണിറ്റി ലെവൽ വളരെ താഴ്ന്നിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനും ഇത് ഉത്തരം നൽകുന്നുണ്ട്.
അപ്പോൾ കോവിഡിനോടുള്ള പ്രതികരണത്തിൽ എന്തു മാറ്റങ്ങളാണ് നാം വരുത്തേണ്ടത് എന്ന ചോദ്യം ഉയരുന്നു. പല രാജ്യങ്ങളും ആദ്യം കൈവെച്ചിരിക്കുന്നത് സെൽഫ് ഐസൊലേഷൻ എന്ന സ്വയം പ്രഖ്യാപിത തടവിനെയാണ്. യു.എസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ഈ ഏകാന്തവാസം പത്തിൽനിന്ന് അഞ്ചു ദിവസമായി കുറച്ചിട്ടുണ്ട്. ബ്രിട്ടനിൽ ആറും ഏഴും ദിവസങ്ങളിൽ തുടർച്ചയായി രണ്ട് പരിശോധനകളിൽ നെഗറ്റീവ് ആയാൽ ഒറ്റക്ക് താമസം അവസാനിപ്പിക്കാം. 28 ദിവസം വരെ ഏകാന്തവാസമിരുന്ന കാലത്തുനിന്നാണ് ഈ മാറ്റമെന്നോർക്കണം. ആദ്യം പതിനാലിലേക്കും പിന്നീട് പത്തിലേക്കും ഏഴിലേക്കുമെത്തിയ ഏകാന്തവാസം ഇനി പൂർണമായും ഒഴിവാക്കുന്നതിലേക്ക് എത്തിയേക്കാം.
വർക് ഫ്രം ഹോം, വിദ്യാലയ അടവ് എന്നിവയാണ് പുനപ്പരിശോധന അർഹിക്കുന്ന മറ്റു രണ്ട് കാര്യങ്ങൾ. പോസിറ്റിവ് ആണെങ്കിലും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ സുരക്ഷിതമായ മാസ്‌ക് ധരിച്ചുകൊണ്ട് ഓഫീസിലും സ്‌കൂളിലും മറ്റു പൊതുഇടങ്ങളിലും എത്താമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറിവരുന്നുണ്ട് പലേടത്തും. പോസിറ്റിവ് ആയാലുടൻ ഐസൊലേഷനിൽ അയക്കുകയെന്ന നയം വലിയ മണ്ടത്തരം ആയിപ്പോയെന്നും ആരോഗ്യ മേഖല അടക്കം ഇതിന്റെ പേരിൽ വലിയ നഷ്ടം അനുഭവിച്ചുവെന്നും പലരും വിലയിരുത്തുന്നുണ്ട്.
എന്തായാലും ലോകത്തെ ഉഴുതുമറിച്ച മഹാമാരിയെ കൂടുതൽ ശാന്തമായും ശുഭാപ്തിയോടെയും നേരിടാനൊരുങ്ങിയിട്ടുണ്ട് മാനവരാശി. വൈറസിനോടുള്ള നമ്മുടെ പരിഭ്രാന്തമായ പ്രതികരണങ്ങൾ അവസാനിക്കുന്നതോടെ, കൂടുതൽ സാധാരണമായ ലോകം വൈകാതെ കൈവരുമെന്ന ശുഭപ്രതീക്ഷ ലോകത്തിന് കരുത്തു പകരുന്നുമുണ്ട്. തെരേസ റാഫേൽ പറഞ്ഞതു പോലെ, കോവിഡ് കുരയ്ക്കട്ടെ, കടിക്കാതെ നോക്കാൻ ഞങ്ങൾക്കറിയാം എന്ന ആത്മവിശ്വാസമാണ് ആ കരുത്ത്.


 

Latest News