വിദ്യാര്‍ഥികളെ ജീപ്പ് കയറ്റി കൊന്ന് മുങ്ങിയ ബി.ജെ.പി നേതാവിനെതിരെ കേസ്

പട്ന- ബിഹാറിലെ മുസഫര്‍പൂരില്‍ റോഡ് മുറിച്ചു കടക്കാന്‍ കാത്തുനില്‍ക്കുകയായിരുന്ന ഒമ്പത് വിദ്യാര്‍ത്ഥികളെ വാഹനമിടിച്ചു കൊലപ്പെടുത്തി മുങ്ങിയ ബിജെപി പ്രാദേശിക നേതാവ് മനോജ് ബൈത്തക്കെതിരെ കേസെടുത്തു. ഇയാള്‍ക്കു വേണ്ടി പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. അപകടത്തില്‍ 10 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

അപകടമുണ്ടാക്കിയ ബൊലീറോ ഓടിച്ചിരുന്നത് ബൈത്ത തന്നെയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടം നടന്നയുടന്‍ ഇയാള്‍ വാഹനം ഉപേക്ഷിച്ചു ഇറങ്ങി ഓടുകയായിരുന്നു. വാഹനത്തിലെ ബിജെപി ചിഹ്നവും പേരുമാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത്.  ശനിയാഴ്ച ഉച്ച തിരിഞ്ഞ് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഹൈവേക്കു സമീപമുള്ള ധര്‍മപൂര്‍ ഗവ. മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
ബൈത്തയുടെ നാടായ ഫത്തേപൂരില്‍ പോലീസ് അരിച്ചു പെറുക്കിയെങ്കിലും ഇയാളെ കണ്ടെത്തിയില്ല. അപകട സമയത്ത് വാഹനമോടിച്ചിരുന്നത് ബൈത്തയാണെന്ന് തളിയിക്കുന്നതിന് ഹൈവേയില്‍ ടോള്‍ പിരിവു കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

രണ്ടു സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയില്‍ രക്ഷപ്പെടുന്നതിനിടെയാണ് ബൈത്ത സ്‌കൂള്‍ കൂട്ടികള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത്. ഈ രണ്ടു സ്ത്രീകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ബൈത്തയെ പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയതായി ബിജെപി ബിഹാര്‍ പ്രസിഡന്റ് നിത്യാനന്ദ് റായ് അറിയിച്ചു. 

Latest News