പോളിങ് പുരോഗമിക്കുന്നു; നാഗാലാന്‍ഡില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്ക്

ഷില്ലോങ്- മേഘാലയയിലും നാഗാലാന്‍ഡിലും നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലു വരെയാണ് പോളിങ്. ഇരു സംസ്ഥാനങ്ങളിലേയും 60 അംഗ സഭകളിലെ 59 വീതം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാഗാലാന്‍ഡിലെ ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിക്ക് എതിരില്ല. മേഘാലയയിലെ വില്യംനഗര്‍ മണ്ഡലത്തിലെ എന്‍സിപി സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കയാണ്. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഒരു പോളിംഗ് ബൂത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

മേഘാലയയില്‍ 370 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. ആകെ വോട്ടര്‍മാര്‍ 18,30,104. ഇതില്‍ 9,23,848 വോട്ടര്‍മാരും സ്ത്രീകളാണ്. നാഗാലാന്‍ഡില്‍ 184 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. മൊത്തം 11,91,513 വോട്ടര്‍മാരുണ്ടിവിടെ. ഇവരില്‍ 5,89,806 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.

ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പു ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. ഫെബ്രവരി 18-ന് തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലെ ഫലവും ശനിയാഴ്ച പുറത്തു വരും. ഈ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം. അതേസമയം ശക്തമായ വെല്ലുവിളികളുമായി പ്രാദേശിക കക്ഷികള്‍ രംഗത്തുണ്ട്. ക്രിസ്തീയ ആധിപത്യമുള്ള വടക്കു കിഴക്കന്‍ മേഖലകളില്‍ ഇവരുടെ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍.

Latest News