റിയാദ് - ഹൂത്തികൾക്ക് ഇറാൻ ആയുധങ്ങൾ നൽകുന്നതാണ് യെമൻ യുദ്ധം നീണ്ടുപോകാൻ കാരണമെന്ന് യു.എന്നിലെ അമേരിക്കൻ പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്ന ഇറാന്റെ പ്രവർത്തനത്തിന് മറ്റൊരു ഉദാഹരണമാണ് ഇറാനിൽ നിന്ന് ഹൂത്തികൾക്കുള്ള ആയുധക്കടത്ത്. ഇറാനിൽ നിന്ന് ഹൂത്തികൾക്ക് ആയുധങ്ങൾ പ്രവഹിക്കുന്നത് യെമനിൽ ഐക്യരാഷ്ട്രസഭ ബാധകമാക്കിയ ആയുധ ഉപരോധത്തിന്റെ നഗ്നമായ ലംഘനമാണ്.
യെമനിലെ അമേരിക്കൻ എംബസിയിലെ പ്രാദേശിക ജീവനക്കാരെ കസ്റ്റഡിയിൽ വെക്കുന്നതും ഉപദ്രവിക്കുന്നതും ഹൂത്തികൾ തുടരുകയാണ്. യു.എൻ ജീവനക്കാരെയും ഹൂത്തികൾ ഉപദ്രവിക്കുന്നു. യെമനിലെ അമേരിക്കൻ എംബസി സമുച്ചയത്തിന്റെ നിയന്ത്രണം ഹൂത്തികൾ പിടിച്ചടക്കിയിട്ടുണ്ട്. ഭീഷണികൾ ഹൂത്തികൾ ഉടനടി അവസാനിപ്പിക്കണം.
കസ്റ്റഡിയിലുള്ള അമേരിക്കൻ എംബസി, യു.എൻ ജീവനക്കാരെ ഹൂത്തികൾ സുരക്ഷിതരായി വിട്ടയക്കണമെന്നും അമേരിക്കൻ എംബസി സമുച്ചയത്തിൽ നിന്ന് ഒഴിഞ്ഞുപോണമെന്നും ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആവശ്യപ്പെട്ടു.
അൽഹുദൈദ തുറമുഖം സൈനിക ആവശ്യങ്ങൾക്ക് ഹൂത്തികൾ ഉപയോഗിക്കുന്നതിൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് യെമനിലേക്കുള്ള യു.എൻ ദൂതൻ ഹാൻസ് ഗ്രുൻഡ്ബർഗ് പറഞ്ഞു. അൽഹുദൈദ, അൽസ്വലീഫ് തുറമുഖങ്ങൾ ഹൂത്തികൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സ്ഥിരീകരിക്കുന്ന തെളിവുകൾ കഴിഞ്ഞ ശനിയാഴ്ച സഖ്യസേന പുറത്തുവിട്ടിരുന്നു.