Sorry, you need to enable JavaScript to visit this website.

ജനാധിപത്യവൽക്കരിക്കപ്പെടണം നമ്മുടെ കാമ്പസുകൾ

കേരളത്തിലെ കക്ഷിരാഷ്ട്രീയ കൊലകളുടെ കണക്കെടുത്ത് താരതമ്യം ചെയ്ത് തങ്ങൾ കൊന്നവരുടെ എണ്ണം കുറവാണെന്നു സമർത്ഥിക്കാൻ  േകാൺഗ്രസ് നേതാക്കൾക്കായേക്കും. എന്നാൽ അതല്ല രാഷ്ട്രീയ കേരളം ആവശ്യപ്പെടുന്നത്. സംസ്‌കാരമുള്ള ഒരു ജനതക്കു ചേരാത്ത ഇത്തരം അരുംകൊലകൾ എന്നന്നേക്കുമായി അവസാനിക്കലാണ്. അതിനു മുൻകൈയെടുക്കാനാണ് എല്ലാ പാർട്ടികളും തയാറാകേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം കോൺഗ്രസിനാണ്. 

 

ജനാധിപത്യത്തിന്റേയും രാഷ്ട്രീയത്തിന്റേയും ആദ്യപാഠങ്ങൾ പഠിക്കേണ്ട സ്ഥലങ്ങളാണ് കലാലയങ്ങൾ. ലോകത്തെങ്ങും അതങ്ങനെയാണ്. ജനാധിപത്യത്തിനായുള്ള രാഷ്ട്രീയ പോരാട്ടങ്ങളുടേയും ഉറവിടങ്ങളും പൊതുവിൽ കലാലയങ്ങൾ തന്നെ. ജനാധിപത്യ വിപ്ലവ കാലഘട്ടത്തിൽ പല യൂറോപ്യൻ രാജ്യങ്ങളിലും ലോകമത് കണ്ടതാണ്. സമീപകാലത്ത് ജനാധിപത്യാവകാശത്തിനായി നടന്ന   ചൈനയിലെ വിദ്യാർത്ഥി കലാപമൊന്നും മറക്കാറായിട്ടില്ലല്ലോ. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. സ്വാതന്ത്ര്യ സമര കാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ അതു പ്രകടമാണ്. നക്‌സൽ പ്രസ്ഥാനത്തിന്റെ ആദ്യകാല ശക്തി കാമ്പസുകൾ വിട്ടിറങ്ങിയ വിദ്യാർത്ഥികളായിരുന്നു. സമീപകാലത്ത് രോഹിത് വെമുലയുടെ ആത്മഹത്യക്കു ശേഷവും പൗരത്വ ഭേദഗതി നിയമത്തിനെതിരായും വിദ്യാർത്ഥികൾ നടത്തിയ പോരാട്ടങ്ങളും ഇന്ത്യ കണ്ടു. 

നിർഭാഗ്യവശാൽ പ്രബുദ്ധമെന്നൊക്കെ അഹങ്കരിക്കുന്ന കേരളത്തിലെ അവസ്ഥ വ്യത്യസ്തമാണ്. ഇവിടത്തെ രാഷ്ട്രീയ ചലനങ്ങളിലൊന്നും വിദ്യാർത്ഥികളുടെ പങ്ക് കാര്യമായി ഉണ്ടായിട്ടില്ല. ആകെ ഉണ്ടായി എന്നു പറയാവുന്നത് ഇപ്പോഴും വിവാദമായ വിമോചന സമരത്തിലാണ്. മറിച്ച് തങ്ങളുടെ പിതൃസംഘടനകളിലേക്ക് ആളെ കൂട്ടുന്ന പ്രവർത്തനമാണ് പൊതുവിൽ ഇവിടത്തെ വിദ്യാർത്ഥി സംഘടനകൾ നടത്തുന്നത്. അതിനാൽ തന്നെ കേരള രാഷ്ട്രീയ സമൂഹത്തിലെ ജീർണതകളെല്ലാം കലാലയ രാഷ്ട്രീയത്തിലും കാണാം. കക്ഷിരാഷ്ട്രീയ കൊലകളും സമഗ്രാധിപത്യ പ്രവണതകളും ജനാധിപത്യ വിരുദ്ധതയും സദാചാര ഗുണ്ടായിസവുമെല്ലാം ഉദാഹരണങ്ങൾ.  അതിന്റെ അവസാന ഉദാഹരണമാണ് ഇപ്പോൾ കെ.എസ്.യുക്കാർ നടത്തിയ അരുംകൊല... ജനാധിപത്യത്തിനു ആപത്തായ കേഡർമാരാകുക എന്ന കെ. സുധാകരന്റെ ആഹ്വാനവും ഇതിനു കാരണമായിട്ടുണ്ടെന്നുറപ്പ്... 

കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള അരറുംകൊലകൾ ഏറ്റവും കൂടുതൽ നടക്കുന്ന പ്രദേശമാണ് കേരളം. ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും പ്രധാനപ്പെട്ട മിക്കവാറും പാർട്ടികൾ അതിൽ പങ്കാളികളാണ്. അതിന്റെ അനുരണനങ്ങൾ തന്നെയാണ് കലാലയങ്ങളിലും നടക്കുന്നത്. ജനാധിപത്യ പ്രക്രിയയുടെ പരിശീലന കളരികളാകേണ്ട കലാലയങ്ങൾ മിക്കവയും മറ്റു സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത, ചില സംഘടനകളുടെ ജനാധിപത്യ വിരുദ്ധമായ കോട്ടകളാണ്. മാത്രമല്ല, വിദ്യാർത്ഥി രാഷ്ട്രീയം ആൺവിദ്യാർത്ഥികളുടെ കൈക്കരുത്തിന്റെ പ്രതീകം മാത്രമായിരിക്കുന്നു. കേരള രാഷ്ട്രീയത്തിൽ സ്ത്രീകളുടെ സ്ഥാനം എത്രയോ നിസ്സാരമാണെന്നതിന്റ കാരണം കലാലയങ്ങളിൽ നിന്നു തന്നെ കാണാം. കലാലയ രാഷ്ട്രീയത്തിൽ വിദ്യാർത്ഥിനികൾക്കാണ് നേതൃത്വമെങ്കിൽ അക്രമങ്ങൾക്കു കാര്യമായ സ്ഥാനമുണ്ടാവില്ല. അതിന്റെ തുടർച്ച സംസ്ഥാന രാഷ്ട്രീയത്തിലും പ്രതിഫലിക്കും. എന്നാലതൊക്കെ വെറും ആഗ്രഹം മാത്രമാണ്.  ശരിക്കും ഗുണ്ടാ രാഷ്ട്രീയമായി മാറിയതിനാലായിരിക്കാം  വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ പൊതുവികാരം വളർന്നതിനും കോടതി തന്നെ അതിനെതിരെ നിരോധനവുമായി വരാനും കാരണമായത്. ജനാധിപത്യത്തിനു നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അതെന്നു പോലും ഇവരാരും മനസ്സിലാക്കുന്നില്ല. 

സംസ്ഥാനത്തെ അക്രമ രാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോൾ പൊതുവിൽ പരാമർശിക്കപ്പെടുക സി.പി.എം, ബി.ജെ.പി പാർട്ടികളും അവരുമായി ബന്ധപ്പെട്ട മറ്റു സംഘടനകളുമാണ്. സമീപകാലത്തായി എസ്.ഡി.പി. ഐയും ഈ പട്ടികയിലുണ്ട്. അതേസമയം കലാലയങ്ങളിൽ നടത്തിയ കൊലപാതകങ്ങളുടെ കണക്കെടുത്താൽ ഒന്നാം സ്ഥാനത്ത് കെ.എസ്. യു ആണെന്നു കാണാം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സമഗ്രാധിപത്യമുണ്ടായിരുന്ന കാലത്ത് നിരവധി എസ്.എഫ്.ഐ പ്രവർത്തകരെ അവർ വധിച്ചിട്ടുണ്ട്. പിന്നീടും അതാവർത്തിച്ചിട്ടുണ്ട്. എന്നാൽ സമീപകാലത്ത് ആ പ്രവണതയിൽ കുറവുണ്ടായിരുന്നു. ഒന്നാമതായി കെ.എസ്.യുവിന്റെ പ്രതാപം നഷ്ടപ്പെട്ടു. മറുവശത്ത് മിക്കയിടങ്ങളിലും എസ്.എഫ്.ഐയുടെ സമഗ്രാധിപത്യമാണ് നിലനിൽക്കുന്നത്. മറ്റു സംഘടനകളുടെ പ്രവർത്തനങ്ങൾ തടഞ്ഞ്, മിക്ക കലാലയങ്ങളേയും ജനാധിപത്യ വിരുദ്ധമായ ചുവപ്പുകോട്ടകളാക്കി മാറ്റാനവർക്കു കഴിഞ്ഞു. സഖ്യകക്ഷിയായ എ.ഐ. എസ്.എഫ് പ്രവർത്തകർ പോലും പലയിടത്തും ആക്രമിക്കപ്പെട്ടിരുന്നു. യൂനിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സമഗ്രാധിപത്യത്തിന്റെ രൂക്ഷത കേരളം കണ്ടതുമാണ്. 

ഇത്തരമൊരു സാഹചര്യത്തിലാണ് ഈ അരുംകൊല നടന്നിരിക്കുന്നത്. തീർച്ചയായും അതിനുള്ള പ്രധാന പ്രചോദനം കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരന്റെ പ്രവർത്തന ശൈലിയും വാക്കുകളുമാണെന്നുറപ്പ്. കണ്ണൂരിലെ മിക്ക രാഷ്ട്രീയ നേതാക്കളേയും പോലെ ഒരു ജനാധിപത്യ പാർട്ടിയുടെ തലപ്പത്തിരിക്കാൻ ഒരു അർഹതയുമില്ലാത്ത നേതാവാണ് കെ. സുധാകരൻ. ശരീര ഭാഷ മുതൽ അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തന ശൈലിയുമെല്ലാം അതു വിളിച്ചു പറയുന്നു. തകർന്ന കോൺഗ്രസിനേയും പോഷക സംഘടനകളേയും ശക്തിപ്പെടുത്താൻ സുധാകരനേ കഴിയൂ എന്ന ചില നേതാക്കളുടേയും പ്രവർത്തകരുടേയും പ്രതീക്ഷകളാണ് അദ്ദേഹത്തെ ഈ സ്ഥാനത്തെത്തിച്ചത്. ഇത് കോൺഗ്രസിനെ ജനാധിപത്യ വിരുദ്ധ പാതയിലേക്കു നയിക്കുകയേ ഉള്ളൂ എന്ന് പലരും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. അതു തന്നെയാണിപ്പോൾ സംഭവിക്കുന്നത്. സംഘടനയെ ചലിപ്പിക്കണം എന്നതിൽ സംശയമില്ല. വരുന്ന തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടാൽ കേരളത്തിലും കോൺഗ്രസ് വട്ടപ്പൂജ്യമാകുമെന്നതും ശരി. പക്ഷേ സംഘടനയെ ചലിപ്പിക്കൽ ജനാധിപത്യപരമായും പ്രവർത്തകരെ രാഷ്ട്രീയവൽക്കരിച്ചുമാണ്. എന്നാൽ അതല്ല സുധാകരന്റെ ശൈലി. അദ്ദേഹത്തിന്റെ സെമി കേഡർ പാർട്ടി എന്ന ലക്ഷ്യം തന്നെ ജനാധിപത്യപരമെന്നു പറയാനാവില്ല. സമഗ്രാധിപത്യം ലക്ഷ്യമാക്കുന്ന പാർട്ടികളാണ്, പാർട്ടിക്കു വേണ്ടി എന്തിനും തയാറാകുന്ന കേഡർമാരെ വാർത്തെടുക്കുന്നത്. ഒരു ബഹുജന പാർട്ടിയെന്നവകാശപ്പെടുന്ന കോൺഗ്രസിനു ഒരിക്കലും ആവശ്യമില്ലാത്ത വിഭാഗമാണത്. എന്നാലതാണ് സുധാകരൻ ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിന്റെ സ്വാഭാവിക പ്രതികരണമാണ് ഏറെ കാലത്തിനു ശേഷം കാമ്പസിൽ ഇത്തരമൊരു കൊലപാതകം നടത്താൻ കുറ്റവാളികൾക്ക് ഊർജം നൽകിയതെന്നതിൽ സംശയമില്ല. 

ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന നിരവധി നേതാക്കൾ കോൺഗ്രസിലുണ്ട്. ഇത് അവരുടെ ഊർജമാണ്. സുധാകരന്റെ പ്രവർത്തന ശൈലി മാറ്റാനുള്ള സമ്മർദമാണ് അവർ നടത്തേണ്ടത്. വി.ഡി. സതീശനു അതിൽ പ്രധാന പങ്കുണ്ട്. എന്നാൽ അദ്ദേഹം പോലും സുധാകരനെ ന്യായീകരിക്കുന്നതാണ് കേട്ടത്. കേരളത്തിലെ കക്ഷിരാഷ്ട്രീയകൊലകളുടെ കണക്കെടുത്ത് താരതമ്യം ചെയ്ത് തങ്ങൾ കൊന്നവരുടെ എണ്ണം കുറവാണെന്നു സമർത്ഥിക്കാൻ ാേകൺഗ്രസ് നേതാക്കൾക്കായേക്കും. എന്നാൽ അതല്ല, രാഷ്ട്രീയ കേരളം ആവശ്യപ്പെടുന്നത്. സംസ്‌കാരമുള്ള ഒരു ജനതക്കു ചേരാത്ത ഇത്തരം അരുംകൊലകൾ എന്നന്നേക്കുമായി അവസാനിക്കലാണ്. അതിനു മുൻകൈയെടുക്കാനാണ് എല്ലാ പാർട്ടികളും തയാറാകേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം കോൺഗ്രസിനാണ്. 


 

Latest News