Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അധികാര മോഹികളുടെ അവസരവാദ രാഷ്ട്രീയം 

സ്ഥാനാർത്ഥി നിർണയത്തോടെ ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ വർധിച്ചേക്കുമെന്നാണ് സൂചനകൾ. നിലവിലെ നിരവധി എം.എൽ.എമാരെ ഇക്കുറി ഒഴിവാക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. നിസ്സാര വോട്ടുകൾക്കാണ് ബി.ജെ.പിയുടെ ഭൂരിപക്ഷം എം.എൽ.എമാരും 2017 ൽ വിജയിച്ചത്. മോശം പ്രകടനം ജനവിരുദ്ധ വികാരത്തിനും കാരണമായിരിക്കുന്നു. പുതുമുഖങ്ങളെ രംഗത്തിറക്കാൻ തീരുമാനിച്ചാൽ പാർട്ടിക്കുള്ളിൽ അത് വലിയ പൊട്ടിത്തെറിയുണ്ടാക്കും. കേന്ദ്ര നേതൃത്വത്തിനു പോലും പരിഹരിക്കാനാവാത്ത വിധമായിരിക്കും ബി.ജെ.പിയിലെ പ്രതിസന്ധി. 

ഫെബ്രുവരി പതിനാലിനാണ് 40 അംഗ ഗോവ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. അധികാരത്തിനായുള്ള അതിരു കടന്ന കച്ചവടത്താൽ ഗോവയിലെ രാഷ്ട്രീയം നുരഞ്ഞുപൊന്തുകയാണ്. പ്രധാന പാർട്ടികളടക്കം തകർന്നടിയുന്ന കാഴ്ചകൾ ഗോവൻ രാഷ്ട്രീയ പവിലിയനിലിരുന്നാൽ കാണാം. ഗോവയുടെ ചരിത്രം അങ്ങനെയാണ്. ബിജെപിയുടെ അധികാര വെറിയിൽ കൂറുമാറ്റം കൊണ്ടും ഗോവ ശ്രദ്ധേയമായി. ആകെയുള്ള നാൽപതിൽ 15 എം.എൽ.എമാരും കൂറുമാറി വിവാദം സൃഷ്ടിച്ചവരാണ്. നിലവിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്കും നേരത്തേ ഭരണം കൈയാളിയിരുന്ന കോൺഗ്രസിനുമെല്ലാം ആസന്നമായ തെരഞ്ഞെടുപ്പ് അതിനിർണായകമാണ്. ആഭ്യന്തര കലാപമാണ് ബി.ജെ.പിയെ അലട്ടുന്നതെങ്കിൽ കോൺഗ്രസിനുള്ളത് സംഘടനാ പ്രശ്‌നങ്ങളാണെന്ന് പറയാം. 2017 ലെ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നിയമസഭയിലെത്തിയവരാണ് കോൺഗ്രസ്. 13 സീറ്റുള്ള ബി.ജെ.പി രണ്ടാം സ്ഥാനത്തും. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.എ.ജി), ഗോവ ഫോർവേഡ് പാർട്ടി (ജി.എഫ്.പി) എന്നീ കക്ഷികൾക്ക് മൂന്ന് വീതവും എൻ.സി.പിക്ക് ഒരാളും മൂന്ന് സ്വതന്ത്രരുമാണ് സഭയിലെ മറ്റംഗങ്ങൾ. 2017 ഫെബ്രുവരി നാലിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ്. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് പരിപൂർണമായി വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വി.വി.പി.എ.ടി-വി.വിപാറ്റ്) മെഷീനുകൾ ഉപയോഗിച്ച തെരഞ്ഞെടുപ്പ് എന്ന റെക്കോഡ് ഗോവക്ക് അന്ന് സ്വന്തമായി. തൂക്കു മന്ത്രിസഭയും സുപ്രീം കോടതി ഇടപെടലും വിശ്വാസ വോട്ടെടുപ്പും രാഷ്ട്രീയ കുതിരക്കച്ചവടവുമായി ഗോവ ദേശീയ തലത്തിൽ നിറഞ്ഞുനിന്നു. അട്ടിമറിയിലൂടെ ബി.ജെ.പി അധികാരം പിടിച്ചത് ജനാധിപത്യത്തിനു മേലുള്ള മറ്റൊരു കളങ്കം കൂടിയായി. ഗോവ തിരിച്ചുപിടിക്കാൻ കോൺഗ്രസ് സജീവ ഇടപെടലുകളാണ് തുടരുന്നത്. രാഹുൽ ഗാന്ധി തന്നെ ഒന്നിലേറെ തവണയായി ഗോവയിൽ നേരിട്ടെത്തി ചരടുവലികൾ നടത്തുന്നുണ്ട്. ഗോവൻ മണ്ണിലെ പാർട്ടി സ്വാധീനം നിലനിർത്തുന്നതിനും രാഹുൽ പരിശ്രമം നടത്തുന്നുണ്ട്.


ഗോവയിലെ തൊഴിൽ മേഖലയിലും പരിസ്ഥിതി മേഖലയിലും കോൺഗ്രസിന്റെ നിലപാട് തുറന്നുപറഞ്ഞ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ആദ്യ സൂചനയടക്കം രാഹുൽ വെളിപ്പെടുത്തിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികളുമായി നേരിട്ട് സംവദിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രാദേശിക പാർട്ടികളുടെ നേതൃത്വവുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ട്. സഖ്യത്തിലൂടെ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന ലക്ഷ്യമാണ് കോൺഗ്രസിന്റേത്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന പൊതുധാരണയിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള തയാറെടുപ്പാണ് നടക്കുന്നത്. എൻ.സി.പി, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്കു പുറമെ പ്രാദേശിക പാർട്ടികളും സംസ്ഥാനത്ത് സജീവമാണ്. കോൺഗ്രസിനും മീതെ പറക്കാനുള്ള മമതാ ബാനർജിയുടെ ഗോവൻ ദൗത്യം കോൺഗ്രസ് ഏതു വിധത്തിൽ സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ബി.ജെ.പിക്കെതിരെ പൊരുതാൻ തൃണമൂലുമായി സഖ്യത്തിലേർപ്പെടണമെന്ന മമത ബാനർജി ആവശ്യത്തോട് കോൺഗ്രസ് ഇനിയും പ്രതികരിച്ചിട്ടില്ല. കോൺഗ്രസിൽ നിന്ന് രാജിവെച്ച് തൃണമൂലിൽ ചേർന്ന മുൻ പി.സി.സി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ലൂസിഞ്ഞോ ഫലെയ്‌റോയെ മുൻ നിർത്തിയാണ് ഗോവയിൽ മമത സംഘടന ചലിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും കോൺഗ്രസിന് പരമ്പരാഗതമായി വോട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ നേതാക്കളുടെ അധികാരക്കൊതിയിൽ തനിച്ചു മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചാൽ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. തൃണമൂൽ, ആം ആദ്മി പോലുള്ള പാർട്ടികൾ കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വിശാലമായ പ്രതിപക്ഷ സഖ്യം ഇല്ലെന്നതു മാത്രമാണ് പോരായ്മ. ജി.എഫ്.പിയാണ് നിലവിൽ കോൺഗ്രസ് സഖ്യത്തിലുള്ളത്. നേരത്തെ ബി.ജെ.പി മുന്നണിയിലായിരുന്നു ജി.എഫ്.പി എന്നതും ശ്രദ്ധേയമാണ്. ഇതിനകം പുറത്തു വന്ന സർവേകളിൽ ആം ആദ്മിയെയും പിറകിലാക്കി മൂന്നാം സ്ഥാനത്താണ് കോൺഗ്രസ്.


ഒന്നാം സ്ഥാനത്തുള്ള ബി.ജെ.പിയും കോൺഗ്രസും തമ്മിൽ 10 ശതമാനത്തിന്റെ വ്യത്യാസവും സർവേകൾ പ്രവചിക്കുന്നു. ഈ സാഹചര്യത്തിൽ ആം ആദ്മി, തൃണമൂൽ തുടങ്ങിയവയുമായി യോജിച്ച മുന്നേറ്റമാണ് ബി.ജെ.പിയെ തുരത്തുക എന്ന ഗോവയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് കോൺഗ്രസിന് ചെയ്യാനുള്ളത്. എന്തു തന്നെയായാലും തൃണമൂൽ കോൺഗ്രസിന്റെ ഗോവൻ യാത്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയൊരു ഓളം സൃഷ്ടിക്കുമെന്ന് ഉറപ്പായി. മമതാ ബാനർജി ഒന്നിലേറെ തവണ സംസ്ഥാനത്തെത്തി. രാഷ്ട്രീയ നീക്കത്തിന്റെ ഫലമായി എം.എ.ജി തൃണമൂൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. സഭയിലെ ഏക എൻ.സി.പി അംഗം ചർച്ചിൽ അലമാവോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇദ്ദേഹത്തിന്റെ മകളും എൻ.സി.പി വിട്ട് തൃണമൂലിലെത്തി. കൂറുമാറ്റ നിരോധന നിയമ പരിധിയിൽ പെടാതിരിക്കാൻ സഭയിലെ എൻ.സി.പി നിയമസഭാ കക്ഷി തൃണമൂൽ കോൺഗ്രസിൽ ലയിക്കുകയാണെന്ന ഔദ്യോഗിക കത്ത് സ്പീക്കർക്ക് നൽകിയാണ് എഴുപത്തിരണ്ടുകാരനായ ചർച്ചിൽ മറുകണ്ടം ചാടിയത്. ചർച്ചിലും മറ്റു നിരവധി പ്രമുഖരും തൃണമൂലിലെത്തിയത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിലായിരുന്നു. 
ടെന്നിസ് താരം ലിയാണ്ടർ പേസ്, നടി നഫീസ അലി, മുൻ മുഖ്യമന്ത്രി ലുസീനോ ഫലീറോ എന്നിവരാണ് ഇവരിൽ പ്രധാനികൾ. സ്ഥാനാർത്ഥി നിർണയത്തോടെ ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ വർധിച്ചേക്കുമെന്നാണ് സൂചനകൾ. നിലവിലെ നിരവധി എം.എൽ.എമാരെ ഇക്കുറി ഒഴിവാക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. നിസ്സാര വോട്ടുകൾക്കാണ് ബി.ജെ.പിയുടെ ഭൂരിപക്ഷം എം.എൽ.എമാരും 2017 ൽ വിജയിച്ചത്. മോശം പ്രകടനം ജനവിരുദ്ധ വികാരത്തിനും കാരണമായിരിക്കുന്നു. പുതുമുഖങ്ങളെ രംഗത്തിറക്കാൻ തീരുമാനിച്ചാൽ പാർട്ടിക്കുള്ളിൽ അത് വലിയ പൊട്ടിത്തെറിയുണ്ടാക്കും. കേന്ദ്ര നേതൃത്വത്തിനു പോലും പരിഹരിക്കാനാവാത്ത വിധമായിരിക്കും ബി.ജെ.പിയിലെ പ്രതിസന്ധി. അടുത്തിടെ നടന്ന ഗോവയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം മാത്രമാണ് ബി.ജെ.പിക്കും മുഖ്യമന്ത്രി പ്രമോദ് സാവന്തിനും ഉള്ള ആത്മവിശ്വാസം.


 

Latest News