കാസർകോട്- പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ ഇരിയ യൂണിറ്റ് പ്രസിഡണ്ടും സി.പി.എം മെമ്പറും പാർട്ടി നിയന്ത്രണത്തിലുള്ള വനിതാ സഹകരണസംഘം രാത്രി കാവൽക്കാരനുമായ ടി സുമേഷിനെതിരെ (26) ആണ് ആദൂർ പോലീസ് സ്വമേധയാ കേസെടുത്തത്. പീഡനം സംബന്ധിച്ച് പെൺകുട്ടി പൊലീസിൽ പരാതിയൊന്നും നൽകിയിരുന്നില്ല. പെൺകുട്ടിയെ ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ച സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ നടന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. 10 വയസുമുതൽ ഇയാൾ തന്നെ പീഡിപ്പിക്കുന്നതായുള്ള പെൺകുട്ടിയുടെ ശബ്ദസന്ദേശം പോലീസിന് ലഭിച്ചിരുന്നു. ബേക്കൽ ഡിവൈ.എസ്.പി സി.കെ സുനിൽകുമാറിന്റെ നിർദേശത്തെ തുടർന്നാണ് സുമേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടി സി.പി.എം നേതൃത്വത്തിന് നേരത്തെ പരാതി നൽകിയിരുന്നു. പാർട്ടിയുടെ ലോക്കൽ കമ്മിറ്റിയോഗം ചേർന്ന് സുമേഷിനെ പുറത്താക്കാൻ തീരുമാനിക്കുകയും പരാതി പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സുമേഷിനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും രേഖാമൂലമുള്ള പരാതി ലഭിക്കാതിരുന്നതിനാൽ വിട്ടയച്ചു. എന്നാൽ പ്രതിയെ രക്ഷപ്പെടാൻ പോലീസ് സഹായിച്ചുവെന്ന ആരോപണുയർത്തി യു.ഡി.എഫും ബി.ജെ.പിയും രംഗത്തുവന്നതോടെയാണ് പ്രശ്‌നം വീണ്ടും ചൂടുപിടിച്ചത്. അതിനിടെ പാർട്ടിവിരുദ്ധപ്രവർത്തനം നടത്തിയതിന് ഇരിയണ്ണി ബ്രാഞ്ചംഗം ടി സുമേഷിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ നിന്ന് അറിയിച്ചു. സംഘടനയിൽ നിന്ന് പുറത്താക്കിയതായി ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയും വ്യക്തമാക്കി.






