ആര്‍എസ്എസ് മൂര്‍ഖൻ, ബിജെപി പാമ്പ്; ഇവരെ യുപിയില്‍ നിന്ന് തുരത്തുന്ന കീരിയാണ് താനെന്ന് പാര്‍ട്ടിവിട്ട മന്ത്രി

ലഖ്‌നൗ- യുപിയില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുഖ്യമന്ത്രി യോഗിയേയും ബിജെപി സര്‍ക്കാരിനേയും വെട്ടിലാക്കി പാര്‍ട്ടി വിട്ട മുന്‍ മന്ത്രിയും പ്രമുഖ പിന്നാക്ക വിഭാഗ നേതാവുമായ സ്വാമി പ്രസാദ് മൗര്യ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ വെല്ലുവിളിയുമായി രംഗത്ത്. ആര്‍എസ്എസ് മൂര്‍ഖനാണെന്നും ബിജെപി പാമ്പാണെന്നും ഇവരെ യുപിയില്‍ നിന്ന് തുടച്ചുനീക്കുംവരെ പൊരുതുന്ന കീരിയാണ് താനെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുപിയില്‍ ബിജെപിയുടെ അവസാനത്തിനു തുടക്കമായി എന്ന് മൗര്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഹിന്ദിയിലുള്ള ട്വീറ്റിലൂടെയാണ് ഇന്നത്തെ അദ്ദേഹത്തിന്റെ പ്രതികരണം. ദളിതരുടേയും കര്‍ഷകരുടേയും തൊഴില്‍രഹിതരുടേയും അവകാശങ്ങളെ വരിഞ്ഞുമുറുക്കുന്ന പെരുമ്പാമ്പിനോടും അദ്ദേഹം ബിജെപിയെ ഉപമിച്ചിരുന്നു. 

ബിജെപിയെ ഞെട്ടിച്ച് ചൊവ്വാഴ്ചയാണ് മൗര്യ മന്ത്രി പദവി രാജിവച്ച് ബിജെപിയില്‍ നിന്ന് പുറത്തു വന്നത്. മൗര്യയ്ക്കു പിന്നാലെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മറ്റു രണ്ടു മന്ത്രിമാരും ഏഴ് എംഎല്‍എമാരുമാണ് ബിജെപി വിട്ടത്. ഇവര്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണം ഇല്ല. അതിനിടെ ഭാവി നീക്കത്തെ കുറിച്ച് വെള്ളിയാഴ്ച സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മൗര്യ പറഞ്ഞിരുന്നു.

Latest News