Sorry, you need to enable JavaScript to visit this website.

അമ്പരന്ന് ബോളിവുഡ്; മുംബൈയിലെ വീട്ടിലേക്ക് താരങ്ങളുടെ ഒഴുക്ക്‌

ശ്രീദേവിയുടെ മുംബൈയിലെ വസതിക്കുമുന്നിൽ ഉയർന്ന ബോർഡ്.

മുംബൈ- ബോളിവുഡ് ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ ആകസ്മിക നിര്യാണത്തിലും തുടർന്നുള്ള വാർത്തകളിലും അമ്പരന്ന് ഇന്ത്യൻ സിനിമാ ലോകം. മൃതദേഹം ദുബായിൽനിന്ന് എന്ന് മുംബൈയിലേക്ക് കൊണ്ടുവരുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും കുടുംബാംഗങ്ങളെ അനുശോചനമറിയിക്കാനും ദുഃഖം പങ്കുവെക്കാനും, ശ്രീദേവിയുടെ ഭർതൃസഹോദരനും പ്രശസ്ത താരവുമായ അനിൽ കപൂറിന്റെ മുംബൈയിലെ വസതിയിലേക്ക് ബോളിവുഡിലെയും ഇതര ഇന്ത്യൻ ഭാഷാ സിനിമകളിലെയും പ്രമുഖർ ഒഴുകുകയാണ്. 


ശ്രീദേവിയുടെ മരണം നേരത്തെ പുറത്തുവന്നതുപോലെ ഹൃദയാഘാതം മൂലമല്ലെന്നും, ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചതാണെന്നുമുള്ള വാർത്ത സിനിമാ ലോകത്തെയും ആരാധകരെയും അമ്പരപ്പിച്ചിട്ടുണ്ട്. ശ്രീദേവയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയിരുന്നതായും ശരീരത്തിൽ മദ്യത്തിന്റെ അംശമുള്ളതായുമാണ് വിശദമായ പോസ്റ്റ്‌മോർട്ടത്തിനുശേഷം ദുബായ് പോലീസ് പറയുന്നത്. അസ്വാഭാവിക മരണമായതിനാൽ തന്നെ മൃതദേഹം ദുബായിൽനിന്ന് വിട്ടുകിട്ടുന്നതിനുള്ള നടപടികളും വൈകുന്നു. കേസ് പോലീസ് ദുബായ് പ്രോസിക്യൂഷന് കൈമാറിയതോടെ കോടതി തീരുമാനത്തിനുശേഷമേ മൃതദേഹം വിട്ടുകിട്ടൂ. ബന്ധുക്കളിൽ പലരും മുംബൈയിലെത്തിയെങ്കിലും ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ദുബായിൽതന്നെ തുടരുകയാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഇളയ മകൾ ഖുശിയും മുംബൈയിലേക്ക് തിരിച്ചതായാണ് വിവരം. ചിത്രീകരണത്തിന്റെ തിരക്കുണ്ടായിരുന്നതിനാൽ മൂത്ത മകൾ ഝാൻവി ദുബായിലേക്ക് പോയിരുന്നില്ല. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകൻ അർജുൻ കപൂറും അമൃത്സറിലെ ഷൂട്ടിംഗ് ലൊക്കേഷനിൽനിന്ന് മുംബൈയിലെത്തി.


ശ്രീദേവിക്കൊപ്പം അഭിനയിച്ചിട്ടുള്ള പ്രശസ്ത താരങ്ങളായ മാധുരി ദീക്ഷിത്, ജയപ്രദ, താബു, തെലുങ്ക് സൂപ്പർ താരം വെങ്കടേഷ്, കമലഹാസന്റെ മുൻ ഭാര്യയും നടിയുമായ സരിക, മക്കൾ ശ്രുതി ഹാസൻ, അക്ഷര ഹാസൻ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, അമീഷ പട്ടേൽ, റസൂൽ പൂക്കുട്ടി, നാസർ, സയ്യാമി ഖേർ, ജെലേനിയ ഡിസൂസ തുടങ്ങിയവർ ഇന്നലെ മുംബൈയിലെ വസതിയിലെത്തി. 
നടൻ ഫർഹാൻ അഖ്തർ അമ്മയും സിനിമാ രചയിതാവുമായ ഹണി ഇറാനിക്കൊപ്പമാണ് എത്തിയത്. ശ്രീദേവിയുടെ പ്രശസ്ത ചിത്രമായ ലംഹേയുടെ തിരക്കഥ രചിച്ചത് ഹണി ഇറാനിയാണ്. മിസ്റ്റർ ഇന്ത്യയിലെ പ്രശസ്തമായ 'ഹവാ ഹവായ്' അടക്കം ശ്രീദേവിയുടെ പല ഹിറ്റ് ഗാനങ്ങളിലും നൃത്തസംവിധായകനായിരുന്ന സരോജ് ഖാൻ, പ്രശസ്ത കോറിയോഗ്രഫർ ഫറാ ഖാൻ തുടങ്ങിയവരും അനിൽ കപൂറിന്റെ വസതിയിലെത്തി. കഴിഞ്ഞ ദിവസം രേഖ, റാണി മുഖർജി, മനീഷ് മൽഹോത്ര, സംവിധായകൻ എൻ. ചന്ദ്ര, മുൻ എം.പി അമർ സിംഗ് തുടങ്ങിയവർ എത്തിയിരുന്നു.
നൂറു കണക്കിന് ആരാധകരും താരറാണിയെ അവസാനമായി ഒരു നോക്കുകാണാനായി അനിൽ കപൂറിന്റെ വസതിക്കുമുന്നിൽ കാത്തുനിൽക്കുന്നുണ്ട്. മൃതദേഹം മിക്കവാറും ഇന്ന് കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


ശ്രീദേവിയുടെ നിര്യാണത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രമുഖരുടെ അനുശോചനവും പ്രവഹിക്കുന്നു. ദശലക്ഷക്കണക്കിന് ആരാധകരുടെ ദുഃഖത്തിൽ താനും പങ്കുചേരുന്നതായി പ്രശസ്ത താരം ആമിർ ഖാൻ ട്വിറ്ററിൽ കുറിച്ചു. 'ഞങ്ങൾ താങ്കളെ എന്നും സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി ഓർക്കും' -ട്വീറ്റ് തുടർന്നു. 
ഹിന്ദി സിനിമയിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറുകളിൽ പെട്ട ശ്രീദേവിയുടെ ആകസ്മിക വേർപാടിൽ ഞെട്ടലും ദുഃഖവുമുണ്ടെന്ന് രൺവീർ സിംഗ് കുറിച്ചു. തന്റെ എക്കാലത്തെയും ഐക്കൺ എന്നായിരുന്നു നടി ആലിയ ഭട്ടിന്റെ പ്രതികരണം.

 

Latest News