Sorry, you need to enable JavaScript to visit this website.

ആസ്ട്രസെനക വാക്സിൻ മൂന്നാം ഡോസ് ഒമിക്രോണിനെ തടയുമെന്ന് പഠനം

സ്റ്റോക്കോം- ആസ്ട്രസെനക വാക്‌സെവരിയ വാക്‌സിന്‍ മൂന്നാം ഡോസ് കുത്തിവെപ്പെടുത്തവരില്‍ രോഗത്തെ തടയുന്ന ആന്റിബോഡി ഒമിക്രോണിനെ ഫലപ്രദമായി തടയുമെന്ന് റിപോര്‍ട്ട്. ആംഗ്ലോ-സ്വീഡിഷ് മരുന്ന് കമ്പനിയായ ആസ്ട്രസെനക നടത്തിയ പ്രാഥമിക പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി വികസിപ്പിച്ച ഈ വാക്‌സിന്റെ ഇപ്പോള്‍ നടന്നുവരുന്ന പ്രതിരോധശേഷി പരീക്ഷണത്തിലെ പ്രാഥമിക വിവരമാണിത്. മൂന്നാം ഡോസായി നല്‍കുന്ന ആസ്ട്രസെനക വാക്‌സിന്‍ കോവിഡിന്റെ ബീറ്റ, ഡെല്‍റ്റ, ആല്‍ഫ, ഗാമ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിന് കൂടുതല്‍ ശേഷി നല്‍കുന്നുവെന്നാണ് കണ്ടെത്തല്‍. ഈ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിശകലനത്തില്‍ ഒമിക്രോണിനെതിരെയും ഈ മൂന്നാം ഡോസ് ഫലപ്രദമെന്ന് കാണിച്ചു. നേരത്തെ വാക്‌സെവരിയ, എംആര്‍എന്‍എ വാക്‌സിനുകള്‍ സ്വീകരിച്ചവരെ നിരീക്ഷിച്ചാണ് ഈ ഫലം കണ്ടെത്തിയത്.  

ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ വിതരണം ചെയ്യുന്ന വാക്‌സിനാണിത്. മൂന്നാം ഡോസിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ ലോകത്തൊട്ടാകെയുള്ള രാജ്യങ്ങളിലെ ആരോഗ്യ അധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്നും ആസ്ട്രസെനക അറിയിച്ചു.
 

Latest News