കെപിഎസിയുടെ മുഖമുദ്ര ഇനി ഓര്‍മയില്‍

ആലപ്പുഴ- സാംസ്‌കാരിക വിപ്ലവത്തിലൂടെ നാടിനെ മാറ്റിമറിച്ച കെപിഎസിയുടെ മുഖമുദ്രയായി നിലകൊണ്ട സ്തൂപം ഇനി ഓര്‍മയില്‍. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് കായംകുളം കെപിഎസി ജങ്ഷനില്‍ ദേശീയപാതയോരത്തെ ആസ്ഥാനമന്ദിരവും അങ്കണത്തിലെ സ്തൂപവും പൊളിക്കുന്നത്. 1980 ലാണ് ഈ സ്തൂപം സ്ഥാപിക്കുന്നത്. 84ല്‍ ആസ്ഥാന മന്ദിരവും സ്ഥാപിച്ചു. കെപിഎസിയുടെ മുദ്ര രൂപകല്‍പ്പന ചെയ്തത് മലയാറ്റൂര്‍ രാമകൃഷ്ണനായിരുന്നു. മുദ്ര ആലേഖനം ചെയ്ത് സ്തൂപം നിര്‍മിച്ചത് ശില്‍പി കേശവന്‍കുട്ടിയാണ്. കോണ്‍ക്രീറ്റ് സ്തൂപത്തില്‍ പ്രത്യേക കൂട്ട് ചേര്‍ത്ത് മുദ്ര ആലേഖനം ചെയ്തു.
ദേശീയപാതയിലൂടെ കടന്നുപോകുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കുംവിധമാണ് സ്ഥാപിച്ചിരുന്നത്. ആസ്ഥാന മന്ദിരത്തിനുമുന്നില്‍ മുദ്ര ആലേഖനം ചെയ്ത സ്തൂപമല്ലാതെ പ്രത്യേകം ബോര്‍ഡുകളൊന്നുമില്ല. ദേശീയപാത വികസനത്തിന് കെപിഎസിയുടെ 30 സെന്റില്‍ 10 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. പ്രധാന കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഭാഗം പൊളിച്ചുമാറ്റും. ഓഡിറ്റോറിയവും പുതിയകെട്ടിടവും പൊളിക്കും. സ്തൂപം പൂര്‍ണമായി പൊളിച്ചുമാറ്റി. കമ്യൂണിസ്റ്റ് സമരവീര്യത്തിന്റേയും കര്‍ഷകന്റേയും തൊഴിലാളിയുടേയും പോരാട്ടത്തിന്റെ അടയാളമായിരുന്നു ഈ സ്തൂപം.ബാക്കി വരുന്ന 20 സെന്റില്‍ സംസ്ഥാന സര്‍ക്കാരിന്റെകൂടി സഹായത്തോടെ 1866മുതലുള്ള നാടക ചരിത്രത്തിന്റെ നേര്‍ക്കാഴ്ചയുമായി തീയേറ്റര്‍ മ്യൂസിയം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ആസ്ഥാനമന്ദിരത്തിന് മറ്റൊരു സ്ഥലം കണ്ടെത്താനും ശ്രമമുണ്ട്.
 

Latest News