Sorry, you need to enable JavaScript to visit this website.

ചുരുളി സിനിമയിലെ ഭാഷാ പ്രയോഗങ്ങള്‍ ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് അന്വേഷണ സമിതി

തിരുവനന്തപുരം-ചുരുളി സിനിമയിലെ ഭാഷാ പ്രയോഗങ്ങള്‍ ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയിലെ ഭാഷാപ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചത്. സിനിമക്കെതിരെയുള്ള ഹരജി പരിഗണിക്കവെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാനാണ് ഹൈക്കോടതി എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. എസ് പിമാരായ ദിവ്യ ഗോപിനാഥ്, എ നസീം എന്നിവരും സമിതിയിലുണ്ട്.
സിനിമയിലെ അശ്ലീല ഭാഷാ പ്രയോഗത്തെ സന്ദര്‍ഭവുമായി ചേര്‍ത്ത് പരിശോധിക്കുമെന്ന് സമിതി അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നല്‍കുമെന്നും പോലീസിന്റെ പ്രത്യേക സംഘം അറിയിച്ചു.
ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവില്‍നിന്ന് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.

 

 

Latest News