Sorry, you need to enable JavaScript to visit this website.

മൊബൈലി മുൻ ചെയർമാനെതിരായ വിധി അപ്പീൽ കമ്മിറ്റി ശരിവെച്ചു

റിയാദ് - മൊബൈലി കമ്പനി മുൻ ചെയർമാനും മകനും ഇവരുടെ കമ്പനിക്കും മറ്റു രണ്ടു പേർക്കുമെതിരായ വിധികൾ ഓഹരി വിപണിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തീർപ്പ് കൽപിക്കുന്ന അപ്പീൽ കമ്മിറ്റി ശരിവെച്ചതായി സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. മൊബൈലി മുൻ ചെയർമാൻ അബ്ദുൽ അസീസ് അൽസുഗൈർ, പുത്രൻ ഹിശാം അൽസുഗൈർ, അബ്ദുൽ അസീസ് അൽസുഗൈർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി, മുഹമ്മദ് ബിൻ അബ്ദുൽ മുഹ്‌സിൻ അൽഅശ്ഖർ, പുത്രൻ ഫൈസൽ എന്നിവരാണ് കേസിലെ പ്രതികൾ. 
മൊബൈലി ഓഹരികളുമായി ബന്ധപ്പെട്ട ആഭ്യന്തര വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ അബ്ദുൽ അസീസ് അൽസുഗൈറിന് ഒരു ലക്ഷം റിയാൽ പിഴയാണ് ശിക്ഷ. പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്നും ഇൻവെസ്റ്റ്‌മെന്റ് കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നതിൽ നിന്നും സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ജോലി ചെയ്യുന്നതിൽ നിന്നും മൂന്നു വർഷത്തേക്ക് ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. പിതാവു കൂടിയായ ചെയർമാൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൊബൈലി ഓഹരികളുടെ ക്രയവിക്രയം നടത്തിയ കേസിൽ ഹിശാം അൽസുഗൈറിനും ഇതേ ശിക്ഷയാണ് വിധിച്ചത്. ഇൻവെസ്റ്റ്‌മെന്റ് പോർട്ട്‌ഫോളിയോയിൽ ഹിശാം അൽസുഗൈർ നടത്തിയ നിയമ വിരുദ്ധ ക്രയവിക്രയങ്ങൾ മൂലം നേരിട്ട നഷ്ടങ്ങൾക്കു പകരം സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അക്കൗണ്ടിൽ 28,09,48,800 റിയാൽ അബ്ദുൽ അസീസ് അൽസുഗൈർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി അടയ്ക്കണമെന്നും വിധിയുണ്ട്. 
മൊബൈലി കമ്പനി ഓഹരികളുമായി ബന്ധപ്പെട്ട് കമ്പനിയിലെ ആഭ്യന്തര വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ മുഹമ്മദ് അൽഅശ്ഖറിന് രണ്ടു ലക്ഷം റിയാൽ പിഴ ചുമത്തി. പോർട്ട്‌ഫോളിയോയിലെ നിയമ വിരുദ്ധ ക്രയവിക്രയങ്ങൾ മൂലം നേരിട്ട നഷ്ടത്തിന് പകരം ഇദ്ദേഹം 3,04,93,325 റിയാൽ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയിൽ അടയ്ക്കണമെന്നും വിധിയുണ്ട്. മുഹമ്മദ് അൽഅശ്ഖർ നൽകിയ, കമ്പനിയിലെ ആഭ്യന്തര വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൊബൈലിയിലെ മുഹമ്മദ് അൽഅശ്ഖറിന്റെ ഓഹരി പോർട്ട്‌ഫോളിയോയിൽ ക്രയവിക്രയങ്ങൾ നടത്തിയ കേസിൽ പുത്രൻ ഫൈസലിന് ഒരു ലക്ഷം റിയാൽ പിഴയാണ് ചുമത്തിയിരിക്കുന്നത്. പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്നും ഇൻവെസ്റ്റ്‌മെന്റ് കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നതിൽ നിന്നും സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ജോലി ചെയ്യുന്നതിൽ നിന്നും മൂന്നു വർഷത്തേക്ക് ഇരുവർക്കും വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. മൊബൈലി കമ്പനിയിൽ തനിക്കുള്ള ഓഹരികളുടെ അനുപാതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയെ അറിയിക്കാത്ത കേസിൽ അബ്ദുൽ അസീസ് അൽസുഗൈറിന് ഒരു ലക്ഷം റിയാൽ പിഴ ചുമത്തിയ വിധിയും അപ്പീൽ കമ്മിറ്റി ശരിവെച്ചതായി സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. 

Latest News