Sorry, you need to enable JavaScript to visit this website.

ഒടുവില്‍ സിപിഎമ്മിന്റെ മെഗാ തിരുവാതിരക്കെതിരേ  പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു  

തിരുവനന്തപുരം- സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരക്കെതിരേ കേസ്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 550ലേറെ പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. ഇതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ, പാറശ്ശാല പോലീസാണ് കേസെടുത്തിരിക്കുന്നത്. 500ല്‍ അധികം പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
കോവിഡ് വ്യാപന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന സര്‍ക്കാര്‍ നിയന്ത്രണം നിലനില്‍ക്കേയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്. മരണാനന്തര, വിവാഹ ചടങ്ങുകളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളുവെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് 550 പേര്‍ അണിനിരന്ന തിരുവാതിര നടന്നത്.
ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്‌ഐ പള്ളി മൈതാനത്തായിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് അംഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.രതീന്ദ്രന്‍, പുത്തന്‍കട വിജയന്‍ എന്നിവര്‍ അടക്കമുള്ള നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു.
 

Latest News