സൈന നേവാളിനെ അവഹേളിച്ചതിന് നടന്‍ സിദ്ധാര്‍ത്ഥിനെതിരെ കേസെടുത്തു

ഹൈദരാബാദ്- ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം സൈന നേവാളിനെ ട്വിറ്ററില്‍ അധിക്ഷേപിച്ചതിന് തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെതിരെ ഹൈദരാബാദ് പോലീസ് സൈബര്‍വിങ് കേസെടുത്തു. ഹൈദരാബാദ് സ്വദേശിയായ ഒരു യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പഞ്ചാബില്‍ പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്ചയില്‍ ആശങ്കപ്പെട്ട് സൈന നേവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് സൈനയ്‌ക്കെതിരെ സിദ്ധാര്‍ത്ഥ് അധിക്ഷേപപരമായ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ ട്വിറ്ററില്‍ വലിയ പ്രതിഷേധം ഉയരുകയും സംഭവം സമൂഹമാധ്യമങ്ങളില്‍ കോലഹലമാകുകയും ചെയ്തിരുന്നു. സിദ്ധാര്‍ത്ഥിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിവാദമായതോടെ സിദ്ധാര്‍ത്ഥ് മാപ്പപേക്ഷിക്കുകയും സൈന ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി ലഭിച്ച സാഹചര്യത്തില്‍ പോലീസ് കേസെടുത്തു. സ്ത്രീകളെ അവഹേളിച്ചതിന് ഐപിസി വകുപ്പ് 509 പ്രകാരവും ഐടി നിയമത്തിലെ പ്രസക്ത വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

തന്റെ വാക്കുകള്‍ ക്രൂരമായ തമാശ ആയിപ്പോയെന്നും തന്റെ സ്വരവും വാക്കുകളും ന്യായീകരിക്കാനാവില്ലെന്നും സിദ്ധാര്‍ത്ഥ് ക്ഷമാപണത്തില്‍ പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥ് പരസ്യ ക്ഷമാപണം നടത്തിയതില്‍ സന്തോഷമുണ്ടെന്ന് സൈനയും പ്രതികരിച്ചു. ഇതിനിടെയാണ് സിദ്ധാര്‍ത്ഥിനെതിരെ പോലീസ് കേസെടുത്തത്.
 

Latest News