റിയാദ് - ആഭരണങ്ങളുടെ ആകെ തൂക്കത്തിൽ സ്വർണത്തിന്റെ തൂക്കം പ്രത്യേകം നിർണയിക്കണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ജ്വല്ലറികളോട് ആവശ്യപ്പെട്ടു. സ്വർണം മാത്രമല്ല, പ്ലാറ്റിനം അടക്കം മറ്റു അമൂല്യ ലോഹങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ആഭരണങ്ങൾക്കെല്ലാം ഈ വ്യവസ്ഥ ബാധകമാണ്.
ആഭരണങ്ങളിലെ കല്ലുകളും മറ്റും കഴിച്ചുള്ള ലോഹത്തിന്റെ തൂക്കം പ്രത്യേകം നിർണയിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട കരടു നിയമാവലിയിൽ മന്ത്രാലയം അനുശാസിക്കുന്നു. കരടു നിയമാവലിയിൽ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രകടിപ്പിക്കുന്നതിന് ജ്വല്ലറി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പൊതുസമൂഹത്തിനും മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്.
കാരറ്റ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ആഭരണങ്ങൾ വിൽക്കുന്നതും വിൽപനക്ക് പ്രദർശിപ്പിക്കുന്നതും നിയമ വിരുദ്ധമാണ്. ആഭരണം നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹത്തിന്റെ തൂക്കത്തിന്റെ അഞ്ചു ശതമാനത്തിൽ കൂടുതൽ ചെമ്പ് അടക്കമുള്ള മറ്റു ലോഹങ്ങൾ ചേർക്കുന്നത് നിയമ വിരുദ്ധമാണ്. സൗദി സ്വർണ നാണയം വിദേശത്ത് അടിക്കുന്നത് നിയമ വിരുദ്ധമാണ്. സൗദി സ്വർണ നാണയം വിദേശത്ത് അടിച്ച് ഇറക്കുമതി ചെയ്യുന്നവരെ അവ തിരിച്ചുകയറ്റുമതി ചെയ്യുന്നതിന് നിർബന്ധിക്കും. സൗദി സ്വർണ നാണയം അടിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽനിന്നുള്ള പ്രത്യേക ലൈസൻസ് ആവശ്യമാണ്. ജ്വല്ലറികൾ ചുരുങ്ങിയത് പത്തു വർഷക്കാലം ബില്ലുകൾ സൂക്ഷിക്കണം. ആഭരണങ്ങളുടെ ഉറവിടം വ്യക്തമാക്കുന്ന രേഖകളും ചുരുങ്ങിയത് പത്തു വർഷം സൂക്ഷിക്കൽ നിർബന്ധമാണ്. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെടുന്ന പക്ഷം ആഭരണങ്ങളുടെ ഉറവിടം തെളിയിക്കുന്ന രേഖകൾ ജ്വല്ലറികൾ സമർപ്പിക്കേണ്ടിവരും.






