ലഖ്‌നൗ- ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലം അയോധ്യ ആയിരിക്കുമെന്ന് റിപോര്‍ട്ട്. ചൊവ്വാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ ഉന്നത തല യോഗത്തിലാണ് യോഗിയെ അയോധ്യയില്‍ മത്സരിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തത്. എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടി ഉള്‍പ്പെട്ട ബിജെപിയുടെ സെന്‍ട്രന്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊള്ളുക. ഈ കമ്മിറ്റി വൈകാതെ യോഗം ചേരും. രാമ ക്ഷേത്രം നിര്‍മാണം പുരോഗമിക്കുന്ന അയോധ്യയില്‍ യോഗിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ അരക്കിട്ടുറപ്പിക്കാന്‍ സഹായിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എല്ലാ തെരഞ്ഞെടുപ്പുകളിലും ഹിന്ദുത്വവാദം മുഖ്യവിഷയമാക്കുന്ന ബിജെപി ഇത് ഗുണം ചെയ്യും. അയോധ്യയില്‍ മത്സരിക്കുന്നത് പാര്‍ട്ടി അണികള്‍ക്കുള്ള വ്യക്തമായ ഒരു സന്ദേശം കൂടിയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
നിലവില്‍ മുഖ്യമന്ത്രി യോഗി എംഎല്‍എ അല്ല. എംഎല്‍സി ആയാണ് സഭയിലെത്തിയത്. ഇത്തവണ പാര്‍ട്ടി പറയുന്നിടത്ത് മത്സരിക്കുമെന്ന് യോഗി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മഥുര, സ്വന്തം തട്ടകമായ ഗൊരഖ്പൂര്‍ എന്നീ മണ്ഡലങ്ങളുടെ പേരും ഉയര്‍ന്നു വന്നിരുന്നു. ഗൊരഖ്പൂരില്‍ നിന്ന് അഞ്ച് തവണ ലോക്‌സഭാ എംപിയായിരുന്നു യോഗി.
സമാജ് വാദി പാര്‍ട്ടിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ അവധ് മേഖലയിലാണ് അയോധ്യ നിയമസഭാ മണ്ഡലം വരുന്നത്. ഇപ്പോള്‍ ബിജെപിയുടെ വേദ് പ്രകാശ് ഗുപ്തയാണ് എംഎല്‍എ.