തിരുവനന്തപുരം- സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാറശ്ശാലയിൽ നടന്ന മെഗാ തിരുവാതിരക്കെതിരെ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് കേസ്. കോവിഡ് നിയന്ത്രണം കാറ്റിൽപറത്തിയുള്ള തിരുവാതിരക്കെതിരെ കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം.മുനീറാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
മെഗാതിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എംസംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. പുരോഗനമ കലാസാഹിത്യസംഘം നേതാവും എഴുത്തുകാരനുമായ അശോകൻ ചെരുവിലും പരിപാടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.ജില്ലാ പഞ്ചായത്ത് അംഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.രതീന്ദ്രൻ, പുത്തൻകട വിജയൻ എന്നിവർ അടക്കമുള്ള നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു.
ഒമിക്രോൺ ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെയാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര അരങ്ങേറിയത്. നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ കൂടിയിട്ടും പോലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി. കൊവിഡ് വ്യാപന സാഹചര്യത്തിൽ പൊതുപരിപാടിയിൽ 150 പേരിൽ കൂടരുതെന്ന സർക്കാർ നിയന്ത്രണം നിലനിൽക്കേയാണ് ഇത്രയധികം പേർ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്. ജനാധിപത്യ മഹിള അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശാലയിലെ ചെറുവാരക്കോണം സി.എസ്.ഐ പള്ളി മൈതാനത്തായിരുന്നു പരിപാടി.
ഓരോ ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് തിരുവാതിരയുടെ പരിശീലനം കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരികയായിരുന്നു. ജില്ലാസമ്മേളനവും സമ്മേളന നഗരിയായ പാറശ്ശാലയും സംസ്ഥാന സർക്കാറിന്റെ വിജയങ്ങളും വിഷയമാക്കിയായിരുന്നു തിരുവാതിരഗാനം.






