കൊച്ചി- നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗുഢാലോചന നടത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കൽ പൂർത്തിയായി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുത്തത്. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള എല്ലാ കാര്യങ്ങളും കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പിന്നീട് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങളും ഉൾപ്പെടുത്തിയാണ് മൊഴി നൽകിയത്. തനിക്ക് നേരെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസിൽ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ സാക്ഷികൾ ഉണ്ടാവും. കാര്യങ്ങൾ വെളിപ്പെടുത്താൻ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ബാലചന്ദ്രകുമാറിൽ നിന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.നടൻ ദീലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴിയെടുക്കലിനു ശേഷം വ്യക്തമാക്കിയിരുന്നു.കൂടുതൽ ഡിജിറ്റൽ തെളിവുകൾ നൽകി.ശബ്ദം ദിലീപിന്റെയാണെന്ന് തെളിയിക്കാൻ 20 ഓളം ശബ്ദ സാമ്പിളുകൾ കൈമാറിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദീലീപ് അടക്കം ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.