ബി.ജെ.പിക്ക് ബദലാവാൻ രാജ്യത്ത് കോൺഗ്രസിന് സാധിക്കില്ല- മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്- ബി.ജെ.പിക്ക് ബദലാവാൻ രാജ്യത്ത് കോൺഗ്രസിന് സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
 സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജനങ്ങളെ പാപ്പരാക്കി കോർപറേറ്റുകളെ സഹായിക്കുന്നതാണ് ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും നയങ്ങൾ. അതുകൊണ്ടു തന്നെ ബി.ജെ.പിയെ തടുക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്ന് 
തിരിച്ചറിഞ്ഞിരിക്കുകയാണ്. കോൺഗ്രസ് വിശ്വാസ്യത നഷ്ടപ്പെട്ട പാർട്ടിയായി മാറിയെന്നും ബി.ജെ.പിയെ ഇനിയും ഭരണത്തിലേറ്റാതെ നോക്കാൻ പ്രാദേശിക കക്ഷികളെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യു.പിയിൽ സമാജ് വാദി പാർട്ടി പോലെ സംസ്ഥാനങ്ങൾതോറും പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പിയെ ഒറ്റപ്പെടുത്തണം.
സിപിഎം   മഹാശക്തിയുള്ളവരാണെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ മതനിരപേക്ഷ നിലപാടിലൂടെയും മികച്ച സാമ്പത്തിക നയത്തിലൂടെയും ജനങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്റെ വിശ്വാസ്യത കൊടുമുടിയോളം വളര്‍ന്നു. പ്രാദേശിക ശക്തികള്‍ക്കൊപ്പം നിന്ന് മഹാശക്തി രൂപപ്പെടുത്താനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായി. ബിജെപിയുടെ അന്വേഷണ ഏജന്‍സികളെപ്പോലും അതിനായി ഉപയോഗിച്ചു. വലത് പക്ഷ മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അത് തുടര്‍ന്നു. എല്ലാവരും ചേര്‍ന്ന് എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്തി. എല്‍ഡിഎഫിന് വിശ്വാസ തകര്‍ച്ചയുണ്ടാകുമെന്ന് ഇക്കൂട്ടര്‍ കരുതിയെങ്കിലും ജനങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. എല്‍ഡിഎഫ് നടത്തിയ വികസന പ്രവര്‍ത്തനമാണ് വിജയത്തിന് കാരണമെന്ന് എതിരാളികള്‍ക്ക് മനസിലായി. അതു കൊണ്ട് ഇനിയൊരു വികസനവും നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് അവര്‍ തീരുമാനിച്ചു.
സമാധാനം, ആധുനിക സൗകര്യത്തോടെയുള്ള വികസനം എന്നിവയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഒരു നാടിനു വികസനം വേണ്ട എന്നാണ്  ചിലരുെടെ നിലപാട്. ഇതിലും വലിയ ദ്രോഹമുണ്ടോ. നിങ്ങള്‍ വേണ്ടെന്ന് വച്ച എന്തെല്ലാം ഇന്ന് യാഥാര്‍ത്ഥ്യമായി. ജനം കക്ഷി വ്യത്യാസമന്യേ പദ്ധതിയെ അനുകൂലിക്കുന്നു. ഭൂമിയെടുക്കുമ്പോഴുള്ള പ്രയാസം മനസിലാക്കാനും പരിഹാരം കാണാനുമുള്ള നടപടിയാണ് വേണ്ടത്.  ഏതെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാര്‍ എതിര്‍ക്കാന്‍ വന്നാല്‍ ജനം അത് അംഗീകരിക്കില്ല. സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ അധ്യക്ഷനായി. മന്ത്രി പി.എ മുഹമ്മദ് റിയാസ്, എളമരം കരീം എം.പി, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, എം.എൽ.എമാരായ ടി.പി രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കെ.എം സച്ചിൻദേവ്, മേയർ ബീന ഫിലിപ്, ഒഡെപെക് ചെയർമാൻ കെ.പി അനിൽകുമാർ, എ.പ്രദീപ്കുമാർ എന്നിവരും സംസാരിച്ചു.

Latest News