Sorry, you need to enable JavaScript to visit this website.

എന്നു നിലയ്ക്കും ഈ ചോരച്ചാലുകൾ?

കലാലയങ്ങളിലും തെരുവുകളിലും ചോര ചിന്തുമ്പോൾ മാത്രമാണ് പാർട്ടി കരുത്താർജിക്കുകയെന്നും അണികൾക്ക് ആവേശം കിട്ടുകയെന്നും പറഞ്ഞ് യുവാക്കളെ ഇറക്കി വിടുന്നവർ ഒരു കൊലപാതകത്തിന്റെയും ബാധ്യത ഏറ്റെടുക്കാറില്ല. ആരെല്ലാമാണ് പാർട്ടിയുടെ ശത്രുക്കളെന്ന് സ്‌കെച്ചിട്ട് നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ അവരുടെ കഥ കഴിക്കാൻ മാത്രം പോന്ന ഗുണ്ടാ-ക്വട്ടേഷൻ സംഘങ്ങൾ പണ്ട് പാർട്ടി സംവിധാനങ്ങൾക്കും  ചട്ടക്കൂടുകൾക്കും പുറത്തായിരുന്നെങ്കിൽ ഇന്ന് അവരെല്ലാം സംഘടനക്കുള്ളിലെ അവിഭാജ്യ ഘടകങ്ങളാണ്. നേതൃത്വങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരും അടുപ്പക്കാരുമാണ് അവർ. അവരുടെ അവസാനിക്കാത്ത വിളയാട്ടങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 


കേരളത്തിന് ഇപ്പോൾ ചോരയുടെ മണമാണ്. കൊലക്കത്തികളുടെ നിഷ്ഠുരതയാണ് എവിടെയും നിറഞ്ഞു നിൽക്കുന്നത്. വ്യത്യസ്ത കാരണങ്ങളുടെ പേരിൽ കൊലക്കത്തികൾക്ക് ഇരയാകുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. മൂന്നും നാലും കൊലപാതക വാർത്തകളിലൂടെ കണ്ണോടിച്ചല്ലാതെ ഓരോ ദിവസത്തെയും വർത്തമാന പത്രങ്ങൾ മടക്കിവെക്കാനാകില്ല. കുടുംബ പ്രശ്‌നങ്ങൾ, പ്രണയപ്പക, പങ്കാളികൾ വഞ്ചിക്കുന്നുവെന്ന സംശയങ്ങൾ, സമ്പത്തിന് വേണ്ടിയുള്ള ആസക്തി, ദുരഭിമാനം വ്യക്തി വൈരാഗ്യം, ക്വട്ടേഷൻ അങ്ങനെ തുടങ്ങി ചായ കുടിച്ചതിന്റെ കാശ് ചോദിച്ചതിന്റെ പേരിൽ പോലും കൈയറപ്പില്ലാതെ കുത്തിമലർത്തുകയും വെട്ടിക്കൊല്ലുകയും പച്ചയ്ക്ക് കത്തിക്കുകയും ചെയ്യുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു. അതിനൊപ്പം തന്നെ രാഷ്ട്രീയ പകപോക്കലിന്റെ പേരിലുള്ള നിഷ്ഠുര കൊലപാതകങ്ങളും നടന്നുകൊണ്ടിരിക്കുന്നു.


മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഇടുക്കിയിലെ വട്ടവടക്കാരൻ അഭിമന്യുവിനെ രാഷ്ടീയ എതിരാളികൾ കൊലപ്പെടുത്തിയതിന്റെ നടുക്കുന്ന ഓർമകൾ കേരളത്തിലെ കലാലയങ്ങളിൽ നിന്ന്  ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. ഒരുപാട് പ്രമുഖ വ്യക്തിത്വങ്ങൾക്ക് പിറവി കൊടുത്ത മഹാരാജാസിന്റെ തിരുമുറ്റത്ത് ചോരക്കറ മാഞ്ഞിട്ടില്ല. ഇടുക്കിയിലെ പിന്നോക്ക പ്രദേശമായ വട്ടവടയുടെ അഭിമാനമായിരുന്നു അഭിമന്യു. അവന്റെ നാട്ടിൽ നിന്ന് നൂറ് കിലോമീറ്ററോളം മലയിറങ്ങിയാൽ ഇടുക്കിയിലെ പൈനാവിലെത്താം. അവിടെയാണ് കണ്ണൂർക്കാരൻ ധീരജിന്റെ ചങ്കിൽ കഴിഞ്ഞ ദിവസം കൊലക്കത്തി കുത്തിയിറക്കിയത്. ഒറ്റക്കുത്തിൽ ചങ്ക് പിളർന്നാണ് ധീരജ് മരണത്തെ പുൽകിയത്. കൊടിയടയാളത്തിന്റെ പേരിൽ രൗദ്രഭാവം പൂണ്ടു നിൽക്കുന്ന കലാലയ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയാകണം ധീരജ് എന്ന,് വിടരാൻ കൊതിച്ചു നിന്നിരുന്ന ഈ യൗവനത്തിന് മനസ്സുകൊണ്ട് അന്ത്യാഞ്ജലി അർപ്പിക്കുന്ന എല്ലാവരും ആഗ്രഹിച്ചു പോകും. അങ്ങനെയാകാൻ സാധ്യതയില്ലെന്ന് കേരളത്തിന്റെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് കണ്ണോടിച്ചാൽ ആർക്കും മനസ്സിലാകും. 


പിന്നാമ്പുറത്ത് മറഞ്ഞിരുന്നുകൊണ്ട് കൊലക്കത്തിയുമായി കലാലയങ്ങളിലേക്കും തെരുവുകളിലേക്കും സ്വന്തം അണികളെ ഇറക്കി വിടുന്ന രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടത് ആദർശത്തിന്റെ വക്താക്കളെയല്ല, മറിച്ച് കൈയറപ്പ് തീർന്ന രാഷ്ട്രീയ ഗുണ്ടകളെയാണ്. കൊല്ലാനും കൊല്ലപ്പെടാനും മടിയില്ലാത്തവരുടെ ചുടുചോരയിലാണ് രാഷ്ട്രീയ നേതൃത്വങ്ങൾ അവരുടെ അജണ്ടകൾ തയാറാക്കുന്നത്. തെരുവിൽ വീണ ചോരയുടെ ബലത്തിലാണ് അവരുടെ രാഷ്ട്രീയ നിലനിൽപ്. മറ്റു രാഷ്ട്രീയ കക്ഷികളിൽ പെട്ടവരെ ജന്മശത്രുക്കളായി മാത്രം കാണണമെന്നാണ് അവർ യുവാക്കളെ പഠിപ്പിക്കുന്നത്. പാർട്ടിക്ക് വേണ്ടപ്പോഴെല്ലാം ഗുണ്ടകളായും രക്തസാക്ഷികളായും മാറുകയെന്നത് മാത്രമാണ് അവർ പാർട്ടിയോട് പുലർത്തേണ്ട രാഷ്ട്രീയ ബാധ്യത. രാഷ്ട്രീയ കൊടിയടയാളങ്ങൾ പലതുണ്ടെങ്കിലും പൊതുവെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും എതിർ പാർട്ടിയിൽ പെട്ടവൻ കടുത്ത ശത്രുവാണ്. പരിധിക്കപ്പുറം വളർന്നാൽ കൊല്ലപ്പടേണ്ടവൻ. 


കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കെടുത്താൽ കൊന്നവരിലും കൊല്ലപ്പെട്ടവരിലും സി.പി.എമ്മുകാരും ബി.ജെ.പിക്കാരുമാണ് ഏറെയും. കോൺഗ്രസും മുസ്‌ലിം ലീഗും പിന്നാലെയുണ്ട്. രക്തസാക്ഷികളുടെയും ബലിദാനികളുടെയും എണ്ണമാണ് രാഷ്ട്രീയ ശക്തിപ്പെടുത്തലിന്റെ അടയാളങ്ങളായി മാറുന്നത്. ആരാണ് കൊലക്കത്തി ആദ്യം താഴെ വെക്കേണ്ടതെന്ന ചോദ്യം മാത്രമാണ് രാഷ്ട്രീയ കക്ഷികൾ പരസ്പരം ഉന്നയിക്കുന്നത്. ഞങ്ങൾ ആദ്യം താഴെവെയ്ക്കുകയാണെന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയാനുള്ള ആത്മാർത്ഥത ആർക്കുമില്ല.  ഓരോ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുമ്പോഴും കൊന്നവന്റെ പാർട്ടി സ്വയം രക്ഷയുടെ പേരിലും കൊല്ലപ്പെട്ടവന്റെ പാർട്ടി തിരിച്ചടിക്കാനെന്നതിന്റെ പേരിലും കത്തികൾക്ക് മൂർച്ച കൂട്ടുകയും ബോംബുകളിൽ കൂടുതൽ വീര്യം കുത്തി നിറയ്ക്കുകയുമാണ്. ഒരു കത്തി താഴേക്ക് മടക്കുമ്പോൾ പുതിയതായി നൂറ് കത്തികൾ നിർമിക്കപ്പെടുന്നു.


ഓരോ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോഴും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും പോർവിളികൾ നടത്തുകയും ചെയ്യുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി സ്വയം ചമഞ്ഞ് സമാധാന യോഗങ്ങൾ നടത്തി ചായ കുടിച്ച് കൈകൊടുത്ത് രാഷ്ട്രീയ നേതാക്കൾ പിരിയുന്നു. സമാധാനത്തെക്കുറിച്ച് വാചാലമായി പ്രസംഗിച്ച് നാവെടുത്ത ഉടൻ പ്രതിയോഗികൾക്കുള്ള ആയുധങ്ങൾ  തയാറായിക്കഴിഞ്ഞിരിക്കും. ഓരോ അടിക്കും തിരിച്ചടി നൽകുമ്പോഴാണ് പാർട്ടികൾ വളരുന്നതെന്നും അതിനായി വേണ്ടിവന്നാൽ ചോരയും ജീവനും കൊടുക്കാൻ തയാറാകണമെന്നുമുള്ള രാഷ്ട്രീയ കുടില ബുദ്ധി അണികൾക്ക് നേതൃത്വം ഓതിക്കൊടുക്കുന്നു. 


കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ് പോലീസിന്റെ കണക്ക്. അതിന് മുൻപ് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം 300 ലേറെ വരും. സി.പി.എമ്മുകാരും ബി.ജെ.പിക്കാരും കോൺഗ്രസുകാരും മുസ്‌ലിം ലീഗുകാരുമെല്ലാം പട്ടികയിലുണ്ട്. വർഗീയ രാഷ്ട്രീയത്തിന്റെ പേരിൽ നടന്ന കൊലപാതകങ്ങളുടെ കണക്കുകൾ വേറെയുമുണ്ട്. ഒരു കാലത്ത് കണ്ണൂരിൽ മാത്രം ഒതുങ്ങി നിന്നിരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ പിൽക്കാലത്ത് കേരളത്തിലെ മറ്റു ജില്ലകളിലേക്കും വലിയ തോതിൽ ബാധിച്ചുവെന്നതാണ് ഏറ്റവും ആകുലപ്പെടുത്തുന്ന കാര്യം. കണ്ണൂരിൽ നിന്ന് മധ്യകേരളത്തിലേക്കും തെക്കൻ കേരളത്തിലേക്കുമൊക്കെ വ്യാപിച്ച കഠാരയുടെയും ബോംബിന്റെയും രാഷ്ട്രീയത്തിന് മുന്നിൽ ഇന്ന് പ്രാദേശിക ഭേദങ്ങളില്ല. 
ചെല്ലും ചെലവും കൊടുത്ത് രാഷ്ട്രീയ പാർട്ടികൾ വളർത്തിക്കൊണ്ടു വരുന്ന ഗുണ്ടാ-ക്വട്ടേഷൻ സംഘങ്ങളാണ് ഇന്ന് കേരളത്തിൽ രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. അവരുടെ തിരക്കഥകൾക്കൊപ്പമാണ് ഓരോ കൊലപാതകങ്ങളും നടക്കുന്നത്. രാഷ്ട്രീയ വൈരത്തിന്റെ പകപോക്കലിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെയും ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യയുടെയും അച്ഛനെ നഷ്ടപ്പെട്ട മക്കളുടെയും സഹോദരനെ നഷ്ടപ്പെട്ട സഹോദരിമാരുടെയും ആർത്തനാദങ്ങളും പാതി മുറിഞ്ഞ വാക്കുകളും മരവിച്ച മനസ്സും ഓരോ രാഷ്ട്രീയ പാർട്ടിക്കും അവരുടെ മുന്നോട്ടുള്ള യാത്രയ്ക്കുള്ള ഇന്ധനമാണ്. ഒരു പ്രവർത്തകൻ എതിരാളികളുടെ കൊലക്കത്തിക്കിരയായാൽ അത് നഷ്ടത്തിന്റെയല്ല, മറിച്ച് ലാഭത്തിന്റെ പട്ടികയിലാണ് രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുത്താറുള്ളത്.


വർഷാവർഷങ്ങളിൽ നടത്തുന്ന രക്തസാക്ഷിത്വ ദിനാചരണങ്ങൾക്കുള്ള മുതൽമുടക്ക് മാത്രമാണ് വേണ്ടിവരുന്നത്. പിന്നെ രക്തസാക്ഷികളും അമരൻമാരും ബലിദാനികളുമെന്നൊക്കെ പറഞ്ഞുള്ള വിശേഷണങ്ങളും. അതിൽ തീരുന്നു, പ്രതിയോഗികളുടെ കൊലക്കത്തിക്കിരയായവനോടുള്ള പാർട്ടികളുടെ രാഷ്ട്രീയ ബാധ്യത. 
എന്നു നിലയ്ക്കും ഈ ചോരച്ചാലുകൾ എന്ന് ഒരു രാഷ്ട്രീയ പാർട്ടിയും ആർക്കും ഉറപ്പ് കൊടുക്കാറില്ല. കലാലയങ്ങളിലും തെരുവുകളിലും ചോര ചിന്തുമ്പോൾ മാത്രമാണ് പാർട്ടി കരുത്താർജിക്കുകയെന്നും അണികൾക്ക് ആവേശം കിട്ടുകയെന്നും പറഞ്ഞ് യുവാക്കളെ ഇറക്കി വിടുന്നവർ ഒരു കൊലപാതകത്തിന്റെയും ബാധ്യത ഏറ്റെടുക്കാറില്ല. ആരെല്ലാമാണ് പാർട്ടിയുടെ ശത്രുക്കളെന്ന് സ്‌കെച്ചിട്ട് നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ അവരുടെ കഥ കഴിക്കാൻ മാത്രം പോന്ന ഗുണ്ടാ-ക്വട്ടേഷൻ സംഘങ്ങൾ പണ്ട് പാർട്ടി സംവിധാനങ്ങൾക്കും  ചട്ടക്കൂടുകൾക്കും പുറത്തായിരുന്നെങ്കിൽ ഇന്ന് അവരെല്ലാം സംഘടനക്കുള്ളിലെ അവിഭാജ്യ ഘടകങ്ങളാണ്. നേതൃത്വങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരും അടുപ്പക്കാരുമാണ് അവർ. അവരുടെ അവസാനിക്കാത്ത വിളയാട്ടങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 

Latest News