ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ യോഗി മന്ത്രിസഭയില്‍നിന്നും ബി.ജെ.പിയില്‍നിന്നും രാജിവെച്ച എസ്.പി. മൗര്യക്കെതിരെ അറസ്റ്റ് വാറണ്ട്. 2014 ല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ് വാറണ്ട്. രാജിവെച്ച് ഒരു ദിവസത്തിനുശേഷമാണ് സുല്‍ത്താന്‍പുരില്‍് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി ) യില്‍ ആയിരുന്നപ്പോള്‍ മതവിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ മൗര്യയോട് പലതവണ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുസരിച്ചിരുന്നില്ല. ബുധനാഴ്ച കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. ഈ മാസം 24 ന് കോടതിയില്‍ ഹാജരാകാനാണ് പുതിയ ഉത്തരവ്.
വിവാഹചടങ്ങുകളില്‍ ഗൗരി ദേവിയേയും ഗണേശ ഭഗവാനേയും ആരാധിക്കരുതെന്നും അത് ദളിതുകളെ അടിമകളാക്കാനുള്ള സവര്‍ണരുടെ ഗൂഢാലോചനയാണെന്നുമായിരുന്നു വിവാദ പ്രസംഗം.
രാജി ബിജെപിയില്‍ ഭൂകമ്പമുണ്ടാക്കി, സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുന്നില്ലെന്ന് രാജിവച്ച യുപി മന്ത്രി എസ് പി മൗര്യ
ഇതിനു മുമ്പ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് 2016 ല്‍ അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് പലതവണ കേസ് വിളിച്ചുവെങ്കിലും മൗര്യ ഹാജരായില്ല. ബുധനാഴ്ച ഹാജരാകാന്‍ ഈ മാസം ആറിനാണ് സുല്‍ത്താന്‍പുര്‍ കോടതി ആവശ്യപ്പെട്ടിരുന്നത്. ഹാജരാകത്തതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുതുക്കി.
പിന്നോക്ക വിഭാഗത്തില്‍നിന്നുള്ള കരുത്തനായ നേതാവാണ് മൗര്യ. ഇദ്ദേഹത്തിന്റെ രാജി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. കൂടുതല്‍ മന്ത്രമാരും എം.എല്‍.എമാരും വരുംദിവസങ്ങളില്‍ തന്നോടൊപ്പം പോരുമെന്ന് മൗര്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് എം.എല്‍.എമാരാണ് നിലവില്‍ ബി.ജെ.പി വിട്ടിരിക്കുന്നത്.






