റിയാദ് - സൗദിയിൽ കൊറോണ ബാധിതർക്കിടയിൽ രോഗമുക്തി നിരക്ക് 93.4 ശതമാനമായി കുറഞ്ഞതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ മൊത്തത്തിലുള്ള രോഗമുക്തി നിരക്ക് 94.3 ശതമാനമായും കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക് ഏറ്റവും കൂടുതൽ ഒമാനിലാണ്. ഇവിടെ രോഗമുക്തി നിരക്ക് 97.5 ശതമാനമാണ്. യു.എ.ഇയിൽ 95.4 ശതമാനവും ബഹ്റൈനിൽ 95 ശതമാനവും കുവൈത്തിൽ 93.9 ശതമാനവും ഖത്തറിൽ 89.6 ശതമാനവുമായി രോഗമുക്തി നിരക്ക് കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക് ഏറ്റവും കുറവ് ഖത്തറിലാണ്.
ചൊവ്വാഴ്ച ഗൾഫ് രാജ്യങ്ങളിൽ 18,125 പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചു. സൗദിയിൽ 4,652 ഉം യു.എ.ഇയിൽ 2,511 ഉം ബഹ്റൈനിൽ 1,787 ഉം ഒമാനിൽ 609 ഉം ഖത്തറിൽ 4,619 ഉം കുവൈത്തിൽ 4,397 ഉം പേർക്ക് ചൊവ്വാഴ്ച കൊറോണബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഗൾഫിൽ എട്ടു കൊറോണ രോഗികൾ മരണപ്പെട്ടു. യു.എ.ഇയിൽ മൂന്നും സൗദിയിൽ രണ്ടും ഖത്തറിൽ രണ്ടും കുവൈത്തിൽ ഒന്നും രോഗികളാണ് മണപ്പെട്ടത്. ചൊവ്വാഴ്ച ഒമാനിൽ കൊറോണ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡിസംബർ 11 ലെ കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ആകെ 27,04,701 പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ 25,51,261 പേർ രോഗമുക്തി നേടുകയും 19,684 പേർ മരണപ്പെടുകയും ചെയ്തു. ഡിസംബർ 11 ന് അർധരാത്രി വരെ ആറു ഗൾഫ് രാജ്യങ്ങളിലും കൂടി ആകെ 9,76,99,508 ഡോസ് വാക്സിൻ വിതരണം ചെയ്തതായും ജി.സി.സി സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പറഞ്ഞു.






