Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലാഭനഷ്ടങ്ങളുടെ തമാശ

കെ. കരുണാകരന്റെ രണ്ടാമത്തെ മന്ത്രിസഭയുടെ ആദ്യത്തെ ബജറ്റ് കെ. എം മാണി 1982 ൽ അവതരിപ്പിച്ചു.  അതിൽ അദ്ദേഹം നാടകീയമായി ഒരു  പ്രഖ്യാപനം നടത്തി. ഗതാഗതമന്ത്രിയായിരുന്ന കെ. കെ ബാലകൃഷ്ണൻ ഉൾപ്പടെ പലരും അതുകേട്ട് ഞെട്ടിത്തെറിച്ചു.
ബജറ്റ് പ്രഖ്യാപനമായിട്ടല്ലെങ്കിലും അക്കാര്യം പലരും ഉറക്കെയും പതുക്കെയും പലപ്പോഴും പറഞ്ഞുകൊണ്ടിരുന്നു, നേരത്തേയും.  അതൊന്നും അലസമായ ഒരു അക്കാദമിക സംസാരമല്ലെന്ന് ആരും കരുതിയില്ല.  സർക്കാർ ഗതാഗതം ലാഭകരമാക്കാൻ, അല്ലെങ്കിൽ നഷ്ടക്കച്ചവടമല്ലാതാക്കാൻ, മാണി ഉന്നയിച്ചതായിരുന്നു ആ പരിപാടി.  അതിനു മുമ്പും ശേഷവും അതിനെപ്പറ്റി ആരെങ്കിലും സംസാരിച്ചപ്പോഴൊക്കെ 'ശ്വാനന്മാർ കുരക്കട്ടെ, സാർഥവാഹകസംഘം മുന്നോട്ട്' എന്ന പഴയ മന്ത്രം ഉരുക്കഴിച്ചിരിക്കുകയായിരുന്നു കേരളം ഒന്നടങ്കം. 
വർഷങ്ങൾക്ക് മുമ്പ് മാണി നടത്തിയ ആ പ്രഖ്യാപനം കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ എന്ന ആയിരം കൈകാലുകളുള്ള മേദസ്സുമുറ്റിയ ജീവിയുടെ ജീവൽ പ്രശ്‌നങ്ങൾ അപഗ്രഥിക്കുന്നതും പരിഹാരം അന്വേഷിക്കുന്നതുമായിരുന്നു.  സർക്കാർ സഹായം അനുഭവിച്ചു വീർത്തുവന്ന കെ എസ് ആർ ടി സി യെ പല കോർപറേഷനുകളാക്കുകയായിരുന്നു അന്നത്തെ ധനമന്ത്രി നിർദ്ദേശിച്ച പോംവഴി.  അതിന്റെ വിശദാംശങ്ങൾ അവിടെ നിൽക്കട്ടെ. വിശ ദാംശങ്ങ ൾ ഇഴ പിരിച്ചുനോക്കിയിട്ടും കാര്യമില്ലല്ലോ.
ധനമന്ത്രി യുടെ ധീരവും നർമമധുരവുമായ പ്രഖ്യാപനത്തിലേക്ക് ബജറ്റ് പ്രസംഗം എത്തിയപ്പോൾ ഗതാഗതമന്ത്രി എണീറ്റു, പല തരത്തിൽ വ്യാഖ്യാനിക്കാവുന്ന അംഗവിക്ഷേപങ്ങളോടെ.  'താനിതൊന്നും അറിഞ്ഞതല്ല, ഇതൊന്നും നടപ്പില്ല, അപമാനത്തിനു നിന്നുകൊടുക്കില്ല'അത്രയൊക്കെയായിരുന്നു ബാലകൃഷ്ണന്റെ അംഗചലനങ്ങളുടെ അർഥം എന്നു വൈകാതെ മനസ്സിലായി.  
കടം കുടിച്ചു മുടിയുന്ന കെ എസ് ആർ ടി സിയെ ശരിപ്പെടുത്താൻ ധനമന്ത്രി നിർദ്ദേശിച്ച നടപടികളുടെ സാധ്യതയും സാഫല്യവും ചർച്ച ചെയ്യാനായിരുന്നില്ല രാഷ്ട്രീയമാധ്യമ ധുരന്ധരന്മാർക്ക് അപ്പോൾ താൽപര്യം.  
മാണിയുടെ പണി ബാലകൃഷ്ണനെ ഏറെ മുഷിപ്പിച്ചിരിക്കുന്നു. കാണുന്നവരെയെല്ലാം 'ഉണ്ണീ' എന്നു വിളിച്ചുപോന്ന അദ്ദേഹത്തെ കേരള കോൺഗ്രസ് നേതാവ് കൊച്ചാക്കിയിരിക്കുന്നു.  ആ അപമാനം സഹിച്ച് മന്ത്രിയായി തുടരാൻ അദ്ദേഹത്തെ കിട്ടില്ല. അദ്ദേഹത്തിന്റേതെന്നു പരസ്യപ്പെടുത്തിയ ആ അഭിപ്രായം മുന്നോട്ടുപോയാൽ അദ്ദേഹത്തിനെ മന്ത്രിപദത്തെയും മന്ത്രിസഭയുടെ ഗാത്രത്തെത്തന്നെയും ബാധിക്കാമെന്ന് പലരും പട്ടം പറത്തിത്തുടങ്ങി.
ബാലകൃഷ്ണനറിയാമായിരുന്നു, അതെല്ലാം ആരുടെയോ തമാശയായിരുന്നു. അത്ര നിസ്സാരമായ പ്രകോപനത്തിൽ വലിച്ചെറിയാനുള്ളതല്ല മന്ത്രിപദം എന്ന് അദ്ദേഹത്തോളം ധരിച്ചിട്ടുള്ളവർ കുറവായിരുന്നു.  പിന്നെ, വേണമെങ്കിൽ, ഉദ്ധരിക്കാൻ ഇങ്ങനെ ഒരു പുരാണവചനവും ഉണ്ടായിരുന്നു: 'ഇക്കണ്ടതൊന്നും കണക്കല്ല മന്നവ!' ഈ മാണിപ്രമാണമൊന്നും നടപ്പാകാനുള്ളതല്ല.  പാലായിൽ സൂര്യൻ അസ്തമിക്കുന്നതുവരെയേ അതിനു മുഴക്കമുള്ളു.  അങ്ങനെയൊരു കൃതാർഥവിചാരത്തിൽ ഗതാഗതമന്ത്രി മുഴുകിയപ്പോൾ, കേരളത്തിലെ ഗതാഗതഭീമൻ നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് തുടിച്ചു താഴുകയായിരുന്നു.  
ഓടാത്ത ബസ്സും മടി പിടിച്ച ജോലിക്കാരും കൂടി എങ്ങനെ ഒരു സ്ഥാപനത്തെ നഷ്ടത്തിൽ മുക്കി കൊല്ലാറാക്കി എന്നതിന്റെ ദുരന്തചിത്രീകരണമായിരുന്നു അതിനു മുമ്പും കെ എസ് ആർ ടി സി  പൊതുപണം വെള്ളം പോലെ വാരിയെറിയാനല്ലാതെ വരുമാനം വർധിപ്പിക്കാൻ അതു ശീലിച്ചിരുന്നില്ല. സ്വന്തം ചെലവിനു വേണ്ട കാശെങ്കിലും സ്വയം എവിടെനിന്നെങ്കിലും കണ്ടെത്തണമെന്ന ധാരണ ലേശം പോലും ഏശാത്ത മുടിയനായ മൂത്ത പുത്രന്റേതായിരുന്നു അതിന്റെ മനോഭാവം. നിസ്സഹായമായ സർക്കാരുകൾ വരികയും പോവുകയും ചെയ്യുമ്പോൾ അതേപ്പറ്റി പ്രാവർത്തികമായി ആലോചിക്കാൻ ഇഷ്ടപ്പെട്ടില്ല.
ജോലി ഇല്ലാത്ത ജോലിക്കാരായിരുന്നു എന്നും  കെ എസ് ആർ ടി സിയുടെ പ്രശ്‌നം.  ഉള്ള ജോലി ചെയ്യാൻ ആളെ നിയമിക്കുകയല്ല, നിയമിച്ച ആൾക്ക് ചെയ്യാൻ ജോലി കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു എന്നും അതിന്റെ ഭീകരദൗത്യം.  എന്നു തുടങ്ങിയതാണ് ബോധരഹിതമായ ഈ ഭരണരീതി എന്ന് മൽസരബുദ്ധിയോടെ ഗവേഷണം നടത്തി കണ്ടുപിടിക്കാം.  നിയമനത്തിലെ നിയമരാഹിത്യത്തെ പരിഹസിക്കുന്ന കഥകൾ ഏറെ പറഞ്ഞുവരുന്നു കെ എസ് ആർ ടി സിയിലെ പാണന്മാർ.  തീപ്പെട്ടിക്കൂടിന്റെ പുറത്തും കീറിക്കളയുന്ന ലക്കോട്ടിന്മേലും ഉത്തരവുകൾ എഴുതി വിട്ടിരുന്നത്രേ ഒരു മന്ത്രി.  വേറേ ആരുമല്ല, നമ്മുടെ സ്വന്തം ഇമ്പിച്ചി ബാവ.  അതൊന്നും അദ്ദേഹം വകവെച്ചതായോ ഫലപ്രദമായി നിഷേധിച്ചതായോ കേട്ടില്ല.  ഭരണവേഗത്തിന്റെ നിദർശനമായിപ്പോലും അതൊക്കെ വ്യാഖ്യാനിക്കപ്പെട്ടു.  അതിനെ കളിയാക്കി മുതലെടുത്തവരും ആ ഉത്തരവുകളും അവയ്ക്ക് നിദാനമായിരുന്ന ഭരണവീക്ഷണവും തിരുത്താൻ ധൈര്യപ്പെട്ടില്ല എന്നതാണ് നമ്മുടെ കാലത്തെ വിധിവിഹിതം.  
കെ ആർ രവി എന്ന മുതിർന്ന പത്രപ്രവർത്തകൻ ഒരു കാലത്ത് കെ എസ് ആർ ടി സിയുടെ പൊതു സമ്പർക്ക ഉദ്യോഗസ്ഥൻ ആയിരുന്നു.  അങ്ങനെ ഒരു തസ്തികയും നഷ്ടംകൊണ്ടു വലയുന്ന സ്ഥാപനത്തിന് അനാവശ്യമല്ലേയെന്ന് ചിലർ കുസൃതിവാദം ഉന്നയിച്ചേക്കാം. പൊതുസമ്പർക്കത്തെപ്പറ്റിയുള്ള ബോധ്യമാണ് സ്ഥാപനത്തിന് ഏറ്റവും ആവശ്യം എന്നു ശഠിക്കുന്നവരും ഉണ്ടാകും. 
 ഏതായാലും രവി പറഞ്ഞു തന്ന ഒരു കാര്യം ഇന്നും ഓർക്കുന്നു: ബസ്സുകളും ജോലിക്കാരും തമ്മിലുള്ള അംശബന്ധം ശരിപ്പെടുത്തിയാലേ കെ എസ് ആർ ടി സി രക്ഷപ്പെടുകയുള്ളു.  
പല സംസ്ഥാനകോർപറേഷനുകളുടെയും കണക്കുകൾ രവി നിരത്തിക്കാട്ടി. പലതും ലാഭമുണ്ടാക്കുന്നവയായിരുന്നു.  അവയുടെയെല്ലാം ഉത്തമസാധാരണഘടകം ബസ്സും ജീവനക്കാരും തമ്മിലുള്ള കുറഞ്ഞ അനുപാതമായിരുന്നു.  കെ എസ് ആർ ടി സിയിൽ അത് ഏറ്റവും കൂടുതലായിരുന്നു. 
ശരാശരി ഏതാണ്ട് പന്ത്രണ്ടോളം ആളുകൾ വേണ്ടിയിരുന്നു  ഒരു ബസ് ഓടിച്ചുപോവാൻ.  അഞ്ചാളെ വെച്ചുകൊണ്ട് ബസ് ഓടിച്ചിരുന്ന സ്ഥാപനങ്ങളെ കണ്ടു പഠിക്കാൻ കേരളം മെനക്കെട്ടില്ല.  
സ്ഥാപനത്തിനു നഷ്ടമാണെങ്കിലും ജീവനക്കാരെ നിയമിച്ചുപോകുന്ന കാര്യത്തിൽ ആലസ്യമുണ്ടായില്ല.  അവരുടെ വേതനം കൂട്ടാനായിരുന്നു മന്ത്രിമാർക്ക് എന്നും ആവേശം.  കയ്യിട്ടു വാരാൻ ഖജനാവുള്ളപ്പോൾ ജോലിയില്ലാത്ത ജീവനക്കാരെ പ്രീണിപ്പിക്കുന്നതിൽ എന്തു കുഴപ്പം?  തകഴിയുടെ മരുമകനായ എൻ. പരമേശ്വരൻ നായർ എന്ന ഭരണകലാകോവിദനെ ഒരിക്കൽ കെ എസ് ആർ ടി സിയുടെ മേധാവിയാക്കി.  
മറ്റൊരിക്കൽ പനമ്പിള്ളിയുടെ ബന്ധുവിനെ ആ ലാവണത്തിൽ പ്രതിഷ്ഠിച്ചു.  അവരും അവരുടെ മുൻ മുറക്കാരും പിന്മുറക്കാരും നഷ്ടം കുറക്കാനുള്ള വിദ്യകൾ പലതും ആലോചിച്ചു.  ഏറ്റവും ഒടുവിൽ കേട്ടത് രാജമാണിക്യം എന്ന ചെറുപ്പക്കാരൻ മാനേജിംഗ് ഡയറക്റ്ററുടെ ഇടപെടൽ  ആയിരുന്നു.  ചില്ലറ ചില പരിഷ്‌ക്കാരം കൊണ്ട് കോടികൾ ലാഭിക്കാമെന്ന് രാജമാണിക്യം തെളിയിച്ചു.  അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ രാജമാണിക്യത്തെ കാണാതായി.  ബസ്സോട്ടം പഴയ പടിയാവുകയും ചെയ്തു.  
കെ എസ് ആർ ടി സി എന്നേ അടിയന്തരാവസ്ഥ നേരിടുകയായിരുന്നു.  അതിനുവേണ്ട അടിയന്തരനടപടികൾ എണ്ണിപ്പറയേണ്ടിയിരുന്നു. പലർക്കും പലതും ഉള്ളിലുണ്ടായിരുന്നെങ്കിലും ഉറക്കെ പറയാൻ പേടിയായിരുന്നു.  ധനപരമായ അടിയന്തരാവസ്ഥയിൽ പെട്ടുപോയ ഒരു സ്ഥാപനത്തിൽ അടിയന്തരമായി വേതനവും പെൻഷനും അതു പറ്റുന്നവരുടെ എണ്ണവും കുറക്കാൻ നടപടി വേണം.  ജനരോഷമോ ജീവനരോഷമോ ഭയന്ന് അതിനൊന്നും ഒരു മന്ത്രിയും മുന്നോട്ടു വരില്ല.  ആ വഴിയേ ആലോചിക്കുന്നവരെ മേധാവിയായി പരിഗണിക്കുകയുമില്ല.  
അതൊക്കെയാവാം, പണമുണ്ടെങ്കിൽ, അപ്പോൾ മാത്രം.   വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏതു സ്ഥാപനമായാലും നിഷ്‌കർഷിക്കേണ്ട ഭരണതത്വമാകുന്നു ലാഭം. ലാഭമില്ലെങ്കിൽ ദാനം കൊണ്ടുവേണം നിലനിൽക്കാൻ.  സാമാന്യമോ അസാമാന്യമോ ആയ ഒരു ധനശാസ്ത്രചിന്തയിലും അതു ന്യായീകരിക്കപ്പെടില്ല.  പക്ഷേ ജനഹിതത്തിന്റെയും തൊഴിലാളിവർഗ താൽപര്യത്തിന്റെയും പേരിൽ അതിനെ പൊക്കിപ്പറയുകയാണ് നമ്മുടെ നേതൃത്വം.  ജോലിക്കാരുടെ എണ്ണം കുറച്ചോ അവരെ പുതിയ ജോലിക്കു നിയോഗിച്ചോ ചിലവു കുറച്ചും, പുതിയ പദ്ധതികൾ ഏറ്റെടുത്തും വരുമാനം വർധിപ്പിച്ചാലേ കെ എസ് ആർ ടി സി എന്നെങ്കിലും രക്ഷപ്പെടുകയുള്ളു.  
ലാഭത്തെപ്പറ്റിയും പൊതുമേഖലയെപ്പറ്റിയും നമ്മൾ പുലർത്തിപ്പോന്ന ഒരു വികലസങ്കൽപം വഴി വന്നതാണ് ഈ ദുരന്തം.  ധനവ്യവസ്ഥയുടെ ഉന്നതമേധാവിത്വം പൊതുമേഖലക്കാവണം എന്നു നിർദ്ദേശിച്ചു, നല്ലവനായ ജവാഹർ ലാൽ നെഹ്രു.  സോഷ്യലിസത്തിന്റെ ഹരം കേറിയവർ ലാഭമില്ല, കൊള്ള ലാഭമേ ഉള്ളു, അതാകട്ടെ തടയുകയും വേണമെന്നു വാദിച്ചു.  അതുകൊണ്ട് പൊതുമേഖലയെ ലാഭകരമാക്കാനുള്ള നടപടികൾസ്വകാര്യവൽക്കരണമുൾപ്പടെ എന്നും സംശയത്തോടെ വീക്ഷിക്കപ്പെട്ടു.  വിമാനമോടിച്ചും പഞ്ചനക്ഷത്രബാർ നടത്തിയും നഷ്ടം കുമിഞ്ഞുകൂട്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സാധാരണക്കാരന്റെ കീശയിൽ കയ്യിട്ടുവാരുന്നവരാണ്.  ഒരിക്കൽ നഷ്ടം കേറിയ മാസ്‌കറ്റ് ഹോട്ടൽ സംയുക്ത മേഖലയിലെക്കു മാറ്റാൻ നിർദ്ദേശം വന്നു.  സർക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ പരിപാടി.  പക്ഷേ ആദ്യം എതിർപ്പു വന്നത് സി പി ഐ തൊഴിലാളി നേതാവിൽനിന്നായിരുന്നു. 
 പിന്നെ തൊഴിലാളിവർഗ്ഗം മുഴുവൻ എതിർക്കുന്നതായിരുന്നു കാഴ്ച. രണ്ടു ലാർജ് അടിക്കാൻ വൈകുന്നേരങ്ങളിൽ പ്രൊലെറ്റേറിയറ്റ് കയറിയിറങ്ങുന്നതാണല്ലോ പഞ്ചനക്ഷത്ര ബാർ!
പണമുള്ളവരെ സുഖിപ്പിക്കാൻ നഷ്ടം സഹിച്ച് ഏതാനും സ്ഥാപനങ്ങൾ നടത്തുകയല്ല നമ്മുടെ കാലഘട്ടത്തിൽ ഒരു ഭരണകൂടത്തിന്റെ ദൗത്യം.  വാണിജ്യാടിസ്ഥാനത്തിൽ നടക്കുന്ന സ്ഥാപനമാണെങ്കിൽ ലാഭം ഉണ്ടാക്കിയിരിക്കണം.  എന്നുവെച്ചാൽ, സ്വന്തം ആവശ്യത്തിനുള്ള പണം സ്വയം കണ്ടെത്തണം.  അങ്ങനെയൊരു ചിന്ത ആഴത്തിൽ ചെന്നാലേ കെ എസ് ആർ ടി സിയും അതുപോലെ കുഴഞ്ഞ കോർപറേഷനുകളും അതിജീവനത്തിന്റെ വഴിയിലേക്ക് തിരിയുകയുള്ളൂ.  

Latest News