കണ്ണൂര്‍ - ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡി.സി.സി ഓഫീസിനും സുരക്ഷ ശക്തമാക്കി.
ഡി.സി.സി ഓഫീസിന് മുന്നില്‍ ഒരു ബസ് നിറയെ പോലീസ് നില ഉറപ്പിച്ചു. സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലാകെ പോലീസ് ജാഗ്രതയിലാണ്. സി.പി.എം ശക്തികേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം മലപ്പുറത്ത് കെ. സുധാകരന്‍ പങ്കെടുത്ത കോണ്‍ഗ്രസ് മേഖലാ കണ്‍വെന്‍ഷനിലേക്ക് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി തളിപ്പറമ്പില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം നടന്നിരുന്നു. വ്യാപക അക്രമങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജാഗ്രത പാലിക്കുന്നത്.