കെ റെയിലിനായി തീവ്ര പ്രചാരണ പദ്ധതിയുമായി സര്‍ക്കാര്‍, 50 ലക്ഷം കൈപ്പുസ്തകം വിതരണം ചെയ്യും

തിരുവനന്തപുരം-കെ റെയില്‍ വിരുദ്ധവാദങ്ങളുടെ മുനയൊടിക്കാനൊരുങ്ങി സര്‍ക്കാര്‍.  പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ എല്ലാ വീടുകളിലും എത്തിക്കാനായി പ്രചാരണ പത്രിക തയാറാക്കാന്‍ സര്‍ക്കാര്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. പ്രചാരണ പത്രികയായുള്ള കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പിയാണ് അച്ചടിക്കുന്നത്.

സി.പി.എം സംഘടനാ സംവിധാനം വഴിയാകും കൈപ്പുസ്തകം വീടുകളില്‍ എത്തിക്കുക. അതേസമയം പുസ്തകം അച്ചടിക്കാനുള്ള തുക വകയിരുത്തിയിട്ടില്ല. ടെന്‍ഡര്‍ ക്ഷണിച്ച ശേഷമേ ഇതിനായി എത്രതുക വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ.

സര്‍ക്കാര്‍ പ്രചാരണ പരിപാടികള്‍ക്ക് നീക്കിവെച്ച അക്കൗണ്ടില്‍ നിന്നായിരിക്കും ഇതിനായി തുക ചെലവഴിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ പരസ്യം നല്‍കുന്നതില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. പുതുവര്‍ഷത്തിലാണ് ഇതില്‍ മാറ്റംവന്നത്.

നേരത്തെ ജില്ലകളില്‍ പൗരപ്രമുഖരുടെ യോഗം വിളിച്ച് മുഖ്യമന്ത്രിയും സംവാദങ്ങള്‍ സംഘടിപ്പിച്ച് സി.പി.എം സംഘടനാ തലത്തിലും കെ-റെയില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

 

Latest News