Sorry, you need to enable JavaScript to visit this website.

സി.പി.എം സമ്മേളനത്തോടനുബന്ധിച്ച് 500 ലെറെ പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര, കണ്ടില്ലെന്ന് നടിച്ച് പോലീസ്

തിരുവനന്തപുരം-കോവിഡ് വ്യാപിക്കുന്നതിനിടെ സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദത്തില്‍. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് 550 ലേറെ പേര്‍ പങ്കെടുത്ത തിരുവാതിര അരങ്ങേറിയത്.
 കോവിഡ് വ്യാപന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന സര്‍ക്കാര്‍ നിയന്ത്രണം നിലനില്‍ക്കേയാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 550-ലേറെ പേര്‍ അണിനിരന്ന മെഗാ തിരുവാതിര സംഘടിപ്പിച്ചത്. മരണാനന്തര, വിവാഹ ചടങ്ങുകളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളുവെന്ന ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇത്രയേറെ പേര്‍ പങ്കെടുത്ത തിരുവാതിര നടന്നിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്.

ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്‌ഐ പള്ളി മൈതാനത്തായിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് അംഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.രതീന്ദ്രന്‍, പുത്തന്‍കട വിജയന്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചിരുന്നു. ലോക്കല്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് പരിശീലനം പൂര്‍ത്തിയാക്കിയാണ് വനിതകള്‍ മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്.
ജില്ലാസമ്മേളനവും സമ്മേളന നഗരിയായ പാറശ്ശാലയും സംസ്ഥാന സര്‍ക്കാരിന്റെ വിജയങ്ങളും വിഷയമാക്കിയായിരുന്നു തിരുവാതിരഗാനം.

 

Latest News