ആണും പെണ്ണും വേര്‍തിരിക്കാന്‍ ഭിന്നലിംഗക്കാരുടെ വസ്ത്രമുരിഞ്ഞ് പരിശോധന

അഗര്‍ത്തല- ത്രിപുരയില്‍ നാല് ട്രാന്‍സ്‌ജെന്‍ഡേര്‍സിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ച് വസ്ത്രമുരിഞ്ഞതായി ആരോപണം. ആണോ പെണ്ണോ എന്ന് വ്യക്തമാക്കാനാണ് വസ്ത്രം അഴിപ്പിച്ചതെന്ന് അറസ്റ്റിലായവരില്‍ ഒരാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മേലില്‍ വസ്ത്രം മാറി ധരിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ നഗരത്തില്‍ എവിടെ വെച്ചും അറസ്റ്റ് ചെയ്യാമെന്നും ഇവരെ കൊണ്ട് എഴുതിക്കുകയും ചെയ്തു.
രാത്രി ഒരു ഹോട്ടലിലെ പാര്‍ട്ടി കഴിഞ്ഞ പുറത്തിറങ്ങിയപ്പോഴാണ് നാല് പേരേയും പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സ്‌റ്റേഷനില്‍നിന്ന് പോകാന്‍ അനുവദിച്ചതിനു പിന്നാലെ ഇവരില്‍ ഒരാള്‍ പരാതി നല്‍കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ ഒരു ഫോട്ടോജേണലിസ്റ്റും പോലീസിനോടൊപ്പം ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച് വെസ്റ്റ് അഗര്‍ത്തലയിലെ വനിതാ പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷം പുരുഷ, വനിതാ പോലീസുകാര്‍ ചേര്‍ന്ന് വസ്ത്രമുരിഞ്ഞുവെന്നാണ് പരാതി.
വസ്ത്രം അഴിച്ച് തങ്ങളുടെ ലിംഗം വെളിപ്പെടുത്താനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും വിഗുകളും അടിവസ്ത്രങ്ങളും പോലീസ് തിരികെ നല്‍കിയില്ലെന്നും തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും പരാതിയല്‍ പറഞ്ഞു.

 

Latest News