ദിലീപിനൊപ്പമുള്ള വി.ഐ.പി മന്ത്രിയുടെ സുഹൃത്തെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന് മുന്നില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കി. തന്റെ കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കി. ദിലീപിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ അളിയനും സഹോദരനും കാവ്യയുമൊക്കെ സംസാരിച്ചതിന്റെ ശബ്ദം കൈയിലുണ്ടെന്ന് പറഞ്ഞ ബാലചന്ദ്രകുമാര്‍, താന്‍ പറഞ്ഞ വി.ഐ.പി ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും വെളിപ്പെടുത്തി.

പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയുടെയടക്കം തെളിവുകള്‍ നേരത്തെ കൊടുത്തിരുന്നു. അതിന്റെ സ്റ്റേറ്റ്മെന്റാണ് ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് പലതവണ, പലസ്ഥലങ്ങളില്‍ ദിലീപ് പറഞ്ഞിട്ടുണ്ട്. ദിലീപിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ അളിയനും സഹോദരനും കാവ്യയുമൊക്കെ സംസാരിച്ചതിന്റെ ശബ്ദം കൈയിലുണ്ട്. ഇത്രയും കാര്യങ്ങള്‍ ആര്‍ക്കാണ് വ്യാജമായി ചെയ്യാന്‍ കഴിയുക. ഓഡിയോ ക്ലിപ്പിലെ ശബ്ദം ദീലീപിന്റെതാണെന്ന് തെളിയിക്കാന്‍ സാധിക്കും.

താന്‍ പറഞ്ഞ വി.ഐ.പി ദിലീപുമായി ഏറ്റവും അടുത്ത നില്‍ക്കുന്ന ആളാണ്. ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ്. പള്‍സര്‍ സുനി അടക്കമുള്ളവര്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അപായപ്പെടുത്താന്‍ അദ്ദേഹം പ്ലാന്‍ ചെയ്യുന്നുണ്ട്'-ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍.

വധഭീഷണി, ഗൂഢാലോചന എന്നിവയുള്‍പ്പെടെ ഗുരുതരമായ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ്, അപ്പു, ബൈജു ചെങ്ങമനാട് തുടങ്ങി ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

 

Latest News