Sorry, you need to enable JavaScript to visit this website.

ഷെയർ ചെയ്ത ഇന്റർനെറ്റുപയോഗിച്ച് മറ്റൊരാൾ അശ്ലീല വിഡിയോ കണ്ടു, കുരുക്കിലായ മലയാളിക്ക് ജയിൽ മോചനം

റിയാദ്- തന്റെ പേരിലുള്ള ഇന്റർനെറ്റ് വൈഫൈ ഉപയോഗിച്ച് മറ്റാരോ സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല വീഡിയോ ഷെയർ ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ട മലയാളിക്ക് കേസിൽ നിന്ന് മോചനം. തന്റെ ഇഖാമ നമ്പറിൽ എടുത്ത ഇൻർനെറ്റ് വൈഫൈ ഫ്‌ളാറ്റിലുള്ള ആറു സുഹൃത്തുക്കൾക്ക്  ഷെയർ ചെയ്ത കോഴിക്കോട് പൂനൂർ സ്വദേശി അബ്ദുല്ലത്തീഫിനാണ് സാമൂഹിക പ്രവർത്തകന്റെയും കമ്പനിയുടെയും ഇടപെടലിൽ ഒന്നര വർഷത്തിന് ശേഷം നിരപരാധിത്വം തെളിയിച്ച് കേസിൽ നിന്ന് മോചനം ലഭിച്ചത്.
പാസ്‌പോർട്ടിന്റെ കാലാവധി ദീർഘിപ്പിക്കുന്നതിന് ജവാസാത്തുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ പേരിൽ അൽമനാർ പോലീസ് സ്‌റ്റേഷനിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തതായി ഇദ്ദേഹം കണ്ടെത്തിയത്. സുലൈയിലെ ഒരു കമ്പനിയിൽ സെയിൽസ്മാനാണ് അബ്ദുല്ലത്തീഫ്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ കമ്പനി നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ പേരിലുള്ള ഇന്റർനെറ്റുപയോഗിച്ച് ഫേസ്ബുക്ക് വഴി കുട്ടികളുടെ അശ്ലീല വീഡിയോ മൂന്നു പ്രാവശ്യം ഷെയർ ചെയ്തതാണ് കേസ്. വ്യാജ ഐഡി ഉപയോഗിച്ചാണ് ഇത് ഷെയർ ചെയ്തിരുന്നത്. ഇത്തരം സംഭവങ്ങൾക്ക് സൗദിയിൽ ഫേസ്ബുക്ക് ഐഡിയുടെ ഉടമക്കെതിരെയോ അല്ലെങ്കിൽ ഇന്റർനെറ്റ് ഉടമക്കെതിരെയോ ആണ് കേസ് ചാർജ് ചെയ്യാറുള്ളത്. വിദേശികളെ ജയിൽശിക്ഷക്ക് ശേഷം നാടുകടത്തലാണ് ശിക്ഷ.
ഇദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യമായ കമ്പനി അധികൃതർ കെ.എം.സി.സി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനൊപ്പം അൽമനാർ പോലീസിലെത്തി വിശദീകരണം നൽകി. എന്നാൽ അബ്ദുല്ലത്തീഫിനെ അറസ്റ്റ് ചെയ്ത് കോടതിൽ ഹാജറാക്കണമെന്നാണ് പോലീസ് പറഞ്ഞത്. അതിനിടെ അശ്ലീല വീഡിയോ ഷെയർ ചെയ്ത വ്യാജ ഫേസ്ബുക്ക് എകൗണ്ട് പോലീസ് സഹായത്തോടെ ലഭിച്ചെങ്കിലും ഉപയോഗിച്ചയാളെ കണ്ടെത്താനായില്ല. തുടർന്ന് ഇന്റർനെറ്റ് കണക്ഷൻ ഉടമ എന്ന നിലയിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കോടതിയിലും പബ്ലിക് പ്രോസിക്യൂഷനിലും ഹാജറാക്കി നിരപരാധിത്വം വ്യക്തമായ ശേഷം 20 ദിവസത്തിന് കഴിഞ്ഞ് കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇത്തരം കേസുകളിൽ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്. കേസ് കാരണം ഇദ്ദേഹത്തിന് സൗദി അറേബ്യക്ക് പുറത്തുപോകാൻ അനുമതിയുണ്ടായിരുന്നില്ല.
 

Latest News