Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

കാടിനെ അടുത്തറിയാൻ പറമ്പിക്കുളത്തേക്ക് 

കാടിനോടും കാട്ടിലെ ജീവിതത്തോടും മനുഷ്യന് തോന്നുന്ന ഗൃഹാതുരമായ ആകർഷണം പറഞ്ഞറിയിക്കാവുന്നതല്ല. സംസ്ഥാനത്തെ രണ്ടാമത്തെ കടുവാസംരക്ഷണ കേന്ദ്രമായ പറമ്പിക്കുളത്ത് ഒരിടവേളക്കു ശേഷം വീണ്ടും വിനോദ സഞ്ചാരം സജീവമാവുകയാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ 391 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്കുള്ള യാത്ര കാടിനെ അടുത്തറിയാനാഗ്രഹിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. കിഴക്കും വടക്കും തമിഴ്‌നാട്ടിലെ ആനമല വന്യജീവി സങ്കേതവും പടിഞ്ഞാറ് നെല്ലിയാമ്പതി മലനിരകളും തെക്ക് പെരിയാർ കടുവാ സങ്കേതവും അതിരിടുന്ന പറമ്പിക്കുളത്ത് സന്ദർശകരെ കാത്തിരിക്കുന്നത് പശ്ചിമഘട്ട മലനിരകളുടെ വന്യസൗന്ദര്യമാണ്. കടുവയും പുലിയും ആനയും കാട്ടിയുമെല്ലാം സൈ്വരമായി വിഹരിക്കുന്ന കാട്.
ഒരു കാലത്ത് ബ്രിട്ടീഷ് സൈന്യത്തിനാവശ്യമായ മരം മുറിച്ചിരുന്നത് പറമ്പിക്കുളത്ത് നിന്നായിരുന്നു. ഉൾക്കാട്ടിൽ നിന്ന് ചാലക്കുടിയിലേക്ക് ട്രാം വഴിയാണ് പടുകൂറ്റൻ തടികൾ കൊണ്ടുപോയിരുന്നത്. ആ ട്രാമിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാടിനുള്ളിൽ കാണാം. കാട് വെട്ടിവെളുപ്പിച്ച് അതിലൊരു ഭാഗത്ത് വ്യാവസായികാടിസ്ഥാനത്തിൽ തേക്ക് വെച്ചുപിടിപ്പിച്ചതും ചരിത്രം. അന്ന് നട്ട തേക്കിൻതൈകൾ വളർന്ന് കാടായി മാറി. രണ്ടു പതിറ്റാണ്ടു മുമ്പ് നിയമം മൂലം നിരോധിക്കുന്നതു വരെ തേക്ക് വെട്ടൽ നടന്നിരുന്നു. ഇന്ന് ഒരു ചുള്ളിക്കമ്പു പോലും മുറിക്കാനാവില്ല. പറമ്പിക്കുളം ആളിയാർ പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് ഡാമുകൾ നിലവിൽ വന്നതോടെയാണ് പറമ്പിക്കുളത്തേക്ക് വിനോദ സഞ്ചാരം ആരംഭിക്കുന്നത്. ഏതാനും ആദിവാസി കോളനികളിലെ താമസക്കാർ മാത്രമായിരുന്നു പറമ്പിക്കുളം കാടുകളിലെ മനുഷ്യ സാന്നിധ്യം. ഇപ്പോൾ ആദിവാസികൾക്കു പുറമെ ഡാമിന്റെ പണിക്ക് തമിഴ്‌നാട്ടിൽ നിന്നെത്തിയ ഒരു കൂട്ടം മനുഷ്യരും പ്രദേശത്തെ താമസക്കാരായുണ്ട്. 


പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് ഡാമുകളെ ചുറ്റിപ്പറ്റിയാണ് പറമ്പിക്കുളത്തെ കാഴ്ചകൾ. സ്ഥലം കേരളത്തിലാണെങ്കിലും പാലക്കാട്ടു നിന്ന് തമിഴ്‌നാട്ടിലെ പൊള്ളാച്ചി വഴിയേ അങ്ങോട്ട് കടക്കാനാവൂ. നെല്ലിയാമ്പതിയിൽ നിന്നോ ചെമ്മണാംപതിയിൽ നിന്നോ പറമ്പിക്കുളത്തേക്ക് റോഡ് വെട്ടണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. കടുവാസങ്കേതത്തിന് നടുവിലൂടെ ഒരു യാത്രാമാർഗമുണ്ടാക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കൽ എളുപ്പമല്ല. പാലക്കാട്ടു നിന്ന് പറമ്പിക്കുളത്തേക്ക് നേരിട്ട് കെ.എസ്.ആർ.ടി.സി ബസുണ്ട്. അതിനു പുറമെ പൊള്ളാച്ചിയിൽ നിന്നും ബസ് കിട്ടും.
കാട്ടിലൂടെയുള്ള സഫാരിയാണ് പറമ്പിക്കുളം യാത്രയുടെ പ്രധാന ആകർഷണം. രാവിലെ എത്തി വൈകിട്ട് മടങ്ങാം. കാട്ടിലെ ജീവിതം അടുത്തറിയാനാഗ്രഹിക്കുന്നവർക്ക് അവിടെ താമസിക്കാനുള്ള സൗകര്യമുണ്ട്. മുൻകൂട്ടി താമസ സൗകര്യം ഉറപ്പു വരുത്തണം എന്ന് മാത്രം. പല രീതിയിലുള്ള താമസ സൗകര്യങ്ങളുണ്ട്. സാധാരണ താമസം, മരത്തിനു മുകളിലെ കൊച്ചുകുടിലിലെ താമസം, ഡാമിനുള്ളിലെ ദ്വീപിനകത്തെ ഏകാന്തവാസം എന്നിങ്ങനെ ഏതും തെരഞ്ഞെടുക്കാം. ഓൺലൈനിൽ ബുക്ക് ചെയ്ത് വേണം അതിനു പോകാൻ. രാവിലെ പോയി വൈകിട്ട് മടങ്ങാനാഗ്രഹിക്കുന്നവർ ബുക്ക് ചെയ്യണമെന്നില്ല. സ്വന്തം വാഹനത്തിൽ എത്തുന്നവരെ വനം വകുപ്പിന്റെ പ്രത്യേക യാത്രാവാഹനത്തിലാണ് സഫാരിക്ക് കൊണ്ടുപോകുക. കാടിനെ അടുത്തറിയാവുന്ന ഊരുനിവാസികൾ ഗൈഡായി യാത്രയിലുടനീളം സംഘത്തെ അനുഗമിക്കും. ഗൈഡിന്റെ സഹായമില്ലാതെ പറമ്പിക്കുളം കാണാനാവില്ല. മറ്റു പല വന്യമൃഗ സങ്കേതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടത്തെ യാത്ര വന്യജീവികൾ വിഹരിക്കുന്ന കോർ ഏരിയയിലേക്കാണ് എന്നത് കാണാം. ആനക്കൂട്ടത്തേയും കാട്ടികളേയും കാണാതെ ഒരു സഞ്ചാരിക്കു പോലും പറമ്പിക്കുളത്ത് നിന്ന് മടങ്ങേണ്ടി വരാറില്ല. കടുവയുടേയും പുലിയുടേയും കരടിയുടേയുമല്ലാം സാന്നിധ്യം എപ്പോഴും പ്രതീക്ഷിക്കണം. 
പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് ഡാമുകളും കന്നിമാരയിലെ തേക്കുമാണ് വിനോദ സഞ്ചാരികൾക്കായി നടത്തുന്ന സവാരിയിലെ സന്ദർശന കേന്ദ്രങ്ങൾ. ഈ സ്ഥലങ്ങളിലെല്ലാം വനം വകുപ്പിന്റെ വാഹനത്തിൽ ഓടിയെത്താൻ മൂന്നോ നാലോ മണിക്കൂർ എടുക്കും. ചാലക്കുടിയിലെക്ക് തേക്കിൻ തടികൾ കൊണ്ടുപോയിരുന്ന പഴയ ട്രാംവേയുടെ അവശിഷ്ടങ്ങൾ കാണാൻ ഇപ്പോൾ സന്ദർശകരെ കൊണ്ടുപോകാറില്ല. അണക്കെട്ടിലൂടെയുള്ള മുളച്ചങ്ങാടത്തിലെ യാത്ര മറക്കാനാവാത്ത അനുഭവമാണ്. വൈകുന്നേരങ്ങളിലാണ് മൃഗങ്ങളെ കൂടുതൽ കാണാനാവുക.   
പ്ലാസ്റ്റിക്കിനുള്ള കർശനമായ നിരോധനമാണ് പറമ്പിക്കുളം കാണാനെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യം. കുപ്പിവെള്ളം അനുവദിക്കുമെങ്കിലും കുപ്പി ഉപേക്ഷിക്കാനാവില്ല. മദ്യത്തിനും വിലക്കുണ്ട്. വനം വകുപ്പിന്റെ ഓഫീസിനു സമീപമുള്ള കാന്റീനിൽ പ്രകൃതിസൗഹൃദമായ വെജിറ്റേറിയൻ - നോൺവെജിറ്റേറിയൻ ഭക്ഷണം ലഭിക്കും. കാന്റീൻ നടത്തുന്നതും ഊരുനിവാസികളാണ്. ഇണക്കമുള്ള വീട്ടുമൃഗങ്ങളെപ്പോലെ കുരങ്ങന്മാരും പന്നികളും മയിലുമെല്ലാം സന്ദർശകരുടെ അടുത്തേക്ക് വരും. അവക്ക് ഭക്ഷണം കൊടുക്കുന്നതിന് വിലക്കുണ്ട്.
വിനോദ സഞ്ചാരത്തിനു പുറമെ കാടിനെ അടുത്തറിയാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും പരിസ്ഥിതി പ്രവർത്തകർക്കും വനം വകുപ്പ് പറമ്പിക്കുളത്ത് പ്രത്യേക പഠന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. നാൽപത് പേരടങ്ങുന്ന സംഘത്തിനാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. കോളേജുകളിലെ നേച്ചർ ക്ലബ്ബുകൾ, പരിസ്ഥിതി സംഘടനകൾ എന്നിവ വഴി ഇതിനായി അപേക്ഷിക്കാം. വൈൽഡ് ലൈഫ് വാർഡനാണ് അപേക്ഷ നൽകേണ്ടത്. അനുമതി ലഭിക്കുന്നവർക്ക് പറമ്പിക്കുളത്ത് വനം വകുപ്പ് ക്യാമ്പ് സംഘടിപ്പിക്കും. ക്ലാസുകൾക്കു പുറമെ ട്രക്കിംഗ്, പക്ഷിനിരീക്ഷണം എന്നിവക്കുള്ള സൗകര്യവും ഒരുക്കും. ഇതിന്റെ ചെലവെല്ലാം വനംവകുപ്പ് തന്നെയാണ് വഹിക്കുന്നത് എന്നതാണ് പ്രത്യേകത. പക്ഷേ ഇത്തരം ക്യാമ്പുകളെക്കുറിച്ച് വലിയ ധാരണയൊന്നും സമൂഹത്തിലില്ല.  ലഭിക്കുന്ന അപേക്ഷകൾ പൊതുവെ കുറവാണ്. 
മൃഗങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും മറ്റു വനപ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പറമ്പിക്കുളത്ത് അവ മനുഷ്യനുമായി ഏറ്റുമുട്ടുന്നത് കുറവാണ്. വനംവകുപ്പ് ജീവനക്കാർക്ക് പുറമെ അഞ്ച് ആദിവാസിയൂരുകളും തമിഴ്‌നാട്ടിൽ നിന്ന് ഡാം പണിക്കെത്തിയവർ തമ്പടിച്ചിരിക്കുന്ന കോളനിയും മാത്രമേ മേഖലയിലുള്ളൂ. അവിടെയുള്ളവരെല്ലാം മൃഗങ്ങൾക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുന്നവരാണ്. പുലിയുടേയും കടുവയുടേയും കാൽപാടുകളോ വിസർജ്യ വസ്തുക്കളോ അവരെ ഭയപ്പെടുത്തില്ല. പന്നികളും മാനുകളുമെല്ലാം ആദിവാസിയൂരുകളിൽ ഭയമില്ലാതെ കറങ്ങിനടക്കുന്നത് കാണാം. സഞ്ചാരികളോട് പറമ്പിക്കുളം ടൈഗർ റിസർവിന്റെ ചുമതലക്കാരനായ ഡെപ്യൂട്ടി ഡയറക്ടർ എസ്. വൈശാഖിന് പറയാനുള്ളത് ഒന്നു മാത്രമാണ്. 'കാട് മൃഗങ്ങളുടേതാണ്. അവിടെ അതിക്രമിച്ചു കയറുന്നവരാണ് മനുഷ്യർ. മനുഷ്യരുടെ മുന്നിൽ വന്നു പെടുന്നത് ഒഴിവാക്കാനാണ് കടുവയും പുലിയും ആനയുമെല്ലാം ശ്രദ്ധിക്കുന്നത്. അതു പറ്റിയില്ലെങ്കിൽ രക്ഷപ്പെടാൻ ശ്രമിക്കും. അതും പറ്റിയില്ലെങ്കിലേ ആക്രമണമുണ്ടാവുകയുള്ളൂ. ഇക്കാര്യം മനസ്സിലാക്കാൻ കഴിയുന്നു എന്നതാണ് പറമ്പിക്കുളത്ത് താമസിക്കുന്നവരുടെ പ്രത്യേകത. കാട്ടുമൃഗങ്ങളെയാണ് കാണേണ്ടത് എങ്കിൽ പോകേണ്ടത് മൃഗശാലയിലാണ്. അവയുടെ ആവാസ കേന്ദ്രം അടുത്തറിയാനാഗ്രഹിക്കുന്നവർ മാത്രമേ പറമ്പിക്കുളത്തേക്ക് വരേണ്ടതുള്ളൂ. ഇവിടെ അവയെ കാണാനാകും. എന്നാൽ അതായിരിക്കരുത് ലക്ഷ്യം.'

വിനോദ സഞ്ചാരത്തിലെ പങ്കാളിത്തം പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ വനസംരക്ഷണം എങ്ങനെ നടപ്പിലാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പറമ്പിക്കുളം കടുവാസംരക്ഷണ കേന്ദ്രം. മേഖലയിലെ ആദിവാസിയൂരുകളിലെ താമസക്കാരുടെ പൂർണ സഹകരണത്തോടെയാണ് ഇവിടെ വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നത്. അഞ്ച് ആദിവാസിയൂരുകളിലെ നൂറ്റിയിരുപതിലധികം പേരുടെ ജീവനോപാധിയാണ് സന്ദർശകരുടെ വരവ്. ടൂറിസ്റ്റ് ഗൈഡ്, വനംകാവൽ, കാന്റീൻ നടത്തിപ്പ് എന്നിവയുടെയെല്ലാം ചുമതല ഊരുനിവാസികൾക്കാണ്. വനം വകുപ്പിന്റെ നിയന്ത്രണത്തിൽ ചാരിറ്റബ്ൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിട്ടുള്ള പറമ്പിക്കുളം ഫൗണ്ടേഷന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ നടത്തുന്നത്. അതിലെ ജീവനക്കാരായി ഊരുനിവാസികളെ നിയോഗിച്ചത് വിനോദ സഞ്ചാര വികസനത്തിന്റെ തലവര തന്നെ മാറ്റി മറിച്ചു. സന്ദർശകരിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ജീവനക്കാർക്ക് വേതനം നൽകുന്നത്. ഇതിനു പുറമെ കരകൗശല നിർമാണത്തിലും  ഫൗണ്ടേഷൻ പരിശീലനം നൽകുന്നുണ്ട്. ഉണ്ടാക്കുന്ന സാധനങ്ങളും കാട്ടിൽ നിന്ന് ശേഖരിക്കുന്ന തേൻ പോലുള്ള വനവിഭവങ്ങളും സന്ദർശകർക്ക് വാങ്ങാം. 
'പറയുന്നതു പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പുറത്തു നിന്നുള്ളവരെ ഏറെ സംശയത്തോടെ നിരീക്ഷിക്കുന്നവരായിരുന്നു ഒരു കാലത്ത് പറമ്പിക്കുളത്തെ ഊരുനിവാസികൾ. അവരുടെ അനുഭവം അതായിരുന്നു. വിശ്വാസം ആർജിച്ചെടുക്കലായിരുന്നു  ആദ്യത്തെ വെല്ലുവിളി. ഇന്ന് അവരിലെ 25 പേർ ടൂറിസ്റ്റ് ഗൈഡായി പ്രവർത്തിക്കുന്നു എന്നു പറഞ്ഞാൽ തന്നെ മാറ്റം മനസ്സിലാക്കാം.' -ദീർഘകാലമായി പറമ്പിക്കുളത്ത് പ്രവർത്തിക്കുന്ന എ.ഡി.എഫ്.ഒ സാബി വർഗീസ് മലയാളം ന്യൂസിനോട് പറഞ്ഞു. ആ വാക്കുകൾ അതിശയോക്തിയല്ല. സഞ്ചാരികളോട് ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ കഴിവുള്ള മുരുേകശനെപ്പോലുള്ള ഗൈഡുമാരാണ് ഇന്ന് പറമ്പിക്കുളം ഫൗണ്ടേഷന്റെ കരുത്ത്. കാട്ടിലെ മൃഗങ്ങളുടേയും അപൂർവസസ്യങ്ങളുടെയുമെല്ലാം പ്രത്യേകതകളും ശാസ്ത്രീയ നാമവുമെല്ലാം ആർക്കു മുന്നിലും വിശദീകരിക്കാൻ ആത്മവിശ്വാസം നേടിയ ആളാണ് മുരുകേശൻ. ഈ നാൽപതുകാരൻ ഇരുപതു വർഷമായി ഗൈഡിന്റെ ജോലിയാണ് ചെയ്യുന്നത്. 


വന്യജീവികളുടെ സാന്നിധ്യം മണത്തറിയാൻ കഴിവുള്ളയാളാണ് മുരുേകശൻ. ഉയർന്ന വനം വകുപ്പുദ്യോഗസ്ഥർ കാട്ടിൽ കയറുമ്പോൾ അദ്ദേഹത്തെപ്പോലുള്ളവരെ കൂടെക്കൂട്ടും. ഒരു കൈയിൽ വാളും മറുകൈയിൽ വടിയുമായി ഉൾക്കാട്ടിലേക്ക് നിർഭയം കടന്നുകയറുന്ന മുരുകേശനും പറയാനുണ്ട് മരണം മുന്നിൽ വന്നു നിന്ന കഥകൾ. 'ഇര തേടുന്ന കടുവയുടെ മുന്നിൽ പെട്ടാൽ അനങ്ങാതെ അവയുടെ കണ്ണുകളിലേക്ക് നോക്കണം. അത് അവക്ക് നൽകുന്ന ബഹുമാനമാണ്. ഒരു മൃഗവും ഇര തേടിയല്ലാതെ മറ്റാരെയും ആക്രമിക്കാറില്ല. അവയുടെ മുന്നിൽ അനങ്ങാതെ നിൽക്കുക വഴി കൈമാറുന്നത് കീഴടങ്ങുകയാണ് എന്ന സന്ദേശമാണ്. അപകടമില്ല എന്നു കണ്ടാൽ അവ പിൻവാങ്ങും'- മുരുകേശൻ പറയുന്നു. അനുഭവത്തിൽ നിന്നുള്ള ഇത്തരം കാട്ടറിവുകളാണ് വനംവകുപ്പ് ഉപയോഗപ്പെടുത്തുന്നത്. 
സ്ഥിരം വരുമാനമായതോടെ ഊരുനിവാസികളുടെ ജീവിത വീക്ഷണത്തിലും വ്യത്യാസങ്ങൾ വന്നു. നേരത്തേ കടുവ കൊന്നിട്ട മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ പലരും ഭക്ഷിക്കുമായിരുന്നു. അങ്ങനെ ചെയ്താൽ കടുവക്ക് വീണ്ടും ഇരയെ കൊല്ലേണ്ടി വരും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഈ പാഠം മനസ്സിലാക്കിയതോടെ ഇര തേടുന്ന ജീവികളുടെ അടുത്തു നിന്ന് അകലം പാലിക്കണം എന്ന തിരിച്ചറിവിലേക്ക് അവർ എത്തി. ഇപ്പോൾ ആരും കാട്ടിൽ ചത്തുകിടക്കുന്ന മൃഗങ്ങളുടെ അവശിഷ്ടം ഭക്ഷിക്കാറില്ല.  

വിശ്വാസത്തിന്റെ കന്നിമാരത്തേക്ക്
പറമ്പിക്കുളത്ത് സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഇടമാണ് കന്നിമാര തേക്ക്. ആറു പേർ പിടിച്ചാൽ പിടിയെത്താത്ത ഈ തേക്കിന് അഞ്ഞൂറ് വർഷത്തോളം പഴക്കമുണ്ട്. നാൽപത് മീറ്ററിലധികം ഉയരമുള്ള ഈ മരം ലോകത്തെ ഏറ്റവും വലിയ തേക്കാണ് എന്നാണ് കരുതപ്പെടുന്നത്. 1994-95 ൽ ഇന്ത്യൻ സർക്കാർ ഇതിനെ മഹാവൃക്ഷ പുരസ്‌കാരം നൽകി ആദരിച്ചു. കന്യക എന്ന അർത്ഥത്തിൽ നിന്നാണ് കന്നിമാര തേക്ക് എന്ന പേര് ഉണ്ടായത്. പറമ്പിക്കുളത്തെ ആദിവാസി സമൂഹം ഏറെ വിശ്വാസത്തോടെ കാണുന്ന മരമാണിത്. ഒരിക്കൽ ഈ വൃക്ഷം മുറിക്കാൻ ശ്രമിച്ചുവെന്നും മുറിവായയിൽ നിന്ന് ചോരയൊഴുകിയപ്പോൾ ആ ശ്രമം ഉപേക്ഷിച്ചുവെന്നുമാണ് കഥ. തേക്കിനെ ഊരുനിവാസികൾ ആരാധിക്കുന്നുണ്ട്. സമീപത്ത് മറ്റു വലിയ നിരവധി തേക്കുകളുണ്ടെങ്കിലും കന്നിമാര തേക്കിന്റെ തലയെടുപ്പ് അവക്കൊന്നുമില്ല. വലിയ തറ കെട്ടിയാണ് വൃക്ഷം സംരക്ഷിച്ചിരിക്കുന്നത്. പറമ്പിക്കുളത്ത് വനം വകുപ്പ് സന്ദർശകർക്കായി ഒരുക്കിയ സഫാരിയിലെ ഒരു പ്രധാന ഇനമാണ് കന്നിമാര സന്ദർശനം. നിരവധി കാട്ടുമൃഗങ്ങളേയും ഇവിടെ കാണാം.

Latest News