കോഴിക്കോട്- സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിന് താൻ മറുപടി പറഞ്ഞുവെന്ന് വരുത്തിതീർത്ത്് സമുദായ ഐക്യം തകർക്കാനുള്ള നീക്കം നടക്കുന്നതായി മുസ്്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജിയുടെ മറുപടി. നിലപാടുകളിൽ കൃത്യതയും വ്യക്തതയുമുള്ള സമുദായ നേതാക്കളിൽ ഒരാളാണ് അബ്ദുസമദ് പൂക്കോട്ടൂർ. ഏത് വിഷയത്തെക്കുറിച്ചും പ്രഭാഷണം നടത്തുന്നതിന് മുമ്പ് നന്നായി ഗൃഹപാഠം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതൻ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുകളുണ്ടെങ്കിൽ അത് നേരിട്ട് പറയാനുള്ള സ്വാതന്ത്ര്യം പരസ്പരം കാത്തു സൂക്ഷിക്കുന്ന നല്ല സൗഹൃദവുമുണ്ട് ഞങ്ങൾ തമ്മിൽ
അല്ലെങ്കിലും വീട്ടുകാരോടും കൂട്ടുകാരോടുമുള്ള യോജിപ്പും വിയോജിപ്പും ആരും അങ്ങാടിയിൽ പോയി പ്രസംഗിക്കാറില്ല. എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അബ്ദുസമദ് പൂക്കോട്ടൂരിന് മറുപടിയാണെന്ന് വരുത്തി തീർക്കാനുള്ള വാർത്തകൾ സമുദായത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് എന്ന് ആർക്കാണ് അറിയാത്തത്.
സമുദായ ഐക്യം തകർക്കുന്ന ഒരു കുറിയിൽ നറുക്കെടുക്കാൻ എന്തായാലും എനിക്ക് താൽപര്യമില്ല എന്ന് വാർത്തക്ക് പിന്നിലുള്ളവരെ അറിയിക്കുന്നുവെന്നും ഷാജി വ്യക്തമാക്കി.