പറവൂര്‍- ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എറണാകുളം പുത്തന്‍വേലിക്കര വട്ടേക്കാട്ടുകുന്ന് മുട്ടിക്കല്‍ അലക്‌സ് റാഫേല്‍ (21) ആണ് അറസ്റ്റിലായത്. ഇന്നു രാവിലെ ഇടുക്കി കരിമണല്‍ സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം എത്തിയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനു പിന്നാലെ അലക്‌സ് കോളജില്‍നിന്ന് വീട്ടിലെത്തിയതായിരുന്നു. ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയും കെഎസ്‌യു യൂണിറ്റ് ഭാരവാഹിയുമാണ്.
എന്‍ജിനിയറിങ് കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ ധീരജ് രാജേന്ദ്രന്‍ കുത്തേറ്റു മരിച്ചത്. കുത്തേറ്റ മറ്റു രണ്ടു പേര്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.






