കൊച്ചി- പതിനാല് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സൺഡേ സ്‌കൂൾ അധ്യാപികയടക്കം നാലു പേരെ കോടതി കഠിന തടവിനും പിഴയ്ക്കും ശിക്ഷിച്ചു. 2015 -. ലാണ് പീഡനം നടന്നത്. പ്രതികളായ കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ വീട്ടിൽ അനീഷക്ക് (28) 32 ഉം പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി വീട്ടിൽ ബേസിൽ എന്ന ഹർഷാദിന് (24) 28 ഉം കിഴക്കമ്പലം ആലിൻചുവട് തടിയൻ വീട്ടിൽ ജിബിന് (24) 48 ഉം തൃക്കാക്കര തേവയ്ക്കൽ മീൻ കൊള്ളിൽ വീട്ടിൽ ജോൺസ് മാത്യുവിന് (24) 12ഉം കൊല്ലം വീതമാണ് ശിക്ഷ.
അനീഷ മറ്റു പ്രതികൾക്ക് കുട്ടിയെ പരിചയപ്പെടുത്തുകയായിരുന്നു. പീഡനദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പിന്നെയും പല തവണ പീഡിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമക്കേസുകൾ വിചാരണ ചെയ്യുന്ന അഡീ.സെഷൻസ് (പോക്‌സോ) കോടതി ജഡ്ജി കെ സോമനാണു പ്രതികളെ ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമ പ്രകാരവും കുറ്റം കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബിന്ദു പി.എ ഹാജരായി. തടിയിട്ട പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ജെ. കുര്യാക്കോസാണ് കുറ്റപത്രം സമർപ്പിച്ചത്.






