പുതുവർഷത്തിന്റെ ആദ്യ വാരം നിക്ഷേപകർക്ക് മധുരം വിളമ്പി സെൻസെക്‌സും നിഫ്റ്റിയും. സെൻസെക്‌സ് 1490 പോയിൻറ്റും നിഫ്റ്റി 459 പോയിൻറ്റും പ്രതിവാര നേട്ടത്തിലാണ്. മൂന്ന് ശതമാനം മികവിൽ സൂചികകൾ തിളങ്ങിയതിനൊപ്പം നാല് മാസത്തിനിടയിലെ ഏറ്റവും ശക്തമായ പ്രതിവാര കുതിപ്പും ഇടപാടുകാർ ദശർശിച്ചു. ബാങ്ക് നിഫ്റ്റി സൂചിക പിന്നിട്ടവാരം ആറ് ശതമാനത്തിൽ അധികം ഉയർന്നു.
ആഗോള തലത്തിൽ ഒമിക്രോൺ ആശങ്ക ഭീതിവിതയ്ക്കുന്നതിനിടയിൽ കസാക്കിസ്ഥാനിലെ പുതിയ സംഭവ വികാസങ്ങൾ ക്രൂഡ് ഓയിൽ വില ഉയർത്തിയത് ഇന്ത്യൻ മാർക്കറ്റിനെ ബാധിക്കും. രൂപയുടെ മൂല്യം വീണ്ടും ഇടയാനുള്ള സാധ്യതകളിലേയ്ക്കാണ് എണ്ണ മാർക്കറ്റിലെ ചലനങ്ങൾ വിരൽ ചുണ്ടുന്നത്. ഒപ്പെക്ക് യോഗത്തെ ഉറ്റ്‌നോക്കുകയാണ് സാമ്പത്തിക രംഗം. എണ്ണ ഉൽപാദനം ഉയർത്തിയാൽ സ്ഥിതിഗതികളിൽ അയവ് പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം രൂപയുടെ മൂല്യം 7677 ലേയ്ക്കും ആഗോള എണ്ണ വില 90 ഡോളറിലേയ്ക്കും ചുവടുവെക്കും.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപനം, ഇതിന് പുറമേ അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭ തിരഞ്ഞടുപ്പും. അതായത് മുന്നിലുള്ള രണ്ട് മൂന്ന് ആഴ്ച്ചകളിൽ ധനകാര്യസ്ഥാപനങ്ങൾ കരുതലോടെ മാത്രമേ പുതിയ ബാധ്യതകൾക്ക് തയ്യാറാവു.
നിഫ്റ്റി സൂചിക പോയവാരം 2.64 ശതമാനം ഉയർന്നു. 17,354 പോയിൻറ്റിൽ നിന്നുള്ള കുതിപ്പിൽ 17,692 ലെ പ്രരിരോധം തകർത്ത് 17,944 വരെ മുന്നേറിയ ശേഷം 17,812 ൽ ക്ലോസ് ചെയ്തു. സമീപകാല ആഴ്ച്ചകളിൽ മുന്നേറിയ ഇന്ത്യൻ വിപണി ഈ വാരം ഒരു കൺസോളിഡേഷന് ശ്രമിക്കാം. അത്തരം ഒരു ശ്രമം വിപണിയുടെ അടിത്തറ ശക്തമാക്കും. നിഫ്റ്റി ഈ വാരം 18,016 ലെ ആദ്യ പ്രതിരോധം തകർത്താൽ 18,220 ലേയ്ക്ക് ഉയരാനുള്ള കരുത്ത് ലഭിക്കും. അതേ സമയം ഉയർന്ന തലത്തിലെ ലാഭമെടുപ്പ് വിൽപ്പന സമ്മർദ്ദമായാൽ 17,535 ൽ താങ്ങുണ്ട്.
വിപണിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ഡെയ്‌ലി ചാർട്ടിൽ പാരാബോളിക്ക് എസ് ഏ ആർ, സൂപ്പർ ട്രെൻറ് എന്നിവ ബുള്ളിഷാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർ എസ് ഐ തുടങ്ങിയവ ഓവർ ബ്രോട്ടായി നീങ്ങുന്നത് തിരുത്തലിന് അവസരം ഒരുക്കാം.
ബോംബെ സെൻസെക്‌സ് മുൻ വാരത്തിലെ 58,253 പോയിൻറ്റിൽ നിന്നും മികവോടെയാണ് ഇടപാടുകൾ തുടങ്ങിയത്. പുതു വർഷത്തിലെ ആദ്യ വാരത്തിലെ വാങ്ങൽ താൽപര്യം സൂചികയെ 60,290 വരെ ഉയർത്തി. വാരാന്ത്യം സെൻസെക്‌സ് 59,744 പോയിൻറ്റിലാണ്. ഈവാരം 60,442 ലെ ആദ്യ പ്രതിരോധം തകർത്താൽ മാസമദ്ധ്യം 61,140 ന് മുകളിൽ വിപണി ഇടം പിടിക്കും, സൂചികയുടെ താങ്ങ് 58,89358,042 പോയിൻറ്റിലാണ്. നിക്ഷപ താൽപര്യത്തിൽ മുൻ നിര ബാങ്കിങ് ഓഹരികളായ എസ് ബി ഐ, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ, ഇൻഡസ് ബാങ്ക്, ക്വാട്ടക്ക് ബാങ്ക് തുടങ്ങിയവയുടെ നിരക്ക് കയറി, ബാങ്കിങ് ഓഹരികളിലെ വാങ്ങൽ താൽപര്യം ബാങ്ക് നിഫ്റ്റിക്ക് ഉണർവ് പകർന്നു. ഒ എൻ ജി സി, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യാ, ഐ ഒ സി, ആർ ഐ എൽ, ടാറ്റാ മോട്ടേഴ്‌സ്, എച്ച് യു എൽ, ബി പി സി എൽ തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു. ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 74.40 ൽ നിന്ന് 74.71 ലേയ്ക്ക് ദുർബലമായ ശേഷം വാരാന്ത്യം 74.46 ലാണ്.യു എസ്‌യൂറോപ്യൻ വിപണികൾ തളർച്ചയിലാണ്. യുറോ സോണിൽ നാണയപ്പെരുപ്പം റെക്കോർഡ് തലത്തിലേയ്ക്ക് ഉയരുന്നതും അമേരിക്കയിലെ തൊഴിലില്ലായ്മയും യു എസ് ഡോളർ ഇൻഡക്‌സിൽ സമ്മർദ്ദമുളവാക്കും.






