ജീവൻകുമാർ കെ.സി
ഹെഡ്, ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസറി വിഭാഗം, ജിയോജിത്
സമ്പദ്‌വ്യവസ്ഥക്ക് മേൽ കോവിഡ്19 മൂലം സംജാതമായിരിക്കുന്ന സാമ്പത്തിക അനിശ്ചിതത്വം മൂലം സുരക്ഷിത നിക്ഷേപ മേഖലകളെക്കുറിച്ച് പൊതുവിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞതും ഓഹരി വിപണിയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വലിയ തോതിലുള്ള ചാഞ്ചാട്ടങ്ങളും പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചേർന്ന സ്വർണ വിലയും റിയൽ എസ്റ്റേറ്റ് മേഖലയിൽ വർഷങ്ങളായി കാണപ്പെടുന്ന സ്തംഭനാവസ്ഥയും എല്ലാം ഒത്തു ചേരുമ്പോൾ അധ്വാനിച്ചുണ്ടാക്കുന്ന പണം എവിടെ നിക്ഷേപിക്കണം എന്ന് സംശയിച്ചു നിൽക്കുകയാണ് പലരും.നിശ്ചിത നിരക്കിൽ വരുമാനം ലഭിക്കുമെന്നതിനാലും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നതിനാലും ഇന്ത്യയിലെ ആകെ നിക്ഷേപങ്ങളുടെ വലിയ ഒരു ഭാഗം കൈയടക്കി വെച്ചിരിക്കുന്നത് ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ്. സ്ഥിരതയാർന്ന റിട്ടേൺ എമർജൻസി ഫണ്ട് എന്ന നിലിയിലുള്ള സ്വീകാര്യത, മുതിർന്ന പൗരൻമാർക്ക് ഉയർന്ന നിലയിലുള്ള പലിശ വാഗ്ദാനം മുതലായ ഘടകങ്ങളെല്ലാം ബാങ്ക് ഡെപ്പോസിറ്റുകളെ നിക്ഷേപകർക്ക് പ്രിയങ്കരമാക്കിത്തീർക്കുന്നു. പണപ്പെരുപ്പം നിയന്ത്രിച്ച് പണലഭ്യതയുടെ തോത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമീപ കാലത്തായി റിസർവ് ബാങ്ക് അതിന്റെ വായ്പാ നയത്തിൽ റിപ്പോ നിരക്ക് തുടർച്ചയായി കുറച്ചു കൊണ്ടുവരുന്നതിന്റെ ഫലമായി വായ്പാ പലിശ നിരക്കിന് ആനുപാതികമായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറഞ്ഞു വരുന്ന ഒരു പ്രവണതയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ആകർഷകമായ റിട്ടേൺ ലഭിക്കുന്നില്ല എന്ന വസ്തുത നിലനിൽക്കുന്നുവെങ്കിലും കൂടുതൽ റിസ്‌ക് എടുത്ത് നഷ്ടത്തിനുള്ള സാധ്യത വിളിച്ചു വരുത്തുവാൻ ആഗ്രഹിക്കാത്തവർക്ക് അനുയോജ്യമായ നിക്ഷേപ മാർഗം തന്നെയാണ് ബാങ്ക് സ്ഥിരനിക്ഷേപം. അഞ്ച് വർഷത്തിന് മുകളിലുള്ള നിക്ഷേപം 80-സി വകുപ്പു പ്രകാരമുള്ള നികുതിയിളവും ലഭ്യമാക്കിത്തരുന്നു. അതേസമയം നിക്ഷേപകനെ സംബന്ധിച്ച് പണപ്പെരുപ്പത്തിന് മുകളിൽ ലഭിക്കുന്ന യഥാർഥ റിട്ടേൺ തുലോം തുഛമാണെന്നതും പലിശയിനത്തിൽ ലഭിക്കുന്ന തുക നികുതിക്ക് വിധേയമാണെന്നതും ഓർമിക്കണം.
ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ ഏതാനും വർഷങ്ങളായി നേട്ടങ്ങളുടെ പാതയിലായിരുന്നു. രാജ്യത്ത് ആദ്യഘട്ട ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ സൂചിക 26,000 പോയന്റിനും താഴെ എത്തിയത് നിക്ഷേപകരെ വലിയ തോതിൽ ഭീതിയിലാഴ്ത്തി. ജൂൺ ആദ്യവാരത്തോടെ സൂചികയിൽ 7000 പോയന്റിന് മുകളിൽ ഒരു തിരിച്ചുവരവ് കാണാൻ സാധിച്ചെങ്കിലും കോവിഡ്19 മഹാമാരി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് മേൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തിന്റെ തോത് അജ്ഞാതമായിരിക്കുന്നിടത്തോളം കാലം വരുംനാളുകളിലും വിപണിയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുക മൊത്തമായി ഓഹരിയിലിറക്കുന്നത് ഈയവസരത്തിൽ അഭികാമ്യമല്ല. ആകെ തുകയുടെ 25 ശതമാനത്തിൽ തുടങ്ങി തുടർന്നുണ്ടായേക്കാവുന്ന വീഴ്ചകളിൽ ഘട്ടം ഘട്ടമായി ബാക്കി വരുന്ന തുക നിക്ഷേപിക്കുക എന്നത് അവലംബിക്കാവുന്ന ഒരു മാർഗമാണ്. ഇനി അഥവാ വിപണി പിടികൊടുക്കാതെ മുകളിലേക്ക് പോകുന്ന ഒരു സാഹചര്യമുണ്ടായാൽ നിക്ഷേപിക്കപ്പെട്ട തുകയ്ക്ക് മേൽ വരുന്ന ലാഭം എടുത്തു മാറാം. ഒറ്റത്തവണയായി നടത്താനുദ്ദേശിക്കുന്ന ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ഈ ഒരു രീതി പിന്തുടരാവുന്നതാണ്. മ്യൂച്വൽ ഫണ്ടുകളിലെ എസ്.ഐ.പി നിക്ഷേപങ്ങൾ ഏതൊരു സാഹചര്യത്തിലും വീഴ്ച വരാതെ മുന്നോട്ടു കൊണ്ടുപോകേണ്ടതാണ്.
സുരക്ഷിതത്വം, ലിക്വിഡിറ്റി, പണപ്പെരുപ്പത്തിനും മുകളിൽ നിൽക്കുന്ന റിട്ടേൺ എന്നിവ പരിഗണിക്കുമ്പോൾ സ്വർണം എല്ലാ കാലത്തും ഒരു പ്രിയപ്പെട്ട നിക്ഷേപ മാർഗമായാണ് അറിയപ്പെടുന്നത്. സ്വർണം നൽകുന്ന ആഡംബരത്വവും നിക്ഷേപകരെ ആകർഷിക്കുന്ന ഒരു ഘടകമാണ്. ഒരു നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ പ്രകടനം പൊതുവെ ഓഹരി വിപണിയുടെ വിപരീത ദിശയിലാണ് കണ്ടുവരാറുള്ളത്. കോവിഡ് ഭീഷണിയെ തുടർന്ന് സമീപകാലത്ത് ഓഹരി വിപണിയിലുണ്ടായ വീഴ്ചയിൽ നേട്ടം കൊയ്തത് സ്വർണമായിരുന്നുവെന്നതും ഓർക്കുക. ഡോളറിനെതിരെ രൂപക്കുണ്ടായ മൂല്യശോഷണവും സ്വർണ വില ഉയരാൻ കാരണമായി. മികച്ച നിക്ഷേപം എന്ന നിലയിൽ കാണാതെ പണപ്പെരുപ്പം, സാമ്പത്തിക അനിശ്ചിതത്വം എന്നിവയെ മറികടക്കാൻ സഹായിക്കുന്ന ഒരു നിക്ഷേപ ഉപാധിയായി സ്വർണത്തെ പരിഗണിക്കുക. റിയൽ എസ്റ്റേറ്റ്, ലോക് ഇൻ പിരീഡ് ഉള്ള ഡെറ്റ് ഫണ്ടുകൾ എന്നിവയെ അപേക്ഷിച്ച് സ്വർണത്തിന് ലിക്വിഡിറ്റി കൂടുതൽ ഉണ്ടെങ്കിലും ആകെ നടത്തുന്ന നിക്ഷേപത്തിന് ആവശ്യമായ ആസ്തി വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി 10 ശതമാനം മുതൽ 15 ശതമാനം വരെ സ്വർണ നിക്ഷേപമാവാം. അതും ആഭരണത്തിന്റെയും മറ്റും രൂപത്തിലാവണമെന്നില്ല. ഗോൾഡ് ഇ.ടി.എഫ്, ഗോൾഡ് സോവറിൻ ബോണ്ട് എന്നിങ്ങനെ ഇലക്ട്രോണിക് രൂപത്തിൽ നിക്ഷേപിക്കുന്നതായിരിക്കും നല്ലത്.
നിക്ഷേപകന്റെ റിസ്‌ക് ലെവൽ, നിക്ഷേപത്തിന് പിറകിലെ ലക്ഷ്യം, എത്ര കാലത്തേക്ക് നിക്ഷേപിക്കുന്നു എന്നീ ഘടകങ്ങളെല്ലാം വിലയിരുത്തിയ ശേഷം മാത്രം അനുയോജ്യമായ മാർഗം ഏതെന്ന് തീരുമാനിക്കുക.