Sorry, you need to enable JavaScript to visit this website.

ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയുടെ വിധി 14 ന്

കോട്ടയം- ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജനുവരി 14 ന് കോടതി വിധി പറയും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഏറെ വിവാദമായ കേസിന്റെ വിധി പറയുന്നത്. കഴിഞ്ഞയാഴ്ചയോടെ കേസില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് 14-ാം തീയതി വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറുവിലങ്ങാട് മഠത്തില്‍വെച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ടായിരുന്നു. 2018 ജൂണ്‍ 27-നാണ് ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗം, പ്രകൃതവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബിഷപ്പിനെതിരേ കേസെടുത്തത്.

കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിനെതിരേ വലിയരീതിയിലുള്ള പ്രതിഷേധമാണുയര്‍ന്നത്. സിസ്റ്റര്‍ അനുപമ അടക്കമുള്ള കന്യാസ്ത്രീകള്‍ പ്രത്യക്ഷസമരവുമായി രംഗത്തെത്തുകയും ചെയ്തു. പിന്നീട് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. 21 ദിവസത്തോളം അദ്ദേഹം പാലാ സബ് ജയിലില്‍ തടവില്‍ കഴിയുകയും ചെയ്തു. ഇതിനുശേഷമാണ് കേസില്‍ ജാമ്യം ലഭിച്ചത്.

കേസില്‍ ആകെ 83 സാക്ഷികളാണുള്ളത്. ഇതില്‍ 39 പേരെ വിചാരണയ്ക്കിടെ വിസ്തരിച്ചു. സാക്ഷികളില്‍ 25 കന്യാസ്ത്രീകളും 11 വൈദികരും മൂന്ന് ബിഷപ്പുമാരും ഉള്‍പ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊബൈല്‍ഫോണും ലാപ്ടോപ്പും അടക്കം കോടതിയില്‍ നിര്‍ണായക തെളിവുകളായി ഹാജരാക്കുകയും ചെയ്തു.

 

Latest News