ന്യൂദല്‍ഹി- ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഈയിടെ സംഘടിപ്പിച്ച ധര്‍മസന്‍സദില്‍ നടത്തിയ വിദ്വേഷ പ്രസംഗം സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു. ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ ആയുധമെടുക്കണമെന്ന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ നടപടി സ്വകീരിക്കണമെന്നാണ് സുപ്രീം കോടതി മുമ്പാകെയുള്ള പൊതുതാല്‍പര്യ ഹരജിയിലെ ആവശ്യം.
വിവാദ സ്വയംപ്രഖ്യാപിത സ്വാമി യതി നരസിംഗാനന്ദാണ് ഹരിദ്വാറില്‍ മതസമ്മേളനം സംഘടിപ്പിച്ചിരുന്നത്. ഉത്തര്‍പ്രദേശ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിരവധി കേസുകള്‍ നേരിടുന്ന നരസിംഗാനന്ദ് ധര്‍മസന്‍സദുമായി ബന്ധപ്പെട്ട എഫ്.ഐ.ആറില്‍ ഒന്നാം പ്രതിയാണ്.
ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്ന കേസില്‍ പൊതുതാല്‍പര്യ ഹരജിക്കാരനുവേണ്ടി മുതിര്‍ന്ന കപില്‍ സിബലാണ് ഹാജരാകുന്നത്. സത്യമേവജയതേ എന്ന മുദ്രാവാക്യം ശസ്ത്രമേവ ജയതേ എന്നായി മാറിയിരിക്കയാണെന്ന് കപില്‍ സിബല്‍ പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന ഹരിദ്വാര്‍ സമ്മേളനവുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അ്്‌ന്വേഷണം നടത്തുന്നത്.






