Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍  സ്ഥിരീകരിച്ചു; കേരളത്തില്‍  ആശങ്ക

കൊല്ലം- ട്രെയിനില്‍ തമിഴ്‌നാട്ടില്‍ നിന്നു കൊല്ലത്തെത്തിയ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഗുരുവായൂര്‍ചെന്നൈ എഗ്മൂര്‍, തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലെത്തിയ ഓരോ യാത്രക്കാര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തീവണ്ടിയില്‍ നിന്ന് രോഗം പകര്‍ന്നതാണോയെന്ന് വ്യക്തതയില്ല. തീവണ്ടിയിലെ മറ്റു യാത്രികര്‍ക്ക് രോഗം പകരാനുള്ള സാധ്യതയും സജീവമാണ്. അതുകൊണ്ടുതന്നെ സമൂഹവ്യാപന സാധ്യത ആരോഗ്യവകുപ്പും തള്ളുന്നില്ല.
വിദേശത്തുനിന്നെത്തിയവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലുള്ള അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്. രോഗവ്യാപനം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഒമിക്രോണ്‍ സംശയിക്കുന്നവരുടെ രണ്ട് സ്രവസാംപിള്‍ വീതം പരിശോധനയ്ക്കായി ശേഖരിക്കും. ആദ്യ സാംപിള്‍ പരിശോധിച്ച് പോസിറ്റീവ് ആയാല്‍ രണ്ടാം സാംപിള്‍ ജനിതകശ്രേണീകരണ പരിശോധനയ്ക്ക് അയക്കും. ഒമിക്രോണ്‍ ആണോയെന്ന് ഉറപ്പിക്കുകയാണ് ഇതിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.  കോവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധിച്ച ഒരു വ്യക്തിയ്ക്കുണ്ടാവുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ ഒമിക്രോണ്‍ വകഭേദത്തിന് മറികടക്കാന്‍ കഴിയും. അതു കൊണ്ടു തന്നെ ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത കൂടുന്നതെന്നും ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് കാര്യ റീജണല്‍ ഡയറക്ടര്‍ ഹാന്‍സ് ഹെന്റി പി. ക്ലൂഗെ പറഞ്ഞു. മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണെന്നും അതിനാല്‍ കോവിഡ് വന്നവരടക്കമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

Latest News