Sorry, you need to enable JavaScript to visit this website.

വിസ്മയ കേസ് വിചാരണ ഇന്ന് തുടങ്ങും;  ആത്മഹത്യയെന്ന് കുറ്റപത്രം

കൊല്ലം- സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പോക്‌സോ കോടതിയിലാണ് വിചാരണ. മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരെയാണ് ഇന്ന് വിസ്തരിക്കുക. ഉത്ര വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മോഹന്‍ രാജ് തന്നെയാണ് വിസ്മയ കേസിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഇപ്പോഴും ജയിലിലാണ്.
വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റുപത്രം നല്‍കിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു.500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകള്‍ നന്നായി തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡിവൈഎസ്പി രാജ് കുമാര്‍ അവകാശപ്പെട്ടു. മാധ്യമങ്ങളുടെ പിന്തുണ പ്രശംസനീയമായിരുന്നുവെന്നും പോലീസ് പറഞ്ഞിരുന്നു.
 

Latest News